Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ പകരം വീട്ടുമോ? ദുബയില്‍ ഇന്ന് വീണ്ടും ഇന്ത്യാ-പാക് പോരാട്ടം

ദുബയ്‌- ഏഷ്യാ കപ്പില്‍ ഇന്ന് വീണ്ടും സൂപ്പര്‍ പോരാട്ടം. സുപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന് പകരം വീട്ടാനായിരിക്കും ഇന്ന് ഇറങ്ങുക. ഫൈനല്‍ ഉറപ്പിക്കാനാകും മികച്ച ഫോമിലുള്ള ഇന്ത്യ ഇറങ്ങുക. ക്രിക്കറ്റില്‍ വല്ലപ്പോഴും വിരുന്നെത്തുന്ന വസന്തമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍. അവ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ത്രില്ലറുകളാവണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം. ഇന്നത്തെ പോരാട്ടം പ്രതീക്ഷക്കൊത്തുയരുമോ? ഇന്ന് പെയ്‌സും ബൗണ്‍സുമുള്ള പുതിയ പിച്ചിലാണ് കളി നടക്കുന്നത്. അത് പാക്കിസ്ഥാന് ശുഭവാര്‍ത്തയാണ്. എന്നാല്‍ ഇന്ത്യക്കും ഇപ്പോള്‍ മികച്ച പെയ്‌സ് നിരയുണ്ട്. പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര ഉറച്ചുനിന്നാല്‍ ഇന്നത്തെ കളി ആവേശമാകും. ഇല്ലെങ്കില്‍ മറ്റൊരു ഇന്ത്യന്‍ കുതിപ്പായിരിക്കും കാണുക. ആരാധകര്‍ കാത്തിരിക്കുകയാണ്. ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഫലത്തില്‍ ആദ്യ മൂന്ന് പന്ത് കഴിയുമ്പോഴേക്കും കളി ഇന്ത്യയുടെ കൈയിലായിരുന്നു. ഓപണര്‍മാര്‍ എളുപ്പം പുറത്തായ ശേഷം പാക്കിസ്ഥാന് കരകയറാനായില്ല. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ അവരുടെ ബൗളര്‍മാര്‍ക്കും സാധിച്ചില്ല. ഫലം 29 ഓവറില്‍ ഇന്ത്യ ജയിച്ചു. അതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയിലാണ് അയല്‍ക്കാര്‍ ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അനായാസം ജയിച്ചു. ഫൈനലില്‍ പാക്കിസ്ഥാനും. ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന് 100 കടക്കുമ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടു. ഇന്ത്യ അനായാസം ജയിച്ചു.

Latest News