വടകര- മടപ്പള്ളി ഗവ കോളേജിൽ എസ്.എഫ്.ഐ ഇതര വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യമനുവദിക്കുക, അക്രമികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി എഫിന്റെ നേതൃത്വത്തിൽ ഇന്ന് കോളേജിലേക്ക് മാർച്ച് നടത്തും. ഇതിനിടയിൽ സംഘർഷവുമായി ബന്ധപ്പെട്ട് 13 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ മൂന്നു പേരെ വടകര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ബിരുദ വിധ്യാർത്ഥികളായ ജിജോ (കല്ലാച്ചി), അമൽ രാജ് (കല്ലേരി), ജിഷ്ണു (കോട്ടപ്പള്ളി) എന്നിവരെയാണ് റിമാന്റ് ചെയ്തത്. മറ്റുള്ളവർക്ക് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി. കോളേജിലെ അക്രമത്തിന് പുറമെ പുറത്തും അക്രമമുണ്ടായിരുന്നു. പെൺകുട്ടികളെ അക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ വ്യാപാരി മനോജിനെയും ആക്രമിച്ചിരുന്നു. ഈ കേസിലാണ്് മൂന്നു പേർ റിമാന്റിലായത്. 21 പേർക്കെതിരെയാണ് ചോമ്പാൽ പോലീസ് കേസെടുത്തത്.