മലപ്പുറം- തവനൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൃദ്ധ സംരക്ഷണ കേന്ദ്രത്തില്‍ രണ്ടു ദിവസത്തിനിടെ നാലു വയോധികര്‍ മരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു. കൃഷ്ണ മോഹന്‍, ശ്രീദേവി, കാളി, വേലായുധന്‍ എന്നിവരാണ് ഇന്നും ഇന്നലെയുമായി മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കൃഷ്ണ മോഹനനെ ഞായറാഴ്ച വൈകീട്ട് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെയോടെ മരണം സംഭവിച്ചു. ശ്രീദേവി അമ്മ ഞായറാഴ്ച വൈകീട്ട് വൃദ്ധസദനത്തില്‍ വച്ചാണ് മരിച്ചത്. കാളിയും വേലായുധനും ഇന്നു പുലര്‍ച്ചെയോടെയും മരിച്ചു. മണിക്കൂറുകളുടെ ഇടവേളയില്‍ നാലു പേര്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുന്നയിച്ച് നാട്ടുകാര്‍ രംഗത്തെത്തി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു.
അതിനിടെ, മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പിക്കണമെന്ന് കമ്മീഷന്‍ ജില്ലാ കലക്ടര്‍, പോലീസ് മേധാവി, സാമൂഹ്യ നീതി ഓഫീസര്‍ എന്നിവരോടാവശ്യപ്പെട്ടു.