കോട്ടയം- സൗദി അറേബ്യയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടിയെത്തിയ ക്രിസ്ത്യൻ പുരോഹിതനെ ബി.ജെ.പി അംഗമാക്കി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ഇന്നലെ കോട്ടയത്ത് അഞ്ചു പുരോഹിതർ ത്‌നെ വന്നുകണ്ട് ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അവർ പാർട്ടി അംഗത്വമെടുത്തുവെന്നുമായിരുന്നു ശ്രീധരൻ പിള്ള ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഭാരതീയ ജനതാപാർട്ടിയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ തയ്യാറായ അഞ്ചു പുരോഹിതരടക്കമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഇന്നത്തെ കോട്ടയത്തെ ചടങ്ങ് മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ ഫെയ്്‌സ്ബുക്ക് പോസ്റ്റ്. എന്നാൽ, സൗദിയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സഹായം തേടിയുള്ള നിവേദനം സമർപ്പിക്കാനാണ് താൻ എത്തിയതെന്നും ഒരു പാർട്ടിയുടെ അംഗമല്ല താനെന്നും ചൂണ്ടിക്കാട്ടി ചടങ്ങിൽ പങ്കെടുത്ത ഫാദർ മാത്യു മാനവത്ത് രംഗത്തെത്തി.
ഞാൻ അങ്ങ് പങ്കെടുത്ത യോഗത്തിൽ വന്നത് എന്റെ നാട്ടുകാരനായ ഒരു വ്യക്തിയുടെ മൃതശരീരം സൗദി അറേബ്യയിൽ നിന്നും കൊണ്ടുവരുന്നതിനു നിവേദനം തരാനാണെന്നും ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ലെന്നും ഫാദർ പറഞ്ഞു. താങ്കളുടെ പാർട്ടിക്കാർ തന്ന ജൂസ് കുടിച്ചു. ഒരു വാക്ക് സംസാരിക്കാൻ പറഞ്ഞപ്പോൾ ഭാരതീയ സംസ്‌ക്കാരത്തെപ്പറ്റി പറഞ്ഞു. ഞാൽ ബി.ജെ.പി അംഗത്വം എടുത്തിട്ടില്ലെന്നും അനുഭാവിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ഫാദർ വ്യക്തമാക്കി.
എന്നെ ദയവ് ചെയ്ത് വിവാദത്തിൽപ്പെടുത്തരുത്. എന്റെ ഫോട്ടോ ' ദുർവിനിയോഗം ചെയ്യരുത്. എനിക്ക് രാഷ്ട്രിയമായി ഒരു പാർട്ടിയോടും പ്രതിപത്തിയില്ലെന്നും രാഷ്ട്രിയത്തിൽ ഇടപെടുന്ന ആളുമല്ലെന്നും ഫാദർ വ്യക്തമാക്കി.