ചെന്നൈ- മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ത്ഥിയായ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി ഷഹല്‍ കോര്‍മത്തിനെ (23) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓഷ്യന്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച രാവിലെയാണ് കാമ്പസിലെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഷഹലിനെ കണ്ടത്. രാവിലെ വിളിക്കാനെത്തിയ സുഹൃത്താണ് ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. ഹാജര്‍ നില കുറവായതിനാല്‍ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചേക്കില്ലെന്ന ആശങ്കയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഹാജര്‍ നില കുറവാണെന്ന് നേരത്തെ അധികൃതര്‍ ഷഹലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.