Sorry, you need to enable JavaScript to visit this website.

ഇങ്ങനെയും ഒരു ഗുരുദക്ഷിണ

ശനിയാഴ്ച ടെലിവിഷനിൽ എന്റെ ശബ്ദം കേട്ടപ്പോൾ കഷ്ടം തോന്നി, അരിശം തോന്നി.  വാക്കുകൾ എന്റെ വായിൽ കുരുങ്ങുകയായിരുന്നു, പരുങ്ങുകയും ഞരങ്ങുകയുമായിരുന്നു.  എന്നോട് വലിയ വിരോധമൊന്നുമില്ലാത്ത എനിക്കു പോലും അസഹ്യമായി ആ അഭ്യാസം.
മണ്ടത്തരം പറ്റുമ്പോൾ പതിവായി ചെയ്യുന്നതുപോലെ ഞാൻ കുറ്റം ചുമത്താൻ ഒരു കാരണവും ഒരു കാര്യവും പരതി നോക്കി.  എളുപ്പത്തിൽ പിടി കിട്ടിയത് ഭാര്യയെ ആയിരുന്നു. ഞാൻ മുരണ്ടു: 'എന്റെ ശബ്ദത്തിന്റെ സ്ഥിതി ഇതാണെന്ന് എന്നോടു പറയാൻ ആരും ഉണ്ടായില്ലല്ലോ.' മറുപടി ഒരു നിമിഷം വൈകി. വന്നപ്പോൾ അതിങ്ങനെ ആയിരുന്നു: 'ഒന്നും സംസാരിക്കാതിരിക്കുന്ന പ്രകൃതം മാറ്റണമെന്ന് ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു. പിന്നെ തൊണ്ട തുറന്ന് സംസാരിക്കണമെന്നും.'
അതു കേട്ടപ്പോഴൊക്കെ ഞാൻ ജയിച്ചവന്റെ ശീലിൽ തട്ടിവിട്ടിരുന്നു: 'സംസാരിക്കാതിരിക്കുന്നതാണ്, മൗനമാണ്, നമ്മുടെ സംസ്‌കാരം. മൗനം ഭജിച്ചാലേ മുനിയാകൂ.  പിന്നെ, ശ്രീ അരബിന്ദൊ തന്റെ അവസാനത്തെ പതിനഞ്ചുകൊല്ലം ഒരക്ഷരം മിണ്ടിയിരുന്നില്ല.' അദ്ദേഹത്തിന്റെ മനോഗതം പുറത്തൊരാൾക്ക് എപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞെങ്കിൽ, അത് മദർ നൽകിയ ഭാഷ്യത്തിലൂടെ മാത്രം. മുനിമാരും അരബിന്ദൊയും മറ്റും ടെലിവിഷനിൽ പ്രസംഗിക്കാൻ പോയിരുന്നില്ല.. അതായിരുന്നു പതിഞ്ഞ സ്വരത്തിലുള്ള മറുപടി. 
വഴി തെറ്റി പാഞ്ഞ ചിന്തയിൽനിന്ന് ഞാൻ എന്റെ അടഞ്ഞ ഒച്ചയിലേക്ക് തിരിച്ചുവന്നു.  കുറ്റപ്പെടുത്തലും ഒഴിഞ്ഞുമാറലും തൽക്കാലം നിന്നപ്പോൾ ഭാര്യ ഉപദേശിച്ചു: 'ഇനിയെങ്കിലും തൊണ്ട തുറന്ന് സംസാരിക്കുക. കൊച്ചുകൊച്ചു കാര്യങ്ങളെപ്പറ്റി ആവശ്യത്തിനും വല്ലപ്പോഴുമൊക്കെ അനാവശ്യത്തിനും വർത്തമാനം പറയുക, മുനിയായി വനത്തിൽ മേയാനല്ല ഭാവമെങ്കിൽ.'
തൊണ്ട തുറന്നു സംസാരിക്കണമെന്ന ഉപദേശം അനുസരിക്കാൻ ഞാൻ തീരുമാനിച്ചു.  ജീവിതത്തിന്റെ മുക്കാലും തീർന്നെങ്കിലും സ്വരസ്ഥാനം ശരിപ്പെടുത്താനുള്ള സാധകം ചെയ്യുക തന്നെ എന്നു ഞാൻ ഉറച്ചു. എം. ഡി രാമനാഥനോ ബീഗം അഖ്തറോ  ആവാനല്ല, കേൾക്കുന്നവർക്ക് പിടി കിട്ടുന്ന പരുവത്തിൽ ഒച്ച വെക്കാൻ കഴിയുമാറാകണം. അതിനുള്ള പരിശീലനം ഭാര്യയിൽനിന്നാണെങ്കിൽ ഭാര്യ തന്നെ ആകട്ടെ ഗുരു. വരം ഫലിക്കുകയാണെങ്കിൽ എന്താകാം ഗുരുദക്ഷിണ എന്ന ആലോചനയും എന്നെ ഉലച്ചു. 
തൊണ്ട തുറക്കാൻ ഞാൻ കണ്ടത്  പണ്ടു പഠിച്ചു വെച്ച ചില ഈരടികളും നാലടികളുമായിരുന്നു. ഓരോ വരിയിലും ഇരുപത്തൊന്നക്ഷരംകൊണ്ട് വെല്ലുവിളി ഉയർത്തുന്ന ശാർദ്ദൂലവിക്രീഡിതവും ഇരുപത്താറിലേറെ അക്ഷരവുമായി അനന്തതയിലേക്കു നീളുന്ന ദണ്ഡകവും പരീക്ഷിച്ചുനോക്കി. ഓർമയെയും തൊണ്ടയെയും ഒരു പോലെ ഉന്മിഷിത്താക്കിയ പരീക്ഷണം.  വായുവിന്റെ വഴികളും പേശികളുടെ സ്വഭാവങ്ങളും ഫലപ്രദമായി സംഗമിക്കുന്നതുപോലെ തോന്നി. ഒരാഴ്ച കഴിഞ്ഞില്ല, ഗുരു അതു ശരി വെക്കുകയും ചെയ്തു. ദക്ഷിണ കൊടുത്തേ പറ്റൂ. 
അങ്ങനെ ഭക്തിപുരസ്സരം  ദക്ഷിണ കൊടുത്ത ശിഷ്യന്മാരുടെയും ഏറ്റുവാങ്ങിയ ഗുരുഭൂതന്മാരുടെയും കഥയാണ് ശബ്ദത്തിന്റെ ചരിത്രം. ഭക്തിയില്ലാതെ ചൊല്ലിയാൽ ഫലം കുറയുമെന്ന് ഗുരു പറയുന്നതു കേട്ടു.  ഭക്തി തോന്നാനും യോഗം വേണ്ടേ? എന്തായാലും, പഞ്ചേന്ദ്രിയങ്ങളിൽ ശ്രവണമാണ് പരമപ്രധാനമെന്ന് ചിലർ വാദിക്കുന്നു. ഏറ്റവും അവഗണിക്കപ്പെട്ട ഇന്ദ്രിയം എന്നത്രേ സംഗീതശാസ്ത്രജ്ഞനായ ഡാനിയൽ ബാരെൻബോയം അതിനു കൊടുത്തിരിക്കുന്ന വിശേഷണം. ശബ്ദത്തിന് പ്രത്യേകമൊരു അവയവം ഇല്ലാത്തതുകൊണ്ടാകാം അതിന്റെ പരമപ്രാധാന്യം അംഗീകരിക്കപ്പെട്ടു കാണുന്നില്ല. തൊണ്ടയുടെയും ചെവിയുടെയും മൂക്കിന്റെയും സമുച്ചയത്തിൽനിന്ന് ഉയരുന്ന ശബ്ദം ജഠരത്തിൽനിന്ന് പുറപ്പെടുന്ന പ്രാണനാണത്രേ.  അതാണ് സ്വത്വത്തിന്റെ ആധാരം എന്നു വാദിക്കാം. മുഖം കാണാൻ വയ്യാത്ത ഒരു രോഗത്തെപ്പറ്റി മസ്തിഷ്‌കശാസ്ത്രജ്ഞർ പറയുന്നു. പ്രൊസൊപൊഗ്‌നേഷ്യ. അതു പിടിപെടുന്നവർ ആളുകളെ തിരിച്ചറിയുന്നത് ചലനം കൊണ്ടും ശബ്ദം കൊണ്ടുമാകുന്നു. അവിടെ പക്ഷേ പ്രശ്‌നം കാണപ്പെടുന്നയാളിന്റെയല്ല, കാണുന്ന/നോക്കുന്നയാളിന്റെയത്രേ. 
ഒരു വിവാഹസദസ്സിൽ പഴയ ചങ്ങാതിമാരും ഞാനും സൊള്ളിക്കൊണ്ടുനിന്നിരുന്ന ഇടത്തേക്ക് ഒരു മുതിർന്ന നേതാവ് കയറി വന്നു. തമ്മിൽ കണ്ടിട്ട് കുറച്ചിടയായിരുന്നു. മറ്റുള്ളവരുമായി കുശലം പറഞ്ഞ്, എന്നെ ഒന്ന് സാകൂതം നോക്കിയിട്ട് മറ്റൊരു സദസ്സിലേക്കു നീങ്ങാനിരുന്ന അദ്ദേഹത്തോട് ഞാൻ ചോദിച്ചു, 'എന്താ, എന്നെ അറിയില്ലേ?' ഉടൻ മറുപടി വന്നു: 'ഇപ്പോൾ പിടി കിട്ടി.' പ്രൊസൊപൊഗ്‌നേഷ്യയും ശബ്ദത്തിന്റെ പരമപ്രാധാന്യവും ഒറ്റയടിക്ക് ഉദാഹരിക്കപ്പെട്ടതായിരുന്നു ആ സന്ദർഭം. മറ്റൊരിക്കൽ മിടുക്കിയായ ഒരു തട്ടിപ്പുകാരിയുമായി പേര് പങ്കുവെക്കുന്ന എന്റെ ഒരു പഴയ സഹപ്രവർത്തകയെ ഫോണിൽ വിളിക്കാനിടയായി. കുസൃതിക്കുവേണ്ടി എന്റെ പേര് മാറ്റിപ്പറഞ്ഞു.അത് ഏശിയില്ല. എന്റെ കള്ളപ്പേര് കേട്ടപ്പോൾ അവർ പാതിച്ചിരിയോടെ ചോദിച്ചു: 'കെ ജി കെ അല്ലേ...' അപ്പോൾ ബോധ്യമായി, 'ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഇരിക്കുന്നു'എന്ന് ദെക്കാർത് എന്ന ചിന്തകൻ പറഞ്ഞതുപോലെ, 'എന്റെ ശബ്ദമാകുന്നു ഞാൻ' എന്നും പറയാം.
മൂകനെ വാചാലനാക്കുന്നതാണ് ആത്യന്തികമായ ദിവ്യത്വം.  അതിനു നേരേ വിപരീതമാണ് ശബ്ദം കവർന്നെടുക്കുന്ന ശാപം.  എഴുത്തച്ഛന് അങ്ങനെ ഒരു ദുര്യോഗമുണ്ടായി. വേദോച്ചാരണം മറഞ്ഞുനിന്നു കേട്ട കുട്ടിയെഴുത്തച്ഛനെ, ഒരു പഴം ജപിച്ചു കൊടുത്ത്, ഓതിക്കൻ നിശ്ശബ്ദനാക്കി. ഓതിക്കനോളം മന്ത്രദീക്ഷ ഉണ്ടായിരുന്ന എഴുത്തച്ഛന്റെ അച്ഛൻ വേണ്ടി വന്നു ആ ശാപം തീർക്കാൻ. പിന്നെ ശബ്ദം കൊണ്ടും  അർഥം കൊണ്ടും ഇന്ദ്രജാലം കാട്ടിയ കാവ്യങ്ങളുടെ ഒഴുക്കായിരുന്നു. 
അങ്ങനെ ശബ്ദം പോയതിന്റെയും വീണു കിട്ടിയതിന്റെയും കഥകൾ പറഞ്ഞാൽ തീരില്ല.  ശ്രീകുമാരൻ തമ്പിയുടെ 'ഗാനം' എന്ന സിനിമയുടെ ഒരു സന്നിഗ്ധഘട്ടത്തിൽ അരവിന്ദാക്ഷഭാഗവതർക്ക് പാടാനുള്ള കഴിവ് നഷ്ടപ്പെടുന്നു. പിന്നെ അതു വീണ്ടെടുക്കാനുള്ള സപര്യയായി.  ചെമ്പൈ വൈദ്യനാഥഭാഗവതർക്ക് ഒച്ച അടച്ചതും വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിയുടെ ചികിൽസ കൊണ്ട് വീണ്ടു കിട്ടിയതും നമ്മുടെ സംഗീതത്തിന്റെ ഐതിഹ്യമാലയിൽ രേഖപ്പെടുത്തിക്കാണാം. കണ്ഠരോഗം തിരിച്ചറിയുകയും ഭേദപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു മാവേലിക്കരയിലെ കുഞ്ഞുരാമൻ വൈദ്യരുടെ പ്രത്യേകപ്രശസ്തി.  കുഞ്ഞുരാമൻ വൈദ്യരുടെ ഉൾക്കാഴ്ചയും അറിവും തഴക്കവും രേഖപ്പെടുത്തി വെക്കുന്നതിന്റെ കൂടി തിരക്കിലാണ് കേരളത്തിൽ ഉപഭോക്തൃപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ എന്റെ സുഹൃത്ത് കെ ജി എം നായർ.
ഏറ്റവും അവഗണിക്കപ്പെടുന്ന അവയവം ചെവിയാണെന്ന മതത്തെപ്പറ്റി പറഞ്ഞുവല്ലോ.  ശബ്ദവും അവഗണിക്കപ്പെടുന്നുവെന്നാണ് അതിലെ പറയാതെ പറയുന്ന കാര്യം. ശക്തിയില്ലാതെ ശിവൻ ഇല്ലെന്നു പറയുന്നതുപോലെ ശബ്ദമില്ലാതെ ശ്രവണവുമില്ല.  അപ്പോൾ ഏറ്റവും അവഗണിക്കപ്പെടുന്ന അനുഭവമാണ് ശബ്ദം എന്നു പറയാം. വേദോച്ചാരണത്തിനും പുരാണപാരായണത്തിനും നമ്മൾ പണ്ടേക്കുപണ്ടേ പ്രാധാന്യം കൊടുത്തുവരുന്നുണ്ടെങ്കിലും കണ്ഠത്തിന്റെ അനന്തസാധ്യതകൾ ആരായാൻ പ്രേരണ നൽകുന്നതല്ല നമ്മുടെ സാഹചര്യം.  യേശുദാസും ചിത്രയുമൊന്നും ആകേണ്ട, തുറന്ന തൊണ്ടയോടെ സംസാരിക്കാൻ പറ്റുന്ന രീതിയിൽ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം എല്ലായിടത്തും ഉണ്ടെന്നു പറഞ്ഞുകൂടാ.
ഞാൻ എന്നേ കണ്ടാറിഞ്ഞതാണ്, എനിക്കു പറഞ്ഞിട്ടുള്ളതല്ല പാട്ട്.  ഒന്നാം ക്ലാസിൽ ജനഗണമന പാടാൻ കാർളി തോമസ് മാഷ് എന്നും എന്നെ ചട്ടം കെട്ടിയിരുന്നു.  പാട്ടിന്റെ മട്ടു കേട്ടിട്ടാവില്ല, പാഠം ഒട്ടൊക്കെ ഓർക്കുന്നതു കണ്ടിട്ടാവും, മാഷിന്റെ തീരുമാനം. പിന്നെ നാലഞ്ചു സ്രഗ്ധരകളുടെ കണ്ഠബലവുമായി ഞാൻ അക്ഷരശ്ലോകത്തിൽ പിടിച്ചുകയറി. അപ്പോഴൊക്കെ ഞാൻ സ്വത്വം അടയാളപ്പെടുത്തുന്ന സ്വരം ബലപ്പെടുത്തുകയായിരുന്നില്ല, ഓർമ പുഷ്‌ക്കലമാക്കുക മാത്രമായിരുന്നു എന്നു തിരിച്ചറിയാൻ കാലം പിന്നെയും വേണ്ടി വന്നു. 
ശ്ലോകം നീട്ടിച്ചൊല്ലുന്നതും ജനഗണമന തൊണ്ട തുറന്ന് ആലപിക്കുന്നതും ഭജനാവലി ഉറക്കെ പാടുന്നതും ശബ്ദം ശുദ്ധീകരിക്കാൻ സഹായിക്കുന്ന അഭ്യാസങ്ങളായിരുന്നു. അതൊന്നും പക്ഷേ എല്ലാ കുട്ടികളുടെയും തൊണ്ട സംസ്‌കരിക്കാനുള്ള നിഷ്ഠയായി അനുഷ്ഠിക്കപ്പെട്ടിരുന്നില്ല.  പാടാൻ കഴിവും അവസരവുമുള്ളവർ ഗായകരായി. അത്രയൊന്നും കഴിവില്ലാത്തവർ പാട്ടുകാരായില്ലെന്നു തന്നെയല്ല, അടഞ്ഞ തൊണ്ടയുമായി വളരുകയും ചെയ്തു. സ്വരസംസ്‌കരണം നമ്മുടെ പ്രാഥമികവിദ്യാലയങ്ങളിൽ പ്രധാനപ്പെട്ട ഒരിനമായി നിശ്ചയിക്കപ്പെട്ടില്ല. 
തിരിഞ്ഞുനോക്കുമ്പോൾ, തുറന്ന, തെളിഞ്ഞ തൊണ്ടയുടെ മേന്മ മനസ്സിലാക്കാൻ ഞാൻ എത്രയോ കാലം എടുത്തിരിക്കുന്നു. ശബ്ദത്തിന്റെ സാധ്യതകൾ ആരാഞ്ഞറിയാൻ എന്നെപ്പോലെ അവസരം ഉണ്ടാകാതിരുന്നവർ എത്രയോ കാണും.  വൈകിയാണെങ്കിലും അവർക്കും തൊണ്ട തുറക്കാനുള്ള വഴക്കം ശീലിപ്പിക്കാൻ ഗുരുക്കന്മാർ ഉണ്ടാകട്ടെ.

Latest News