വികസനത്തിലും പരിഷ്‌കരണത്തിലും അറബ് ലോകത്തെ മാതൃകാ രാജ്യമായും മേഖലയിലെ അതുല്യമായ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തിയായും മാറിയ സൗദി അറേബ്യ ഇന്ന് എൺപത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ പുരോഗതിയുടെയും വികസനത്തിന്റെയും ഉത്തുംഗ പാതയിൽ രാജ്യം മിന്നൽ പ്രയാണം തുടരുകയാണ്.
ഏതാനും വർഷങ്ങൾക്കു മുമ്പു വരെ സ്വദേശികൾക്കും വിദേശികൾക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്ത നിലക്കുള്ള സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങൾക്കാണ് സൽമാൻ രാജാവിന്റെ ഭരണത്തിനു കീഴിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നതാണ് ഒരു വർഷത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും പ്രധാന പരിഷ്‌കരണങ്ങളിലൊന്ന്. സമൂഹത്തിലെ നല്ലൊരു പങ്കും ശക്തിയുക്തം എതിർക്കുന്നവരായിട്ടും വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്ന സുധീരമായ തീരുമാനം ഭരണാധികാരികൾ നടപ്പാക്കി. വനിതാ ശാക്തീകരണ ദിശയിലുള്ള ശക്തമായ ചുവടു വെപ്പായിരുന്നു ഇത്.
ജൂൺ 24 ന് ആണ് വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നത്. വൈകാതെ സൗദി വനിതകളെ കോ-പൈലറ്റുമാരായും എയർ ഹോസ്റ്റസുമാരായും നിയമിക്കുന്നതിനുള്ള പദ്ധതികൾ സൗദി വിമാന കമ്പനികൾ പ്രഖ്യാപിച്ചു.
മുമ്പ് അപ്രാപ്യമായിരുന്ന നിരവധി തൊഴിൽ മേഖലകൾ വനിതകൾക്കു മുന്നിൽ തുറന്നിട്ട് പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തി സ്ത്രീ ശാക്തീകരണ മേഖലയിൽ ഉറച്ച കാൽവെപ്പുകളോടെ രാജ്യം മുന്നോട്ടുപോവുകയാണ്. രാജ്യത്തെ പാർലമെന്റ് ആയ ശൂറാ കൗൺസിലിൽ ഇരുപതു ശതമാനം വനിതാ പ്രാതിനിധ്യം അനുവദിക്കുകയും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് മത്സരിക്കുന്നതിനും വോട്ടു രേഖപ്പെടുത്തുന്നതിനും അവകാശം നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി ഉന്നത തസ്തികകളിൽ സമീപ കാലത്ത് വനിതകളെ നിയമിച്ചിട്ടുണ്ട്.
മൂല്യവർധിത നികുതി, സെലക്ടീവ് ടാക്‌സ്, നഗരങ്ങളിൽ പ്രയോജനപ്പെടുത്താതെ കിടക്കുന്ന കാലി സ്ഥലങ്ങൾക്കുള്ള നികുതി, വൈദ്യുതി-ജല സബ്‌സിഡികൾ എടുത്തു കളയൽ, സബ്‌സിഡി ഇനത്തിലുള്ള ധനസഹായം അർഹരായവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യൽ എന്നിവ അടക്കം അഭൂതപൂർവമായ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് സൗദി അറേബ്യ തുടക്കം കുറിച്ചിട്ടുണ്ട്. പെട്രോൾ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്. അര ലക്ഷം കോടി ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന, സ്വപ്‌ന പദ്ധതിയായ നിയോം, വിദേശ വിനോദ സഞ്ചാരികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ചെങ്കടൽ പദ്ധതി, ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് പദ്ധതിയായ ഖിദ്‌യ പദ്ധതി എന്നിവ ഇതിൽ ചിലതു മാത്രമാണ്. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകരുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കുന്നതിനും വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നു. 2030 ഓടെ പ്രതിവർഷം വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷമായും ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഉയർത്തുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ പശ്ചാത്തല പദ്ധതികൾ മക്കയിലും ജിദ്ദയിലും മദീനയിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നടപ്പാക്കി വരികയാണ്. ഹജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഹറമൈൻ പദ്ധതിയിൽ ഔദ്യോഗിക സർവീസുകൾക്ക് തുടക്കം കുറിക്കാനിരിക്കുന്നത് ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.
മുഖം നോക്കാതെയുള്ള അഴിമതി വിരുദ്ധ പോരാട്ടം ദേശീയ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപകർക്കുള്ള വിശ്വാസം വർധിപ്പിച്ചു. മന്ത്രിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കമുള്ള അഴിമതിക്കേസ് പ്രതികളുമായുണ്ടാക്കിയ ഒത്തുതീർപ്പുകളിലൂടെ നാൽപതിനായിരം കോടിയോളം റിയാൽ പൊതുഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 80 ശതമാനത്തോളം വർധിച്ചു. പെട്രോൾ വിലയിടിച്ചിൽ അടക്കമുള്ള കാരണങ്ങളാൽ രൂപപ്പെടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ അകറ്റി നിർത്തുന്നതിന് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വിഷൻ-2030 പദ്ധതി വൈവിധ്യപൂർണമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഉന്നമിടുന്നു. പ്രാരംഭ ഘട്ടത്തിലായിട്ടു പോലും വിഷൻ-2030 പദ്ധതി ഫലം ചെയ്യുന്നതിന് തുടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 ൽ അംഗത്വം നേടിയ സൗദി അറേബ്യ 2020 ലെ ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കും.
സൗദി സമ്പദ്‌വ്യവസ്ഥക്ക് പ്രചോദനം നൽകുന്നതിന് 34,500 കോടി റിയാൽ മൂലധനത്തോടെ ദേശീയ വികസന നിധി സ്ഥാപിക്കൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ഭീകര വിരുദ്ധ പോരാട്ടത്തിന് സുപ്രീം കമ്മിറ്റി സ്ഥാപിക്കൽ, സൈബർ സുരക്ഷക്ക് ദേശീയ അതോറിറ്റി സ്ഥാപിക്കൽ, വിവിധ ഗവൺമെന്റ് വകുപ്പുകളിലെ ജീവനക്കാരുടെ വേതന വിതരണ തീയതി ഏകീകരിക്കൽ, ജല, വൈദ്യുതി, ഫോൺ ബിൽ ഇഷ്യു ചെയ്യുന്ന തീയതി ഏകീകരിക്കൽ, ഉയർന്ന ജീവിതച്ചെലവ് നേരിടുന്നതിന് സർക്കാർ ജീവനക്കാർക്ക് പ്രതിമാസം ആയിരം റിയാൽ തോതിൽ ഒരു വർഷത്തേക്ക് പ്രത്യേക അലവൻസ് വിതരണം ചെയ്യൽ, യെമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് 5,000 റിയാൽ പ്രത്യേക അലവൻസ് വിതരണം ചെയ്യൽ, പെൻഷൻകാർക്കും സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കും ഉയർന്ന ജീവിതച്ചെലവ് നേരിടുന്നതിന് പ്രതിമാസം 500 റിയാൽ തോതിൽ ഒരു വർഷത്തേക്ക് പ്രത്യേക അലവൻസ് വിതരണം ചെയ്യൽ, വിദ്യാർഥികളുടെ സ്റ്റൈപ്പന്റ് പത്തു ശതമാനം വർധിപ്പിക്കൽ, സൗദി പൗരന്മാർക്കുള്ള മൂല്യവർധിത നികുതി ഇളവ്, മദീന ആസ്ഥാനമായി സൽമാൻ രാജാവിന്റെ പേരിൽ ഹദീസ് ഗവേഷണ, പഠന കേന്ദ്രം സ്ഥാപിക്കൽ, മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിന് റോയൽ കമ്മീഷൻ സ്ഥാപിക്കൽ, ഹിസ്റ്റോറിക് ജിദ്ദ വികസനത്തിന് പ്രത്യേക ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കൽ തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ സൽമാൻ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ രാഷ്ട്രീയ നിലപാടുകൾക്ക് മേഖലാ, ആഗോള തലങ്ങളിൽ ഏറെ സ്വാധീനമുണ്ട്. ലോക സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിനും തർക്കത്തിലുള്ള രാജ്യങ്ങൾക്കിടയിൽ അനുരഞ്ജനമുണ്ടാക്കുന്നതിനും രാജ്യം വലിയ ശ്രമങ്ങൾ നടത്തുന്നു. എത്യോപ്യക്കും എരിത്രിയക്കും ഇടയിൽ നിലനിന്ന ഇരുപതു വർഷത്തിലേറെ നീണ്ട ശത്രുത അവസാനിപ്പിക്കുന്നതിൽ സൗദി അറേബ്യ വലിയ പങ്കാണ് വഹിച്ചത്. കഴിഞ്ഞയാഴ്ച ജിദ്ദയിൽ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളും സമാധാന കരാർ ഒപ്പുവെച്ചത് ഈ ദിശയിൽ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളുടെ സാഫല്യമായിരുന്നു.
അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ശ്രമിച്ച് കഴിഞ്ഞ ജൂലൈയിൽ ലോകത്തെങ്ങുനിന്നുമുള്ള പണ്ഡിതരെയും അഫ്ഗാൻ നേതാക്കളെയും പങ്കെടുപ്പിച്ച് ജിദ്ദയിലും മക്കയിലും സമാധാന സമ്മേളനങ്ങൾ സംഘടിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനിൽ നടന്ന ഇരുപത്തിയൊമ്പതാമത് അറബ് ഉച്ചകോടിക്ക് ജറൂസലം ഉച്ചകോടിയെന്ന് നാമകരണം ചെയ്ത് ജറൂസലം പ്രശ്‌നത്തിലും ഫലസ്തീൻ പ്രശ്‌നത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സൽമാൻ രാജാവ് പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ ഒന്നാമത്തെ പ്രശ്‌നമാണ് ഫലസ്തീൻ എന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് ഒരുക്കമല്ലെന്നും, ടെൽഅവീവിലെ തങ്ങളുടെ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുകയാണ് സൗദി അറേബ്യ ചെയ്തത്.
ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം സഹായം നൽകുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ രണ്ടര ദശകത്തിനിടെ ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പതിനൊന്നായിരം കോടിയിലേറെ ഡോളർ രാജ്യം ചെലവഴിച്ചിട്ടുണ്ട്. നൂറിലേറെ രാജ്യങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചു. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 1.9 ശതമാനം ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വികസന സഹായങ്ങൾക്കും സൗദി അറേബ്യ വിനിയോഗിക്കുന്നു. വികസ്വര, ദരിദ്ര രാജ്യങ്ങൾക്ക് സഹായം നൽകുന്നതിന് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 0.7 ശതമാനം സമ്പന്ന രാജ്യങ്ങൾ നീക്കി വെക്കണമെന്നാണ് യു.എൻ നിർദേശിക്കുന്നത്.
ഇതിന്റെ ഇരട്ടിയിലധികമാണ് സൗദി അറേബ്യ ചെലവഴിക്കുന്നത്. യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിനുള്ള സൈനിക സഖ്യവും ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക സൈനിക സഖ്യവും സ്ഥാപിച്ച് തന്ത്രപരമായ പങ്കാളിത്തങ്ങളും സഖ്യങ്ങളും സ്ഥാപിച്ച് സുരക്ഷക്കുള്ള പുതിയ ആശയം ലോകത്തിനു മുന്നിൽ രാജ്യം മുന്നോട്ടുവെച്ചു. പരമ്പരാഗത സഖ്യരാജ്യങ്ങളായ പശ്ചാത്യ രാജ്യങ്ങളുടെയും വൻ ശക്തികളുടെയും സഹായമില്ലാതെ തന്നെ അറബ്, മുസ്‌ലിം രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചെറുക്കുന്ന ദിശയിലുള്ള ഫലപ്രദമായ നീക്കമായി ഇതിനെ കാണാവുന്നതാണ്.