കൊണ്ടോട്ടി- വ്യോമയാന ഉഭയകക്ഷി കരാറിലെ വിമാന സീറ്റ് വിതരണത്തിലെ പാകപ്പിഴ കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലെ വിദേശ വിമാന സർവീസുകൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയും വിദേശ രാജ്യങ്ങളുമായി ഏർപ്പെടുന്ന വ്യോമയാന കരാറിൽ ഇന്ത്യൻ വിമാന കമ്പനികൾ സീറ്റുകൾ പൂർണമായും പ്രയോജനപ്പെടുത്താത്തതാണ് വിദേശ വിമാന സർവ്വീസുകൾക്ക് വിനയാകുന്നത്. കരിപ്പൂരിൽ സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് വലിയ വിമാന സർവീസും കണ്ണൂരിലെ വിദേശ വിമാന സർവീസുകളും ഇത് മൂലം അനിശ്ചിതത്വത്തിലാണ്.
ഇന്ത്യൻ അധികൃതരുടെ പിടിവാശിയും വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാണ് ഉഭയകക്ഷി സീറ്റ് വിതരണത്തിൽ തടസ്സമായി നിൽക്കുന്നത്. ഓപ്പൺ സ്‌കൈ പോളിസി അയ്യായിരം കിലോമീറ്റർ പരിധിക്കപ്പുറം മതിയെന്നും സ്വതന്ത്രമായ ആകാശക്കരാർ നടപ്പാക്കുന്നത് എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ വിയോജിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉഭയകക്ഷി കരാറിൽ മാറ്റങ്ങൾ വരുത്താത്തത്. എന്നാൽ ആസിയാൻ കരാർ പ്രകാരം പത്തു ഏഷ്യൻ രാജ്യങ്ങളെ ഉൾപെടുത്തി 2015-ൽ നടപ്പിൽ വന്ന വ്യോമയാന പദ്ധതി ഗൾഫ്-മിഡിലീസ്റ്റ് കരാർ ഉണ്ടാക്കാൻ ഇന്ത്യ തടസ്സം നിൽക്കുകയാണ്.
അന്താരാഷ്ട്ര-വിമാന നിബന്ധനകൾ പ്രകാരം സ്വതന്ത്രമായ ഒരു ആകാശ വ്യാപാരം നടത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കും. വ്യവസ്ഥകളിലെ 3, 4 വകുപ്പുകൾ പ്രകാരം രണ്ടു രാജ്യങ്ങളുടെയും വിമാനങ്ങൾക്ക് സർക്കാർ അനുമതിയില്ലാതെ നടത്താമെന്നാണ്. മൂന്നും നാലും നിബന്ധനകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള കരാർ പ്രകാരം ആഴ്ചയിൽ ഇരുപതിനായിരം സീറ്റുകളാണ് നിജപ്പെടുത്തിയത്. നിലവിൽ സൗദി എയർലൈൻസ് അവരുടെ ഇരുപതിനായിരത്തിൽ 19670 സീറ്റുകളും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ശേഷിക്കുന്ന 330 സീറ്റുകൾ സൗദി അറേബ്യയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈനാസ് ഹൈദരാബാദ്-ജിദ്ദ റൂട്ടിൽ ആഴ്ചയിൽ രണ്ടു സർവീസ് നടത്തുന്നു. ഇതോടെ സൗദി എയർലൈൻസിന് കരിപ്പൂരിലേക്ക് ഒരു സീറ്റുപോലും ഇല്ല.
കരിപ്പൂരിലെ സീറ്റുകളാണ് 2015 നു ശേഷം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇത് തിരിച്ചു കരിപ്പൂരിൽ പുനഃസ്ഥാപിക്കാനായിരുന്നു സൗദിയുടെ ശ്രമമെങ്കിലും ഈ വിമാനത്തിൽ അടുത്ത മൂന്നു മാസത്തേക്കു എൺപത് ശതമാനം സീറ്റുകൾ വിറ്റഴിച്ചതിനാൽ സർവീസ് മാറ്റാൻ കഴിയുന്നില്ല. സൗദി എയർലൈൻസിന് ഇന്ത്യയിൽ 8 വിമാനത്താവളങ്ങളിലേക്ക് മാത്രമേ അനുമതിയുള്ളൂ. കരിപ്പൂർകൂടി ഉൾപെടുത്തുമ്പോൾ ഒൻപതാമത്തെ വിമാനത്താവളത്തിന് പുതിയ അനുമതി തേടണം.
എയർ ഇന്ത്യ അടക്കം ഇന്ത്യൻ വിമാന കമ്പനികൾക്ക് നൽകിയ സീറ്റ് ക്വാട്ടയിൽ പതിനയ്യായിരം സീറ്റുകൾ മാത്രമേ ഇതേവരെ ഉപയോഗിച്ചിട്ടുള്ളൂ. ഉഭയകക്ഷി കരാർ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളുടെയു വിമാനക്കമ്പനികൾ അവർക്കനുവദിച്ച ക്വാട്ടയുടെ എൺപത് ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കുകയണെങ്കിൽ എട്ടായിരം സീറ്റുകൾ കൂടുതലായി നൽകാനുള്ള വ്യവസ്ഥ കരാറിലുണ്ട്. ഇതുപ്രകാരം ഇന്ത്യൻ വിമാനകമ്പനികളിൽ ആരെങ്കിലും ആയിരം സീറ്റുകൾ പ്രയോജനപ്പെടുത്തിയാൽ സൗദിക്ക് എട്ടായിരം സീറ്റുകൾ അധികമായി കിട്ടും. ഇൻഡിഗോ എയർലൈൻസ് റിയാദിലേക്ക് സർവീസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഇതോടെ തിരുവനന്തപുരം നിർത്തി കരിപ്പൂരിൽനിന്നും സൗദി എയർലൈൻസിന് സർവീസ് ആരംഭിക്കാനാകും.
ഉഭയകക്ഷി സീറ്റുകളുടെ ലഭ്യതയില്ലായ്മ വിദേശ വിമാന കമ്പനികളെയാണ് ബാധിച്ചിരിക്കുന്നത്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിൽ കാര്യമായ തിരുത്തലുകൾ വരുത്താൻ ഇന്ത്യ തയാറായില്ലെങ്കിൽ പുതുതായി തുറക്കുന്ന കണ്ണൂർ വിമാനത്താവളത്തിലും ഗൾഫ് വിമാനങ്ങൾ ഇറങ്ങാൻ താമസമെടുക്കും. എമിറേറ്റ്‌സ് 65200 സീറ്റും, ഖത്തർ എയർവെസ് 24800 സീറ്റും, ഒമാൻ 21149ഉം , കുവൈറ്റ് 8000ഉം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇവിടേക്കെല്ലാം ഇന്ത്യൻ വിമാന കമ്പനികൾ മതിയായ സർവീസുകൾ നടത്തുന്നില്ല. ആയതിനാൽ വിദേശ വിമാനങ്ങൾക്ക് അധിക സർവീസുകൾ നടത്താനാകില്ല. കണ്ണൂർ വിമാനത്താവളത്തിലും വിദേശ വിമാന സർവീസ് ആദ്യഘട്ടത്തിൽ ഇതോടെ സാധിക്കില്ല.