തൃശൂർ- ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതി ഒത്തുതീർപ്പാക്കാൻ ഉന്നത ഇടപെടൽ. സംസ്ഥാനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പരാതി ഒഴിവാക്കാൻ യുവതിയുമായി നേരിട്ട് സംസാരിച്ചത്. പട്ടിക ജാതി വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഇതിനായി എത്തിയത്. അതേസമയം, പരാതിയിൽനിന്ന് പിൻവാങ്ങാൻ യുവതി തയ്യാറായിട്ടില്ല. പരാതിയിൽ ഉറച്ചുനിൽക്കുന്ന പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ സി.പി.എം നേതാക്കൾ പരമാവധി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് മന്ത്രി എ.കെ ബാലന്റെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സി.പി.എം പ്രവർത്തകനും യുവതിയുടെ വീട്ടിലെത്തിയത്. പരാതിയിൽനിന്ന് പിറകോട്ട് പോകാൻ യുവതിയോട് അഭ്യർത്ഥിച്ചെങ്കിലും അവർ വഴങ്ങിയില്ല. എന്നാൽ യുവതി വഴങ്ങില്ലെന്ന് തീർത്തുപറഞ്ഞതോടെ ഇവർ തിരിച്ചുപോയി. അതിനിടെ, പാർട്ടി അന്വേഷണകമ്മീഷന്റെ മൊഴി രേഖപ്പെടുത്തൽ നടപടി തുടരുകയാണ്.