മുവാറ്റുപുഴ- മുവാറ്റുപുഴ മാറാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അപകടത്തിനു പിന്നാലെ ആളിപ്പടര്‍ന്ന തീയില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെ എല്ലാം തീ ആളിപ്പടരുന്നതിനു മുമ്പായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചതിനാല്‍ വലിയ ദുരന്തം വഴിമാറി. മുവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ബൈക്ക് വന്നിടിക്കുകയായിരുന്നു. ബസിനടിയയിലേക്ക് ഇടിച്ചുകയറിയ ബൈക്കിലെ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഡീസല്‍ ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതപ്പെടുന്നു. സീറ്റുകളിലേക്ക് തീപടര്‍ന്നതോടെ ആളിക്കത്തി. അഗ്നിശമന സേനയെത്തി വേഗത്തില്‍ തീ അണച്ചു.