റിയാദ് - ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ കൊല്ലം (1439) പതിനാലു ഇന്ത്യക്കാരെ ദേശീയ സുരക്ഷാ വകുപ്പും സുരക്ഷാ വകുപ്പുകളും ചേർന്ന് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ അറസ്റ്റിലുള്ള ഇന്ത്യൻ ഭീകരരുടെ എണ്ണം ഇരുപത്തിരണ്ടായി ഉയർന്നു. ഭീകര, തീവ്രവാദ പ്രവർത്തിനങ്ങളിൽ പങ്കുണ്ടെന്ന് സംശയിച്ച് നേരത്തെ അറസ്റ്റ് ചെയ്ത ഏതാനും ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകൾ ഇന്ത്യക്ക് കൈമാറുകയും മറ്റു ചിലരെ നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്ന് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വഫർ മാസത്തിൽ ഒരാളും റമദാനിൽ പത്തു പേരും ദുൽഹജ് മാസത്തിൽ മൂന്നു പേരുമാണ് അറസ്റ്റിലായത്. ഇവരുടെ കേസുകളെല്ലാം അന്വേഷണ ഘട്ടത്തിലാണ്. 1438 ൽ അറസ്റ്റിലായ രണ്ടു ഇന്ത്യക്കാരും 1437 ൽ അറസ്റ്റിലായ മൂന്നു പേരും 1436 ൽ അറസ്റ്റിലായ ഒരാളും 1435 ൽ അറസ്റ്റിലായ ഒരു ഇന്ത്യക്കാരനും ഭീകരരെ പാർപ്പിക്കുന്ന പ്രത്യേക ജയിലുകളിൽ കഴിയുന്നുണ്ട്. ഇക്കൂട്ടത്തിൽ മൂന്നു പേരുടെ കേസുകളിൽ അന്വേഷണം പൂർത്തിയായി നിയമ നടപടികൾക്ക് കേസ് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്ന എല്ലാവരുടെയും കേസുകൾ അന്വേഷണ ഘട്ടത്തിലാണ്.
കഴിഞ്ഞ വർഷം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ 355 വിദേശികളെയാണ് സുരക്ഷാ വകുപ്പുകളും ദേശീയ സുരക്ഷാ വകുപ്പും അറസ്റ്റ് ചെയ്തത്. ഇക്കൂട്ടത്തിൽ 125 പേർ യെമനികളും 55 പേർ സിറിയക്കാരും 41 പേർ ഈജിപ്തുകാരും 19 പേർ സുഡാനികളും 18 പേർ പാക്കിസ്ഥാനികളും 16 പേർ തുർക്കികളുമാണ്. ഫിലിപ്പൈൻസിൽ നിന്നുള്ള പതിമൂന്നു പേരും ജോർദാനിൽ നിന്നുള്ള അഞ്ചു പേരും അഫ്ഗാനിസ്ഥാൻ, ലെബനോൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു പേർ വീതവും ഇന്തോനേഷ്യ, ചൈന, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേർ വീതവും ഛാഢ്, മാലി, ഒമാൻ, യു.എ.ഇ, റഷ്യ, എരിത്രിയ, കാനഡ, സോമാലിയ, ഇറാൻ, കിർഗിസ്ഥാൻ, കെനിയ, നൈജീരിയ, ഫലസ്തീൻ, ശ്രീലങ്ക, അമേരിക്ക, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഒരു കുടിയേറ്റ ഗോത്രക്കാരനും ഒരു രാജ്യത്തിന്റെയും തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളും ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കഴിഞ്ഞ കൊല്ലം അറസ്റ്റിലായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 5,434 ഭീകരരാണ് അറസ്റ്റിലുള്ളത്. ഇക്കൂട്ടത്തിൽ 4,424 പേർ സൗദികളാണ്.