കണ്ണൂർ- പോപ്പുലർ ഫ്രണ്ട് നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. കണ്ണൂർ ജില്ലാ പോപ്പുലർ ഫ്രണ്ട് മുൻ ട്രഷററും എസ് ഡി പി ഐ നാഷണൽ ഓർഗനൈസറും അഴീക്കോട് മണ്ഡലം എസ്.ഡി.പി.ഐ പ്രസിഡന്റുമായിരുന്ന അക്‌സർ നാറാത്താണ് മുസ്ലിം ലീഗിൽ ചേർന്നത്. ഇന്നലെ കണ്ണൂർ അത്താഴകുന്ന് ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അക്‌സറിന് അംഗത്വം നൽകി. വർഷങ്ങളായി എസ്.ഡി.പി.ഐ ക്കൊപ്പം പ്രവർത്തിച്ച അക്‌സർ മുസലിം ലീഗിന്റെ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെയും വർഗ്ഗീയ വിമുക്ത,നിർമ്മാണാത്മക രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഉൾകൊണ്ടാണ് പാർട്ടി അംഗത്വം സ്വീകരിച്ചതെന്ന് മുനവ്വറലി തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും കടുത്ത വിമർശകനും സ്ഥലം എം.എൽ.എയുമായ കെ.എം ഷാജിയുടെ സാന്നിധ്യത്തിലായിരുന്നു മെമ്പർഷിപ്പ് കൈമാറിയത്.