ജിദ്ദ- എൺപത്തിയെട്ടാമത് ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിമാനത്താവളങ്ങളിലെ ടെർമിനലുകളിൽ നാടൻ കലാരൂപങ്ങൾ അരങ്ങേറി. ടെർമിനലുകൾ ഹരിതപതാകകളും ഹരിതവർണത്താലും അനുമോദന സന്ദേശങ്ങളാലും അലങ്കരിച്ചിരുന്നു.
സൗദി പതാകകൾ മുദ്രണം ചെയ്ത ആയിരക്കണക്കിന് ഷാളുകളും ബ്രോഷറുകളും യാത്രക്കാർക്ക് വിതരണം ചെയ്തു. ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ടെർമിലുകളിൽ ദേശീയഗാനങ്ങളും മുഴക്കി.
യാത്രക്കാർക്ക് പൂച്ചെണ്ടുകളും മിഠായികളും സൗദി പതാകകളും വിതരണം ചെയ്തു. ടെർമിനലുകളിൽ രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഫോട്ടോകളും ഉയർത്തിയിട്ടുണ്ട്.
പുതിയ ജിദ്ദ എയർപോർട്ടിലെയും ദമാം കിംഗ് ഫഹദ് എയർപോർട്ടിലെയും എയർ ട്രാഫിക് കൺട്രോൾ ടവറുകൾ ഹരിതവർണത്താൽ അലങ്കരിച്ചിട്ടുമുണ്ട്. വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും അരങ്ങേറിയ ദേശീയദിനാഘോഷ പരിപാടികളിലെ വലിയ ജനപങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും സ്വദേശികളും വിദേശികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചത് ആഘോഷ പരിപാടികളിലെ ജനപങ്കാളിത്തം ഉയർത്തുന്നതിന് സഹായകമായി.