മലപ്പുറം- സുന്നീ ഐക്യ ചര്‍ച്ചകള്‍ക്ക് വിഘാതമാകുന്ന പരാമര്‍ശങ്ങളുമായി സമസ്ത നേതാവ് രംഗത്ത്. ഐക്യ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംയുക്ത സമിതിയിലെ ഇ.കെ വിഭാഗം സമസ്തയുടെ പ്രതിനിധികളില്‍ ഒരാളും കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ ശക്തമായ നിലപാടറിയിച്ചത്. നേരത്തെ വലിയ കോളിളക്കമുണ്ടാക്കിയ കോഴിക്കോട് മര്‍ക്കസിലെ പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന തിരുകേശത്തിന്റെ കൈമാറ്റ ശൃംഖ വ്യക്തമാക്കണെന്നാണ് നദ്‌വി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാചകന്റെ തിരുശേഷിപ്പുകളെ കുറിച്ച് പഠനം നടത്തുന്ന നെതല്‍ലാന്‍ഡുകാരന്‍ റോബര്‍ട്ട് വാന്‍ ലാന്‍സ്‌കോട്ട് കാന്തപുരത്തിന്റെ കൈവശമുള്ള തിരുകേശത്തെകുറിച്ചു പഠിക്കുന്നതിന്റെ ഭാഗമായി നദ്‌വിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥാപനമായ ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ എത്തിയതാണ് ഈ വിഷയം വീണ്ടും ഉന്നയിക്കപ്പെടാന്‍ കാരണമായത്. ഫേസ്ബുക്കില്‍ എഴുതിയ നീണ്ട കുറിപ്പില്‍ കാന്തപുരത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് നദ്‌വി വിമര്‍ശനമുന്നയിച്ചത്. കാന്തപുരത്തിന്റെ കയ്യിലുള്ള തിരുകേശത്തിന്റെ കൈമാറ്റ ശൃംഖ ഏതാണെന്ന ഒറ്റ ചോദ്യത്തിന് മാത്രമെ മറുപടി ആവശ്യമുള്ളൂവെന്നും നദ്‌വി ആവര്‍ത്തിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
കേരളീയ പൊതുസമൂഹത്തിനിടയില്‍ ഏറെ വിവാദങ്ങള്‍ക്കും ചുടേറിയ സംവാദങ്ങള്‍ക്കും ഇടവരുത്തിയ വിഷയമായിരുന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച ശഅ്‌റേ മുബാറക് എന്ന വ്യാജ കേശം.
2011 ല്‍ മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാലയില്‍ നിന്നും പിന്നീട് യു.എ.ഇ പൗരനായ അഹ് മദ് ഖസ്‌റജിയില്‍ നിന്നും കൈപറ്റിയ മുടി, തിരുകേശമെന്ന പേരില്‍ നാടുനീളെ പ്രചരിപ്പിച്ചതും അത് സൂക്ഷിക്കാന്‍ നാല്‍പത് കോടി രൂപയുടെ പള്ളി പ്രഖ്യാപിച്ച് അത് നിര്‍മ്മിക്കാന്‍ പണം സ്വരൂപിച്ചതുമൊക്കെ എറെ എതിര്‍പ്പുകള്‍ക്കും കോളിളക്കങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി.
ഈ കേശത്തിന്റെ ആധികാരികത പഠിക്കാനും അത് വ്യാജമാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും നെതര്‍ലാന്റ്‌സിലെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ റോബര്‍ട്ട് വാന്‍ ലാന്‍സ്‌കോട്ട് ഇന്ന് രാവിലെ എന്നെ സമീപിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചും ഇസ് ലാമിനെക്കുറിച്ചും കൂടുതല്‍ പഠിക്കുവാന്‍ താത്പര്യമുള്ള ഇയാള്‍ നബിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു എന്നതിനെ കുറിച്ചുള്ള ഗഹനമായ പഠനം നടത്തി ഗ്രന്ഥം രചിക്കാനുള്ള ഒരുക്കത്തിലാണ്.
ചെച്‌നിയ, തുര്‍ക്കിയിലെ ഇസ്തംബൂള്‍, കോനിയ, ഇസ്രായേലിലെ ജറൂസലേം എന്നിവിടങ്ങളില്‍ ഇവ്വിഷയകമായ പഠന-ഗവേഷണങ്ങളുടെ ഭാഗമായി യാത്ര ചെയ്തിട്ടുമുണ്ട്. ഇസ്തംബൂളിലെ തോപ്കാപ്പി മ്യൂസിയത്തിലുള്ള പ്രവാചകന്റെ കേശവും വസ്ത്രങ്ങളും മോതിരവും നബി ഉപയോഗിച്ചിരുന്ന ലെതര്‍ ഉല്‍പ്പന്നങ്ങളും തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും വിവിധ രാജ്യങ്ങളിലെ പ്രവാചക തിരുശേഷിപ്പുകള്‍ തേടിയുള്ള അന്വേഷണ യാത്രയുടെ ഭാഗമായാണ് കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പക്കലുള്ള മുടിയെ കുറിച്ചും അതിനെ ചുറ്റിപ്പറ്റി കേരളത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും റോബര്‍ട്ടിന് നന്നായി അറിയാം. വ്യാജകേശത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞ ഇദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെയും, സമസ്തയില്‍ നിന്ന് കാന്തപുരം വിഘടിക്കാനുള്ള കാരണങ്ങളെയും കുറിച്ച് അന്വേഷിച്ചു. മുംബൈയിലെ കേശദാതാവായ ജാലിയാവാലയെക്കുറിച്ചും യു.എ.ഇയിലെ അഹ് മദ് ഖസ്‌റജിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടി. ഖസ്‌റജിയെ അന്വേഷിച്ച് താന്‍ യു.എ.ഇയില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഖസ്‌റജിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും റോബര്‍ട്ടിനു വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യാജകേശ വിഷയമായി അഹ്മദ് ഖസ്‌റജിയുടെ സഹോദരന്‍ ഹസന്‍ ഖസ്‌റജി എനിക്ക് അയച്ച കത്തിന്റെ പകര്‍പ്പും റോബര്‍ട്ടിനു കൈമാറുകയുണ്ടായി.
വ്യാജനിവേദക ശൃംഖല വായിച്ച് കേശം എഴുന്നള്ളിച്ചപ്പോള്‍ തന്നെ നാല്‍പത് കോടിയുടെ മുടിപ്പള്ളി നിര്‍മാണ പ്രഖ്യാപനം നടത്തിയതും അതിനു പിന്നീട് സ്റ്റേജില്‍ ഇഷ്ടികകള്‍ പാകി ശിലാസ്ഥാപനം നിര്‍വഹിച്ചതും എന്നാല്‍ ഇന്നുവരെയും മുടിപ്പള്ളി അജഞാതമായി കിടക്കുന്നതുമൊക്കെ റോബര്‍ട്ട് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. മുടിയുടെ കൈമാറ്റ ശൃംഖല ഏതാണ് എന്ന ഒറ്റ ചോദ്യം മാത്രമേ കാന്തപുരത്തോട് ചോദിച്ചിട്ടുള്ളുവെന്നും, ഇന്നും അതേ ചോദ്യമേ ഉന്നയിക്കാനുള്ളുവെന്നും റോബര്‍ട്ടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.