അബഹ- അസീർ പ്രവിശ്യയിലെ ദഹ്‌റാൻ അൽജുനൂബിൽ എ.ടി.എം കൊള്ളയടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ദഹ്‌റാൻ അൽജുനൂബ്-നജ്‌റാൻ റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിനോട് ചേർന്ന് സ്ഥാപിച്ച എ.ടി.എം കൊള്ളയടിക്കപ്പെട്ടതായി വ്യാഴാഴ്ച പുലർച്ചെയാണ് പോലീസിൽ വിവരം ലഭിച്ചതെന്ന് അസീർ പ്രവിശ്യ പോലീസ് വക്താവ് മേജർ സൈദ് അൽ ഖഹ്താനി പറഞ്ഞു. ഷെവൽ ഉപയോഗിച്ച് ഇളക്കിമാറ്റിയ എ.ടി.എം കവർച്ച സംഘം വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. അന്വേഷണത്തിൽ എ.ടി.എം നീക്കം ചെയ്യുന്നതിന് സംഘം ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും പോലീസിന് സാധിച്ചു.
വിജനമായ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച നിലയിൽ എ.ടി.എമ്മും കണ്ടെത്തി. പ്രതികളുടെ പക്കൽ ആയുധവും കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് അസീർ പോലീസ് വക്താവ് പറഞ്ഞു. കവർന്ന സ്ഥലത്തു നിന്ന് ആറു കിലോമീറ്റർ ദൂരെയാണ് അന്വേഷണ സംഘം എ.ടി.എം കണ്ടെത്തിയത്. കവർച്ച ചെയ്യപ്പെടുമ്പോൾ എ.ടി.എമ്മിനകത്ത് പതിനാലു ലക്ഷം റിയാലുണ്ടായിരുന്നു.