- സൗദി അറേബ്യ ഇന്ന് എൺപത്തിയെട്ടാം ദേശീയ ദിനം കൊണ്ടാടുമ്പോൾ സ്വദേശികൾക്കൊപ്പം വിദേശികളും അതിൽ പങ്കാളികളാവുകയാണ്. പ്രതിസന്ധികൾ പ്രവാസികളെ ആശങ്കയിൽ ആഴ്ത്തുമ്പോഴും അന്നം തരുന്ന നാടിന്റെ ദേശീയ ദിനത്തിൽ അവരും ആത്മാർഥപൂർവം സജീവമാണ്. ഇല്ലായ്മയിൽ നിന്നും കര കയറാൻ ഇത് വരെ ഇടമൊരുക്കിയ സൗദിയെ പ്രവാസികൾ നന്ദിയോടെയാണ് കാണുന്നത്.
സൗദി അറേബ്യ ഇന്ന് എൺപത്തെട്ടാമത് ദേശീയ ദിനാഘോഷത്തിമർപ്പിലാണ്. പശ്ചിമേഷ്യയും പ്രത്യേകിച്ച് മറ്റ് അറബ് രാജ്യങ്ങളും വളരെ ശോകമൂകമായ അന്തരീക്ഷത്തിലാണ് പ്രയാണം നടത്തുന്നതെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ ചടുലതയോടെ മുന്നോട്ടു ഗമിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ.
രാജ്യത്തിന്റെ യശസ്സിന് ഭംഗം വരുത്താൻ ശ്രമിക്കുന്നതിനിടയിലും അതിനെയൊക്കെ കരുത്തുറ്റ രീതിയിൽ നേരിടാൻ ശക്തമായ പ്രവർത്തനമാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ അടുത്തകാലങ്ങളിലായി നടന്നു വരുന്നത്.
സാമ്പത്തിക രംഗത്ത് അറബ് രാജ്യങ്ങൾ അടുത്ത കാലങ്ങളിൽ നേരിട്ട പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ട് ദീർഘദർശിത്വത്തോടെ, വളരെ സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത് സൗദി അറേബ്യയാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യകൾ കൂട്ടിച്ചേർത്ത് സൗദി അറേബ്യക്ക് രൂപം നൽകിയത് സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവാണ്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ മക്കളിലൂടെ സൗദി ഭരണകൂടം ശീഘ്രഗതിയിലാണ് മുന്നേറിയത്.
ആധുനിക സൗദിയുടെ സാമ്പത്തിക രംഗം ശക്തമാക്കിയ എണ്ണയുടെ വിലയിടിവ് തന്നെയാണ് പുതിയ സൗദിയെ വാർത്തെടുക്കാൻ ഭരണാധികാരികൾക്ക് പ്രചോദനമായതും. എണ്ണയുൽപാദനത്തിൽ രാജ്യം വൻ പുരോഗതി നേടുകയും ലോകത്തെ ഏറ്റവും വലിയ എണ്ണയുൽപാദന രാജ്യമെന്ന ഖ്യാതി നേടുകയും ചെയ്തുവെങ്കിലും അടുത്ത കാലം വരെ എണ്ണയിൽ മാത്രം കണ്ണുംനട്ട് സാമ്പത്തിക രംഗം കൊഴുത്തപ്പോൾ ഏറെ പുരോഗതിയുടെ പടവുകൾ താണ്ടിയിരുന്ന രാജ്യം പല തവണ ലോക രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായപ്പോഴും പിടിച്ചു നിൽക്കാൻ പ്രാപ്തമായിരുന്നു. എന്നാൽ സാമ്പത്തിക രംഗത്ത് ശക്തമായ സൗദിക്ക് വെല്ലുവിളിയായത് അടുത്ത കാലത്തായി അനുഭവപ്പെട്ട എണ്ണ വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടമായിരുന്നു. ഇതോടെയാണ് എണ്ണയിൽ മാത്രം കണ്ണുംനട്ട് സാമ്പത്തിക മേഖല തളച്ചിടാതെ സാമ്പത്തിക രംഗത്ത് കൂടുതൽ ശ്രദ്ധയാകർഷിച്ചു മുന്നോട്ടു പോകാൻ രാജ്യം നിർബന്ധിതമായതും അതിനുള്ള പോംവഴികൾ തേടിയതും. മൂന്നു വർഷം മുമ്പ് സൽമാൻ രാജാവ് ചുമതലയേൽക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക രംഗമായിരുന്നു. ഭരണം ഏറ്റെടുത്ത നാളുകളിൽ സൽമാൻ രാജാവ് ഇതിനുള്ള പ്രതിവിധി അന്വേഷിക്കുകയും പുതിയ മാർഗങ്ങൾ വെട്ടിത്തുറക്കുകയുമായിരുന്നു. അതിനായി പിന്നീട് ഉണ്ടാക്കിയ വിഷൻ 2030 - ഉം ദേശീയ പരിവർത്തന പദ്ധതി 2020 - ഉം പ്രഖ്യാപിക്കുകയും ചെയ്തു. അത് ശക്തിയായി പ്രവർത്തന രംഗത്തെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക നില വീണ്ടും ശക്തമായി തിരിച്ചു പോകുമെന്ന നിലയിലേക്കുയർത്തി.
രാജ്യം ശ്രവിച്ചത് സമൂലമായ മാറ്റത്തിനായിരുന്നു. ഏറ്റവും വാർത്താ പ്രാധാന്യം നേടിയതും വിമർശകർ കഥകൾ മെനഞ്ഞതും വനിതകളുടെ രംഗപ്രവേശനമായിരുന്നു. രാജ്യത്തിന്റെ പുരോഗമന രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വേണമെന്ന നിലപാടിലാണ് കാലാകാലങ്ങളായി വിവിധ ഭരണാധികാരികൾ കൊണ്ട് വരാൻ ശ്രമിച്ചു ഒടുവിൽ ശ്രമം ഉപേക്ഷിച്ച് മാറ്റിവെച്ച വനിതകളുടെ ഡ്രൈവിങ് അനുമതി. ഇത് തന്നെയാണ് ഈ വർഷത്തെ ദേശീയ ദിനത്തിലെ ഏറ്റവും വലിയ വാർത്തയും. സ്ത്രീകളെ ഈ മേഖലയിൽ രംഗത്തിറക്കുന്നതിൽ വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധ സ്വരങ്ങൾ ശമിപ്പിച്ചാണ് വനിതകളുടെ ഡ്രൈവിങ് അനുവദിച്ചത്.
സാമ്പത്തിക രംഗത്തെ നേരത്തെയുള്ള സ്രോതസ്സായ എണ്ണ വരുമാനത്തിൽ മാത്രം കണ്ണ് വെക്കാതെ മറ്റു പല മാർഗ്ഗങ്ങളിലൂടെയും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുകയും ചെയ്യുന്ന അതി ബൃഹത്തായ പദ്ധതിയാണ് സൗദി വിഷൻ 2030 ൽ പ്രഖ്യാപിക്കപ്പെട്ടത്. 2030 ആകുമ്പോഴേക്കും ആധുനിക സൗദിയുടെ നിലവിലെ അവസ്ഥയിൽ നിന്നും തികച്ചും അത്യാധുനിക സൗദിയായി രാജ്യത്തെ മാറ്റുകയാണ് ഇതിലൂടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലക്ഷ്യമിടുന്നത്. എണ്ണ വിപണി കൂടാതെ തന്നെ അത് നടക്കുമെന്ന കണക്കു കൂട്ടലുകൾക്ക് ഇതിനകം തന്നെ നല്ല പ്രതിഫലനങ്ങൾ കാണുകയും ചെയ്തിട്ടുണ്ട്. രണ്ടു ഘട്ടമായി നടപ്പിലാക്കുന്ന വിഷൻ 2030 രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുമെന്നതിൽ സംശയമില്ല. അതിനു മുന്നോടിയായി വിഷൻ 2030 നു ശക്തി പകർന്നു ദേശീയ പരിവർത്തന പദ്ധതി 2020 നു ഇതിനകം തന്നെ ശക്തമായ തുടക്കം കുറിച്ച് കഴിയുകയും ചെയ്തു.
എത്രതന്നെ സാമ്പത്തിക ഞെരുക്കം ഉണ്ടായപ്പോഴും സൗദിയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരികളുടെ വികസനം ഒരു കോട്ടവും പറ്റാതെ അതിവേഗം നിശ്ചയിച്ച സമയത്തിനകം തന്നെ നടക്കുന്നതും ഇവിടെ എടുത്തു പറയേണ്ട കാര്യം തന്നെയാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടായപ്പോഴും ഇവിടുത്തെ വികസനവും പ്രവർത്തനങ്ങൾക്ക് യാതൊരു കോട്ടവും സംഭവിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ, ഇക്കഴിഞ്ഞ ഹജ്ജും സുരക്ഷിതമായി, സുഗമമായി സമാപിച്ചതിന്റെ ചാരിതാർഥ്യവും ഭരണ കേന്ദ്രത്തിനുണ്ട്.
പക്ഷെ, സൗദി അറേബ്യയിലെ പുതു വർഷം മലയാളികളടക്കമുള്ള വിദേശികൾക്ക് തീരെ ദഹിക്കാൻ പറ്റാത്തതായിരിക്കുകയാണ്. ഒരുകാലത്ത് കഞ്ഞിക്ക് വക നൽകി കൊട്ടാരങ്ങൾ കെട്ടിപ്പടുക്കാനും കേരളത്തിന്റെ ജീവിത മേഖലയിൽ ഹൈടെക് സൗകര്യങ്ങൾ കൊണ്ട് വരുന്നതിലും ഏറെ പങ്കു വഹിച്ച സൗദിയെ ഇന്ന് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് മലയാളികളടക്കമുള്ള വിദേശികൾ.
ശക്തമായ സൗദിവൽക്കരണം, ഉയർന്ന ജീവിതച്ചെലവ് തുടങ്ങി വിവിധ ഘടകങ്ങൾ കാരണം വിദേശികൾ കൂട്ടമായി ഒഴിഞ്ഞ് പോവുകയാണ്. 2020 ആകുമ്പോഴേക്കും സൗദി തൊഴിൽ മേഖലയിൽനിന്നും വിദേശികളിൽ നല്ലൊരു ശതമാനവും കൊഴിഞ്ഞു പോകുമെന്നാണ് കണക്കുകൾ. ഒരു പക്ഷെ, അവിദഗ്ധ മേഖലയിലെ വിദേശികൾക്ക് സൗദി അന്യമായി മാറുകയും ചെയ്യാം. ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജീവിതച്ചെലവ് കുത്തനെ ഉയരാൻ കാരണമാകുന്ന പ്രാദേശിക എണ്ണ വില വർധനവും വൈദ്യുതി ചാർജ് വർധനവടക്കമുള്ള കാര്യങ്ങളും മറ്റും സൗദി തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക് കനത്ത ആഘാതമാണ് വരുത്തിയത്. മാത്രമല്ല, നിലവിൽ നടപ്പിലാക്കിയ പുതിയ മേഖലയിലെ ആദ്യഘട്ട സൗദിവൽക്കരണം മുഹറം ഒന്ന് മുതൽ നടപ്പിലായപ്പോൾ തന്നെ മലയാളികളടക്കമുള്ളവരുടെ ബിസിനസ് കേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കഴിഞ്ഞു. വരുന്ന നവംബറിലും ജനുവരിയിലും കൂടുതൽ മേഖലകൾ ഉൾപ്പെടുന്ന ഇതിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും കൂടി പ്രാബല്യത്തിൽ വരുന്നതോടെ കേരളീയ പ്രവാസ ജീവിതം സൗദിയിൽ നിന്നും ഏറെക്കുറെ മാറ്റിയെഴുതപ്പെട്ടേക്കാം.
സൗദി അറേബ്യ ഇന്ന് എൺപത്തിയെട്ടാം ദേശീയ ദിനം കൊണ്ടാടുമ്പോൾ സ്വദേശികൾക്കൊപ്പം വിദേശികളും അതിൽ പങ്കാളികളാവുകയാണ്. പ്രതിസന്ധികൾ പ്രവാസികളെ ആശങ്കയിൽ ആഴ്ത്തുമ്പോഴും അന്നം തരുന്ന നാടിന്റെ ദേശീയ ദിനത്തിൽ പ്രവാസികളും ആത്മാർഥപൂർവം സജീവമാണ്. സ്വന്തം രാജ്യത്തെ തൊഴിലില്ലാത്ത യുവതീ യുവാക്കൾക്ക് തൊഴിൽ നൽകാനായി തങ്ങളുടെ ജോലികൾ നഷ്ടപ്പെടുമ്പോഴും ഇല്ലായ്മയിൽ നിന്നും കര കയറാൻ ഇത് വരെ ഇടമൊരുക്കിയ രാജ്യത്തെ പ്രവാസികൾ നന്ദിയോടെയാണ് കാണുന്നത്. ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയും രാജ്യത്തെ പ്രധാന നഗരികളും, പ്രവിശ്യകളും ഏക ദൈവവിശ്വാസ വാക്യം പതിച്ച ഹരിത ദേശീയ പതാക കൊണ്ട് പുതച്ചു ഹരിതാഭമാക്കി അലങ്കരിച്ചിട്ടുണ്ട്. ഗിന്നസിൽ സ്ഥാനം നേടുന്ന ലോകത്തെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗവും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തീവ്രവാദം ഏറ്റവും കൂടുതൽ വേട്ടയാടുമ്പോഴും അതിനെയെല്ലാം തരണം ചെയ്തു കൂടുതൽ ശക്തിയോടെ രാജ്യം ഇനിയും വൻ കുതിപ്പോടെ മുന്നോട്ടു പോകട്ടെയെന്നാണ് സ്വദേശികളെ പോലെ ഓരോ വിദേശിയുടെയും മനം നിറഞ്ഞ പ്രാർത്ഥന.