Sorry, you need to enable JavaScript to visit this website.

പാണമ്പ്രയിലെ അപകടങ്ങൾക്ക്  അറുതിവരുത്താൻ  സമരവുമായി 'വടിക്കാക്ക' 

മലപ്പുറം കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹ സമരം നടത്തുന്ന 'വടിക്കാക്ക' എന്ന പേരിൽ അറിയിപ്പെടുന്ന അബ്ദുൽ മജീദ്.

മലപ്പുറം- തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ വർധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾക്കു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഒറ്റയാൾ സമരം. കൊണ്ടോട്ടി നീറാട് സ്വദേശി 'വടിക്കാക്ക' എന്ന പേരിലറിയപ്പെടുന്ന അബ്ദുൽ മജീദാണ് കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹമിരുന്നത്. 
ആവർത്തിച്ചുകൊണ്ടിരിക്കുന്ന പാണമ്പ്ര വളവിലെ വാഹനാപകടങ്ങൾക്ക്  പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന ബോർഡുമായായിരുന്നു സമരം. നാനൂറിലധികം വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന തേഞ്ഞിപ്പലത്ത് ഫയർ സ്റ്റേഷൻ അനുവദിക്കുക, തേഞ്ഞിപ്പലം ഐ.ഒ.സി പ്ലാന്റിൽ ഫയർ എൻജിനുകൾക്കു സ്ഥിരം സംവിധാനം ഒരുക്കുക, പാണമ്പ്ര വളവിൽ തെരുവുവിളക്കുകളും ഡിവൈഡർ റിഫഌക്ടറുകളും റോഡിനു മുന്നിൽ അപകട മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കുക, അപകടങ്ങൾക്കു കാരണമാകുന്ന അശാസ്ത്രീയ വളവ് നിവർത്തുക, റോഡിലെ ക്ലിപ് ഹംപുകൾ പുതുക്കി പണിയുക, ഫയര്‍‌സ്റ്റേഷന് ആവശ്യമായ ഭൂമി കാലിക്കറ്റ് സർവകലാശാല അനുവദിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. കഴിഞ്ഞ ദിവസം പാണമ്പ്ര വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായിരുന്നു. 
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നൂറിലേറെ പേർക്കാണ് ഇവിടെ വാഹനാപകടങ്ങളിലൂടെ ജീവഹാനി നേരിട്ടത്. പ്രശസ്ത സിനിമാ താരം ജഗതി ശ്രീകുമാർ ഉൾപ്പെടെ നിരവധി പേർ അപകടങ്ങളിൽപെട്ട് നിത്യദുരിതത്തിലുമാണ്. മലപ്പുറം ജില്ലയിൽ വട്ടപ്പാറ വളവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്ന സ്ഥലമെന്ന നിലയിൽ പാണമ്പ്ര കുപ്രസിദ്ധിയാർജിച്ചുകൊണ്ടിരിക്കുകയാണ്. 
സാമൂഹിക സേവനം ജീവിതചര്യയാക്കിയ 'വടിക്കാക്ക' ഈ പശ്ചാത്തലത്തിലാണ് ഇന്നലെ ഒറ്റയാൾ സമരം നടത്തിയത്. വൈകിട്ട് ആറുവരെ ഇദ്ദേഹം കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹമിരുന്നു. അതേസമയം റോഡിലൂടെ നടന്നു പോകുന്ന നിരാലംബർക്ക് ഇദ്ദേഹം ഊന്നുവടികൾ സൗജന്യമായി നൽകുന്ന പതിവുള്ളതു കൊണ്ടാണ് അബ്ദുൽ മജീദിനെ 'വടിക്കാക്ക' എന്ന പേരിൽ അറിയപ്പെടുന്നത്. റോഡിൽ അപകടങ്ങളിൽ കൊല്ലപ്പെടുന്ന പക്ഷി, ജന്തുമൃഗാദികളെ സംസ്‌കരിക്കുന്നതും പൊതുസ്ഥലങ്ങളിൽ കാടുകയറുമ്പോൾ വെട്ടി വൃത്തിയാക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്. പാണമ്പ്രയിലെ അപകടങ്ങൾക്കെതിരേ ബോധവത്ക്കരണ സത്യഗ്രഹവുമായെത്തിയ അബ്ദുൽ മജീദ് ജില്ലാ കലക്ടർക്കും ദേശീയപാത അഥോറിറ്റിക്കും നിർദേശങ്ങൾ എഴുതി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. വാഹനാപകടങ്ങളില്ലാത്ത പാണമ്പ്ര വളവെന്ന സ്വപ്‌നമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

 

Latest News