തിരുവനന്തപുരം- നടന്‍ മോഹന്‍ലാലിന്റെ മോഡി അനുകൂല നിലപാടിനെതിരെ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് ആഞ്ഞടിച്ചു. അദ്ദേഹം 'സമകാലിക മലയാളം വാരിക'യില്‍ എഴുതുന്ന 'വിയോജനക്കുറിപ്പ്' എന്ന കോളത്തിലാണ് 'എന്തോ ഒരു ദാഹം, എന്തോ ഒരു മോഹം' എന്ന ഉപതലക്കെട്ടോടെ മോഹന്‍ലാലിന് എന്തുപറ്റി? എന്നു ചോദിക്കുന്നത്. ടി.ജെ.എസിന്റെ കുറിപ്പ് ഇങ്ങനെ:
നമ്മുടെ മോഹന്‍ലാലിന് എന്തു പറ്റി? ഹൃദയം തുറന്നു നടന്ന മനുഷ്യനായിരുന്നു. ലാളിത്യം നിറഞ്ഞ മുഖഭാവം. നല്ല ചിരി. പെരുമാറ്റത്തിലെ സ്വാഭാവികത ആരെയും ആകര്‍ഷിക്കുമായിരുന്നു. ഈ സ്വഭാവ വിശേഷതകളായിരുന്നു ആദ്യകാല സിനിമകളെ ഹിറ്റുകളാക്കിയത്. 'മണിച്ചിത്രത്താഴി'ലെ പ്രകമ്പനങ്ങളില്‍ കൂളായി നിന്ന് നമുക്ക് ആശ്വാസം നല്‍കിയ നായകന്‍. സാധാരണക്കാരന്റെ പരാധീനതകള്‍ എടുത്തുകാട്ടി നമ്മുടെ കൂടെ നടന്ന ടി.പി. ബാലഗോപാലന്‍ നായര്‍ എം.എ. 2005-06 വരെ നമ്മളിലൊരാളാണ് മോഹന്‍ലാല്‍ എന്ന് നാം തിരിച്ചറിഞ്ഞിരുന്നു. ആര്‍ക്കും സ്‌നേഹിക്കാവുന്ന മോഹന്‍ലാല്‍. എല്ലാവരേയും ആശ്വസിപ്പിക്കുന്ന മോഹന്‍ലാല്‍. നല്ലവനായ വിശ്വസിക്കാവുന്ന മോഹന്‍ലാല്‍.
ആ മോഹന്‍ലാലിന് കഴിഞ്ഞ എട്ടു പത്തു കൊല്ലമായി എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. മുഖഛായയില്‍ പോലും മാറ്റങ്ങള്‍ കാണാം. പഴയ ആ നിഷ്ങ്കളകത അപ്രത്യക്ഷമായിരിക്കുന്നു. പുഞ്ചിരി വിരളം. അഥവാ ചിരിച്ചാല്‍ ആര്‍ക്കോ വേണ്ടി ഒരു ത്യാഗം എന്ന മട്ടാണ്. മറ്റെന്തോ ചിന്തകളില്‍ പുതിയ എന്തൊക്കെയോ ലക്ഷ്യങ്ങളില്‍ മനസ്സ് അകപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
രാഷ്ട്രീയമാണോ കാരണം? സെപ്റ്റംബറില്‍ മോഡിജിയുമായി കൂടിക്കാഴ്ച നടന്നത് ഓര്‍ക്കുക. ഒരു സുപ്രഭാതത്തില്‍ ചെറിയ ഒരു ന്യൂസ്, തന്റെ ആഭിമുഖ്യത്തിലുള്ള ചാരിറ്റി സംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രിജിയെ അറിയിക്കാന്‍ പോയതാണെന്ന ലളിതമായ വിശദീകരണവും. പിറകെ അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു എന്നൊരു അനൗദ്യോഗിക വാര്‍ത്താ ശകലം. എന്തോ രഹസ്യ സ്വഭാവമുള്ള ഒരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് പൊതുജനത്തിനു തോന്നി. തുടര്‍ന്ന് ഊഹോപോഹങ്ങളുണ്ടായി. മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കു കടക്കുന്നു. തിരുവനന്തപുരത്തു നിന്നു മത്സരിക്കും. ശശി തരൂരിനെ പമ്പ കടത്തും എന്നൊക്കെ. മോഹന്‍ലാല്‍ജിക്കാട്ടെ, ഗംഭീര മൗനം.
ഘോരഘോരം ഡയലോഗ് അടിക്കുന്ന സുരേഷ് ഗോപിക്ക് മൗനം എന്തെന്ന് അിറയാത്തതു കൊണ്ടുണ്ടായ പ്രശ്‌നം ഓര്‍ക്കുന്നില്ലേ? എന്നെ മന്ത്രിയാക്കാമെന്ന് മോഡിജി പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നടിച്ചു. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ബുദ്ധിയുള്ള ആരെങ്കിലും അത് വിളംബരം ചെയ്ത് മോഡിജിയെ വെട്ടിലാക്കുമോ? ഒടുവില്‍ സുരേഷ് ഗോപിജി വെട്ടിലായി. വെട്ടില്‍ത്തന്നെ കിടക്കുന്നു. എന്തെങ്കിലും ഒരു കഷ്ണം ഇട്ടു തരണേ എന്നു യാചിച്ചു യാചിച്ചു കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലെ. എന്തൊരു ദാഹമാണ് ഈ കൂട്ടര്‍ക്ക്? എന്തൊരു മോഹം?
ഹിറ്റുകള്‍ പെരുകുമ്പോഴും കുറെ കഴിയുമ്പോള്‍ ബോറടിക്കുമായിരിക്കും. അതായിരിക്കാം സുരേഷ് ഗോപി മുതല്‍ രജനീകാന്ത് വരെയുള്ള ത്യാഗസമ്പന്നര്‍ നേരിടുന്ന പ്രശ്‌നം. രാഷ്ട്രീയമെന്നാല്‍ വേറൊരു കളിയാണെന്നും അവിടെ ഫാന്‍സ് അസോസിയേഷന്‍സിന്റെ വേലകള്‍ നടക്കില്ലെന്നും ജനങ്ങളുടെ വെറുപ്പു നേടാന്‍ എളുപ്പമാണെന്നും സൂപ്പര്‍ താരങ്ങള്‍ അിറയുന്നില്ലായിരിക്കാം. ആ അറിവില്ലായ്മ മോഹന്‍ലാലിനെയും കീഴ്‌പ്പെടുത്തിയോ എന്നു സംശയിക്കണം.
'അമ്മ'യുടെ രാഷ്ട്രീയത്തില്‍ അറിവില്ലായ്മകളുടെ തിരതള്ളല്‍ നാം കണ്ടതാണ്. പെണ്ണുങ്ങളെ തരംതാഴ്ത്തി ആണുങ്ങള്‍ മുന്നേറേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ, പ്രത്യേകിച്ച് സിനിമാ രംഗത്ത്? അവിടെ സൈഡ് പിടിക്കുന്നില്ല എന്ന വ്യാജേന സൈഡ് പിടിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. മുകേഷിന്റെയും കെ.ബി.ഗണേഷ്‌കുമാറിന്റേയും അത്ര തരംതാണില്ല എന്നു മാത്രം.
പ്രളയ ദുരന്തത്തിലും ഇടപെടാതെയുള്ള ഇടപെടലാണ് മോഹന്‍ലാല്‍ നടത്തിയത്. ദുരന്ത നാളുകളില്‍ മമ്മൂട്ടി കുറച്ചെങ്കിലും പ്രത്യക്ഷപ്പെട്ടു. മാനം തെളിഞ്ഞ ശേഷമാണ് മോഹന്‍ലാലിനെ കണ്ടത്. തന്റെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സഹായ സാമഗ്രികള്‍ നിറച്ച ചെറിയ കെട്ടുകള്‍ വിതരണം ചെയ്യുന്ന ഒരു ഫോട്ടോ ഓപ് ആയിരുന്നു ആ പ്രത്യക്ഷപ്പെടല്‍. മുഖത്ത് ഒരു സന്തോഷമില്ലായ്മ. ഏതോ ഒരു ശകുനം മുടക്കി പത്രക്കാരന്‍ ഇടയ്‌ക്കൊരു ചോദ്യം ചോദിച്ചു. കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച്. എന്തൊരു ദേഷ്യത്തോടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ചോദ്യകര്‍ത്താവിനെ അധിക്ഷേപിച്ച്, പുരികങ്ങള്‍ ഉയര്‍ത്തി, മുഖം വെട്ടിത്തിരിച്ച് ഒരു വാക്കൗട്ട്. ഇങ്ങനെ പോയാല്‍ ശശി തരൂര്‍ പാട്ടുംപാടി ജയിക്കും.
എന്തു പറ്റി നമ്മുടെ മോഹന്‍ലാലിന്?