കയ്‌റോ- രണ്ടാഴ്ചക്കകം ജനിക്കാൻ പോകുന്ന കുഞ്ഞിനെ വിൽക്കുന്നുവെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഈജിപ്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ അന്വേഷണം നടത്തിയ സുരക്ഷാവിഭാഗം യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അലക്‌സാണ്ട്രിയ മേഖലയിലെ ഹനാ മുഹമ്മദ് എന്ന പേരിലുള്ള അക്കൗണ്ട് വഴിയാണ് ഈ വിചിത്ര പരസ്യം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കൾ പരസ്യം ചെയ്ത വ്യക്തിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണവും അമ്പരിപ്പിക്കുന്നതായിരുന്നു. 20,000 പൗണ്ട് വേണമെന്നും വിലപേശലിൽ താൽപര്യമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. പരസ്യം വ്യാജമല്ലെന്ന് മനസ്സിലായതോടെ, സുരക്ഷാവിഭാഗം സംഗതി ഗൗരവമായി എടുത്തു. ദമ്പതികൾ ആവശ്യപ്പെട്ട പണവുമായി ആശുപത്രി പരിസരത്ത് എത്തിയ സുരക്ഷാവിഭാഗം യുവതിയുടെ ഭർത്താവിനെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. ഇയാൾക്ക് 30 വയസ്സ് പ്രായമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവായി. പെൺകുഞ്ഞിന് ജന്മം നൽകിയ യുവതി പോലീസ് നിരീക്ഷണത്തിലാണ്. പ്രസവാനന്തര ചികിത്സക്ക് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മനുഷ്യത്വരഹിതമായ ഈ ഹീനകൃത്യത്തിന് ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്ന് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.