അതെ, കേരളം മാറുകയാണ്. കേരളചരിത്രവും. കേരളചരിത്രം ഇനിമുതൽ ഹിസ്റ്ററി (ഒശേെീൃ്യ) എന്നല്ല അറിയപ്പെടുക. ഹേര്‍സ്റ്റോറി (ഒലൃ േെീൃ്യ) എന്നായിരിക്കും. ആ ദിശയിലുള്ള വൻമാറ്റമാണ് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകൡ കാണുന്നത്. നിർഭാഗ്യവശാൽ ഈ മാറ്റത്തോട് മുഖം തിരിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.
ആരാരുമറിയാതെ അരമനകളിൽ എരിഞ്ഞുതീർന്നിരുന്ന കന്യാസ്ത്രീകൾ ഇനിയുമതിനു തയ്യാറല്ല എന്നു പ്രഖ്യാപിച്ച് പുറത്തുവന്നതും ഐതിഹാസികമായ പോരാട്ടത്തിലൂടെ ആദ്യഘട്ടവിജയം നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ അഭിപ്രായം പറയുന്നതെങ്കിലും ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. സമീപകാല കേരളത്തിന്റെ സമരചരിത്രം ഏറെക്കുറെ സ്ത്രീപോരാട്ടങ്ങളുടെ ചരിത്രമാണെന്നതുകൊണ്ടാണ്. അതിന്റെ തുടർച്ചയാണ് കന്യാസ്ത്രീകളുടെ പോരാട്ടവും. സഭക്കുള്ളിൽ നടന്ന ഒരു കുറ്റകൃത്യത്തെ കുറിച്ച് വത്തിക്കാൻ വരെ പരാതി അയച്ചിട്ടും ഗുണമില്ലാതെ പോലീസിൽ പരാതി നൽകിയ കന്യാസ്ത്രീയുടെ നീതിക്കായി ആദ്യം രംഗത്തിറങ്ങിയത് അച്ചന്മാരല്ല, കന്യാസ്ത്രീകൾ തന്നെയായിരുന്നു എന്നത് ചെറിയ ഒരു കാര്യമല്ല. മത്സ്യത്തൊഴിലാളികളുടെ സമരകാലത്തായിരുന്നു സിസ്റ്റർ ആലിസീന്റെ നേതൃത്വത്തിൽ ഇതിനു മുമ്പ് കന്യാസ്ത്രീകൾ രംഗത്തിറങ്ങിയിട്ടുള്ളത്.
ട്രോളിംഗ് നിരോധനമടക്കമുള്ള നടപടികൾ നടപ്പായത് അങ്ങനെയായിരുന്നു. വിമോചനസമരത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളിലും മതമില്ലാത്ത ജീവൻ പാഠത്തിനെതിരേയും മറ്റും സഭക്കുവേണ്ടി പല കന്യാസ്ത്രീകൾക്കും തെരുവിലേക്കിറങ്ങേണ്ടി വന്നിട്ടുണ്ട്. അഭയയെപോലുള്ള പല കന്യാസ്ത്രീകളും സംശയകരമായ സാഹചര്യങ്ങളിൽ ഇല്ലാതായിട്ടും നീതി നടപ്പായില്ല. സിസ്റ്റർ ജസ്മിയെ പോലുള്ള ചിലർ ഒറ്റയാൾ പോരാട്ടം നടത്തി പുറത്തുവന്നു. എന്നാലിവിടെയിതാ ചരിത്രം മാറികൊടുത്തിരിക്കുന്നു. ലോകത്തുതന്നെ ഏറ്റവുമധികം പുരുഷാധിപത്യവും പൗരോഹിത്യവും നിലിൽക്കുന്ന ഒരു വൻസ്ഥാപനത്തിനെതിരെയാണ് വിരലിലെണ്ണാവുന്ന ഏതാനും കന്യാസ്ത്രീകൾ രംഗത്തെത്തിയത്. ഏതൊരു ജനകീയസമരത്തിലും പിന്തുണയുമായെത്തുന്ന ഒരു വിഭാഗം ഈ പോരാട്ടത്തോടും സഹകരിച്ചു. അങ്ങനെയാണ് കന്യാസ്ത്രീകളുടെ പോരാട്ടം ഐതിഹാസികമായ ഒന്നായി മാറിയത്. പതിവുപോലെ മുഖ്യധാരാപ്രസ്ഥാനങ്ങളെല്ലാം നീതിക്കായുള്ള ഈ പോരാട്ടത്തെ അവഗണിക്കുകയായിരുന്നു. സർക്കാരാകട്ടെ തങ്ങൾക്കാവുന്ന വിധം പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചശേഷമാണ് മുട്ടുകുത്തിയത്.
സംസ്ഥാനത്ത് അടുത്തുനടന്ന മിക്കവാറും സമരങ്ങളുടെയെല്ലാം നെടുനായകത്വവും ചാലകശക്തിയും സ്ത്രീകളാണെന്നു കാണാം. മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ ചരിത്രം രചിച്ച പോരാട്ടം നടന്നിട്ട് അധികകാലമായില്ലല്ലോ. സമ്പത്തോ വിദ്യാഭ്യാസമോ വിഭവങ്ങളോ ഇല്ലാത്ത ദരിദ്രരിൽ ദരിദ്രരായ തോട്ടം തൊഴിലാളികളുടെ സമരം നയിച്ചതും ഗോമതിയേയും ലിസിയേയുംപോലുള്ള പെൺപോരാളികളായിരുന്നു. സമരത്തിൽ പങ്കെടുത്തവരിൽ 90 ശതമാനവും സ്ത്രീകൾതന്നെ. ആ പോരാട്ടത്തോടും സർക്കാരും മുഖ്യധാരാപ്രസ്ഥാനങ്ങളും സ്വീകരിച്ച സമീപനം മറക്കാറായിട്ടില്ലല്ലോ. തോട്ടം തൊഴിലാളികളെ പോലെതന്നെ ജീവിക്കാനായി പടവെട്ടുന്ന ഷോപ്പ് ജീവനക്കാരികൾ ഇരിക്കാനായി നടത്തിയ പോരാട്ടവും കേരളത്തിലെ സമീപകാലചരിത്രത്തിൽ വേറിട്ട അധ്യായമാണ്. വൻകിട വാണിജ്യസ്ഥാപനങ്ങൾക്കെതിരെയായിരുന്നു ആ സമരമെന്നതിനാൽ മിക്കവാറും മാധ്യമങ്ങൾ പോലും അതവഗണിക്കുകയായിരുന്നു. പ്രധാന യൂണിയനുകളുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല. എന്നിട്ടും ഇരിക്കാനുള്ള അവകാശം അംഗീകരിച്ച് സർക്കാരിന് നിയമം പാസാക്കേണ്ടിവന്നു. എന്നാലത് നടപ്പാക്കാനായി ഇനിയും പോരാട്ടത്തിനിറങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. അതിനുമുമ്പ് കേരളത്തെയാകെ ഇളക്കിമറിച്ച നഴ്‌സുമാരുടെ ഉശിരൻ പോരാട്ടത്തിനും കേരളം സാക്ഷിയായി.
മാലാഖമാരെന്നു വിശേഷിപ്പിച്ച് മാന്യമായ വേതനവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ തൊഴിലാളികൾ രംഗത്തുവന്നപ്പോഴും നമ്മുടെ വിപ്ലവകാരികളായ യൂണിയനുകൾ മാളത്തിലായിരുന്നു. ഒരു പരിധിവരെ വിജയിച്ച പോരാട്ടങ്ങളുമായി നഴ്‌സുമാർ മുന്നോട്ടുതന്നെയാണ്.
ഈ പോരാട്ടങ്ങളെല്ലാം നടന്നത് സാമ്പത്തികമായും സാമൂഹ്യമായും സമൂഹത്തിന്റെ കീഴ്ത്തട്ടിൽ നിന്നാണെങ്കിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഗ്ലാമർ മേഖലയായ സിനിമാരംഗത്തുണ്ടായ മുന്നേറ്റങ്ങളും സമാനതകൾ ഇല്ലാത്തതായിരുന്നു. ഇന്ത്യയില മിക്ക സംസ്ഥാനങ്ങളിലും സിനിമാ രംഗത്തുള്ളവർ സാമൂഹ്യവിഷയങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം സജീവമായി ഇടെപടുമ്പോൾ അതിൽനിന്ന് വ്യത്യസ്തമാണ് കേരളം. പൊതുവിഷയങ്ങളിൽ കാര്യമായി ആരും പ്രതികരിക്കാറില്ല. പ്രതികരിച്ചാൽ തന്നെ മിക്കവാറും അവ മണ്ടത്തരങ്ങളായിരിക്കും. എന്നാൽ ആ ചരിത്രമാണ് തിരശ്ശീലയിലെ ഗ്ലാമർ പെൺതാരങ്ങൾ തിരുത്തിയത്.
സഭയിലെ പുരുഷാധിപത്യത്തിനെതിരെ ഇപ്പോൾ കന്യാസ്ത്രീകൾ നടത്തിയ പോരാട്ടത്തിനു സമാനമായിരുന്നു സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ നമ്മുടെ യുവനടിമാർ പോരാടിയത്. ഇപ്പോഴുമാ പോരാട്ടം തുടരുകയാണ്. നടിക്കു നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നാണവരുടെ പ്രഖ്യാപനം. കന്യാസ്ത്രീ സമരത്തെ പോലെ സിനിമയിലെ പുരുഷനടന്മാരിൽ ചെറിയൊരു വിഭാഗമേ അവർക്കൊപ്പമുള്ളു എന്നതും ശ്രദ്ധേയമാണ്.
അടുത്തകാലത്തായി കേരളം സാക്ഷ്യംവഹിക്കുന്ന, അടിത്തട്ടിൽ നിന്നുള്ള മറ്റു പോരാട്ടങ്ങളിലും സ്ത്രീകൾ തന്നെയാണ് മുന്നണി പോരാളികൾ. സി. കെ. ജാനു നയിച്ച ഐതിഹാസിക പോരാട്ടങ്ങൾക്കുശേഷം ആദിവാസി സമരമേഖലകളും സലീനാ പ്രാക്കാനം മുഖ്യപങ്കുവഹിച്ച ചെങ്ങറ സമരത്തിനുശേഷം ദളിത് സമരമേഖലകളും നയിക്കുന്നത് സ്ത്രീകൾ തന്നെയാണ്. ഡി എച്ച് ആർ എം പോലുള്ള പോരാടുന്ന ദളിത് സംഘടനയെ നയിക്കുന്നത് സലീന പ്രാക്കാനമാണ്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി ഹാദിയയും മുഖ്യധാരാപ്രസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ഊരുവിലക്കിനെതിരെ ചിത്രലേഖയും സർഫാസി എന്ന സാമ്പത്തിക കരിനിയമത്തിനെതിരെ പ്രീതാഷാജിയും പരിസ്ഥിതി സംരക്ഷണത്തിനായി ജസീറ നടത്തിയ പോരാട്ടങ്ങളും സമീപകാല ചരിത്രമാണ്. കേരളത്തിലിന്നു സജീവമായ പരിസ്ഥിതി സംരക്ഷണസമരങ്ങൡലും ക്വാറികൾക്കെതിരായ പോരാട്ടങ്ങളിലും വികസനത്തിന്റെ പേരിൽ നടപ്പാക്കുന്ന അന്യായമായ കുടിയൊഴിപ്പിക്കലുകൾക്കെതിരായ സമരങ്ങളിലും മുഖ്യം സ്ത്രീശക്തി തന്നെ. മത്സ്യമേഖലയിലെ അവസ്ഥയും വ്യത്യസ്തമല്ല. ഇവയിലെല്ലാമുള്ള ട്രാൻസ് ജെന്റർ സാന്നിധ്യവും ശ്രദ്ധേയമാണ്. സദാചാരപോലീസിങ്ങിനെതിരെ നടന്ന ചുംബനസമരത്തിലെ വനിതാസാന്നിധ്യം സദാചാരവാദങ്ങളെ ഞെട്ടിച്ചിട്ട് അധികകാലമായില്ല. അംഗീകൃത വിദ്യാർത്ഥി സംഘടനകൾക്കപ്പുറം അടുത്തു നടന്ന പല വിദ്യാർത്ഥി സംഘടനകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇവയെല്ലാം നൽകുന്ന സൂചന മറ്റൊന്നല്ല, വരുംകാല കേരള ചരിത്രം രചിക്കുന്നത് സ്ത്രീകളാണ് എന്നു തന്നെയാണ്. അതാകട്ടെ ഹിസ്റ്ററിയാകില്ല, ഹേർ സ്‌റ്റോറിയായിരിക്കും.
തുടക്കത്തിൽ സൂചിപ്പിച്ച, മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇക്കാര്യത്തിലെ നിലപാടും പരിശോധനാവിഷയമാക്കേണ്ടതാണ്. മേൽ സൂചിപ്പിച്ച ഈ പോരാട്ടങ്ങളിൽ മിക്കവയോടും നമ്മുടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. അതിപ്പോഴും തുടരുന്നു. അതിനേക്കാൾ ഗൗരവപരമായ പ്രശ്‌നം ഈ പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥയാണ്. അതേറെക്കുറെ സഭയിലേയും സിനിമാമേഖലയിലേയും മറ്റും അവസ്ഥക്ക് സമാനമാണ്. പ്രസ്തുതമേഖലകളിലെ സംഭവങ്ങൾക്കു സമാനമാണല്ലോ അടുത്തയിടെ എം എൽ എക്ക് നേരെയുണ്ടായ ലൈംഗികാരോപണം. എന്നാൽ നടിമാരും കന്യാസ്ത്രീകളും കാണിച്ച ആർജവം പോലും പാർട്ടി വനിതകൾ കാണിക്കാത്തത് അത്ഭുതകരമല്ല. നമ്മുടെ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യത്തിന്റെ രൂക്ഷതയാണ് വെളിവാക്കുന്നത്.
മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമാ സ്വരാജിനേയോ വൃന്ദാ കാരാട്ടിനേയോ പോലെയുള്ളവർ പോകട്ടെ, രണ്ടാംനിര നേതൃത്വമായി പോലും സ്ത്രീകൾ ഉയർന്നു വരുന്നതിനെ ഇവരാരെങ്കിലും അംഗീകരിക്കുമോ? കോൺഗ്രസിലെ അവസാനത്തെ നേതൃത്വപ്രഖ്യാപനം തന്നെ ഉദാഹരണം. ഗൗരിയമ്മക്കുശേഷം ആ നിരയിലൊരു നേതാവ് ഇടതുപക്ഷത്തുമില്ല.
വനിതാസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാർട്ടിക്കുള്ളിൽ അതു നടപ്പാക്കാൻ ഇവരാരെങ്കിലും തയ്യാറുണ്ടോ? ഇവരുടെ യുവജന, വിദ്യാർത്ഥി സംഘടനകളുടേയും അവസ്ഥ വ്യത്യസ്തമല്ല. പേരിന് എല്ലാവർക്കും മഹിളാസംഘടനകളുണ്ട്. അവയുടെ പ്രധാന കടമ പാർട്ടി പരിപാടികളിൽ അലങ്കാരമായിരിക്കുക എന്നതാണ്. വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ പുതിയ സമര കേരള ചരിത്രമെഴുതുമ്പോൾ അതിൽ പങ്കാളികളല്ലാതിരിക്കുകയും കഴിയുമെങ്കിൽ അതിനെ തുരങ്കം വെക്കുകയും ചെയ്യുന്ന സമീപനമാണ് നമ്മുടെ മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്നത്.