Sorry, you need to enable JavaScript to visit this website.

ബിഷപ്പും കോടിയേരിയും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത് നിയമത്തിനു മുമ്പിൽ എത്തിച്ചത് വൈകിയെത്തിയ ആശ്വാസമാണ്. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും തങ്ങൾക്കു നീതി ലഭിക്കണമെന്നുമുള്ള ആവശ്യമുയർത്തി എറണാകുളം ഹൈക്കോടതിക്കടുത്ത് തെരുവിൽ കന്യാസ്ത്രീകൾ നടത്തിവന്ന ഐതിഹാസിക സമരത്തിന്റെ ആദ്യഘട്ട വിജയവും. 
നീതി ഉറപ്പാകാൻ ഇനിയും ഏറെദൂരം പോകേണ്ടതുണ്ട്.  പോലീസിന്റെയും അതിനെ നയിക്കുന്ന ഗവൺമെന്റിന്റെയും ആത്മാർത്ഥമായ കഠിന പ്രയത്‌നത്തിലൂടെ മാത്രമേ അത് ലഭ്യമാക്കാനാകൂ. ഭരണം നയിക്കുന്ന മുഖ്യകക്ഷിയായ സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യ നിലപാട് പക്ഷേ ആശങ്ക വർധിപ്പിക്കുന്നു. കന്യാസ്ത്രീ സമരത്തിനെതിരെ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയും പാർട്ടി മുഖപത്രത്തിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനവും. അതോടൊപ്പമോ അതിലേറെയോ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങളോട് കമ്മ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ചുപോന്നതും സ്വീകരിക്കേണ്ടതുമായ നിലപാടുകളെ തള്ളിക്കളയുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ ഇടപെടൽ. 
ഡി.വൈ.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്യവേയാണ് കോടിയേരി കന്യാസ്ത്രീകളുടെ സമര കോലാഹലത്തിന് ദുരുദ്ദേശ്യമുണ്ടെന്ന് ആക്ഷേപിച്ചത്. ദുഷ്ടമായ ഉദ്ദേശ്യമോ ചീത്ത ലക്ഷ്യമോ ഉണ്ടെന്നാണ് അതിന്റെ പച്ചമലയാളം. കന്യാസ്ത്രീകളുടെ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അന്വേഷണ ഏജൻസിയെ നയിക്കുന്ന, ഗവണ്മെന്റിനെ ഭരിക്കുന്ന പാർട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്. തന്നെയുമല്ല രണ്ടു ദിവസത്തെ ചോദ്യംചെയ്യലിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ്ണമായും ബോധ്യപ്പെട്ട സന്ദർഭത്തിൽ. 
സാധാരണ ഗതിയിൽ പോലീസ് മേധാവിയിൽനിന്നും ഭരണ നേതൃത്വത്തിൽനിന്നും പച്ചക്കൊടി കിട്ടേണ്ട അതിനിർണായക ഘട്ടത്തിലാണ് സി.പി.എം സെക്രട്ടറി കന്യാസ്ത്രീ സമരത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ തന്നെ തള്ളിപ്പറഞ്ഞത്.  മുഖ്യമന്ത്രി സ്ഥലത്തില്ലാതിരിക്കുക. മന്ത്രിസഭാ യോഗം ചേരുമ്പോൾ അധ്യക്ഷത വഹിക്കാൻ മാത്രമേ മന്ത്രി ഇ.പി ജയരാജന് അധികാരം നൽകിയിട്ടുള്ളൂ. പോലീസിന് നയപരമായ നിർദ്ദേശം കൊടുക്കാൻ ഭരണ നേതൃത്വത്തിൽ ഒരാളില്ല. ഡി.ജി.പിയും അന്വേഷണ സംഘവും നിലപാടു സംബന്ധിച്ച് തികഞ്ഞ ആശയക്കുഴപ്പത്തിൽ.  അറസ്റ്റുമായി മുന്നോട്ടു പോകാതെ വയ്യെന്ന് അന്വേഷണ സംഘം.  സ്വയം തീരുമാനമെടുക്കാൻ ധൈര്യപ്പെടാതെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടാൻ തീരുമാനം. ഇനി ഒട്ടും അറസ്റ്റു വൈകിച്ചുകൂടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഓഫീസ്. 
ഈ വസ്തുതയെല്ലാം പരിശോധിച്ചുകൊണ്ടാണ് കന്യാസ്ത്രീ സമരത്തിനെതിരായ തന്റെ പ്രസ്താവനയെ വീണ്ടും ന്യായീകരിച്ചും വിശദീകരിച്ചും രാത്രി എഴുതിത്തയാറാക്കി വെള്ളിയാഴ്ചത്തെ മുഖപത്രത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു വിശദീകരിച്ചത്: കന്യാസ്ത്രീകളുടെ സമരത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. സമരത്തിന്റെ മറവിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയ വിദ്വേഷം പരത്തുന്നു.  അതിനായി കന്യാസ്ത്രീ സമരത്തെ ചില രാഷ്ട്രീയ ശക്തികൾ ഹൈജാക് ചെയ്യുന്നു -അതിന്റെ അപകടം തിരിച്ചറിയണമെന്നാണ് കോടിയേരി മുന്നറിയിപ്പു നൽകിയത്. 
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റു വിഷയങ്ങളിലെന്ന പോലെ ബിഷപ്പിനെതിരായ കേസിൽ പോലീസ് സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ചു മന്ത്രിമാർക്കിടയിലെ അഭിപ്രായ ഭിന്നത തുടരുകയാണ്. വെള്ളിയാഴ്ച ബിഷപ്പിനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന നടപടി പോലും വൈകുന്നതിലേക്ക് ഇത് കാരണമായി. സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെക്കുറിച്ച് പ്രതികരിക്കേണ്ടിവന്ന മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിയമ്മയും ഇ.പി. ജയരാജനും സെക്രട്ടറിക്കു പിന്തുണ നൽകിയില്ല. സമരത്തിനു പിന്നിൽ ആരൊക്കെയുണ്ടെന്നതല്ല പ്രധാനം, കന്യാസ്ത്രീകളുടെ ആവശ്യമാണ്  പ്രധാനമെന്ന് മെഴ്‌സിക്കുട്ടിയമ്മ മറയിടാതെ തന്നെ പറഞ്ഞു. ഫലിതപ്രിയനായ ഇ.പി, ജയരാജനാകട്ടെ, കോടിയേരി പറഞ്ഞാൽ  അതേക്കുറിച്ച് തീർച്ചയായും അന്വേഷിക്കണമെന്നാണ് പ്രതികരിച്ചു കണ്ടത്.   
കോടിയേരി സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമൊക്കെ ആയിട്ടുണ്ടെങ്കിലും ഈ ബലാത്സംഗ കേസിനെ പോലീസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെടുത്തി മുൻ പോലീസ് മന്ത്രിയുടെ മട്ടിലാണ് കാണുന്നത്. അന്വേഷണം ശരിയായ വിധത്തിലാണെന്ന ഹൈക്കോടതി വിധി പൊക്കിക്കാണിച്ചാണ് അറസ്റ്റ് വൈകിച്ചതിനെ ന്യായീകരിക്കുന്നത്. അദ്ദേഹം കേസിന്റെ നാലു വർഷത്തെ പഴക്കത്തെക്കുറിച്ചു മാത്രമേ വേവലാതിപ്പെടുന്നുള്ളൂ. 
സഭാ വിശ്വാസത്തിന്റെ തടവുമുറികളിൽ കഴിഞ്ഞുപോന്ന കന്യാസ്ത്രീ ബലാത്സംഗം നേരിട്ടപ്പോൾ അക്രമിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിച്ചും  ആത്മാഭിമാനവും തന്റെയും സഭയുടെയും വിശ്വാസവും സംരക്ഷിക്കാൻ വത്തിക്കാനിൽ വരെയുള്ള സഭയുടെ വാതിലുകളിലും മുട്ടിയും പിന്നിട്ട കാലത്തെക്കുറിച്ചല്ല. അവർ സഹിച്ച കൊടുംവേദനയെയും അപമാനത്തെയും കുറിച്ചല്ല.  സഭ ഇതുവരെ പുലർത്തിയ ക്രൂരമായ മൗനത്തെക്കുറിച്ചല്ല.  ഗതികെട്ടാണ് കന്യാസ്ത്രീ അവസാന പ്രതീക്ഷയെന്ന നിലയിൽ പൗരോഹിത്യത്തിന്റെ പുരുഷ മേധാവിത്വത്തിന് അടിയറ പറയാൻ തയാറാകാതെ സഭയ്ക്കു പുറത്ത് നിയമപാലകർക്കു മുമ്പിൽ പരാതി കൊടുത്തത്. 
അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി പറഞ്ഞത് കോടിയേരി കേമമായി ചൂണ്ടിക്കാട്ടുന്നു.  ബിഷപ്പിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ലഭിച്ചുകഴിഞ്ഞെന്ന് അന്വേഷണ സംഘം  ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി അങ്ങനെ പ്രതികരിച്ചത്. 
ബിഷപ്പിനെ അറസ്റ്റു ചെയ്യുകയും വൈദ്യ പരിശോധനക്ക് വിധേയമാക്കുകയുമായിരുന്നു പിന്നീട് പോലീസ് ചെയ്യേണ്ടിയിരുന്നത്. കോടിയേരി പറയുന്ന കയ്യാമം മാറ്റിവെക്കുകയായിരുന്നില്ല.  ബിഷപ്പ് അദ്ദേഹത്തിന്റെ സഭയുടെ വൻ സ്വാധീനമുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ തിരുത്തിക്കാനുമാണ്  ഈ നീണ്ട ഇടവേള ഇപയോഗിച്ചത്.  തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും പോലീസ് ശേഖരിച്ച തെളിവുകളും മനസ്സിലാക്കി അത് മറികടക്കാനുള്ള നിയമോപദേശവും സഹായവും തേടുകയാണ്. അറസ്റ്റു നീട്ടിക്കൊണ്ടുപോയി ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടാനുള്ള സാഹചര്യം ബിഷപ്പിന് ലഭിക്കുകയും ചെയ്തു. ആരോപണമുന്നയിച്ച കന്യാസ്ത്രീക്കും അവർക്ക് ധാർമ്മികവും വിശ്വാസപരവുമായ പിന്തുണ നൽകി പ്രശ്‌നം പൊതു സമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിച്ച കന്യാസ്ത്രീകൾക്കുമെതിരെ ഭീഷണി മുഴക്കാനും സ്വാധീനിച്ച് കേസു പൊളിക്കാനുമാണ്.  
ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പരിശുദ്ധരും സംഘശക്തിയുടെ പിൻബലമില്ലാത്തവരുമാണ് ക്രിസ്തുവിൽ സമർപ്പിച്ച് സേവന നിരതരായി ജീവിതം മെഴുകുതിരി പോലെ ഉരുകിത്തീർക്കുന്ന കന്യാസ്ത്രീകൾ.  സി.പി.എം ഉൾപ്പെടെ ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരുമായ (കോടിയേരി പറയുന്ന ഹിന്ദുത്വ വർഗീയ കക്ഷികളടക്കം) അവരെ തിരിഞ്ഞുനോക്കിയില്ല. എന്നിട്ടും  ദുർബലരായ സ്ത്രീകളിലെ അതിദുർബലരും ഏകാകിനികളുമായ കന്യാസ്ത്രീകളുടെ വിപ്ലവകരമായ നീക്കത്തെ സഭയിലെ വലിയൊരു വിഭാഗം വിശ്വാസികളും മഠങ്ങളിലെ കന്യാസ്ത്രീകളും പൊതു പ്രവർത്തകരും സ്ത്രീസമൂഹമാകെയും ആ സമരം ഏറ്റെടുത്തപ്പോൾ. മുഖ്യധാരാ പാർട്ടികളുടെ പിൻബലമില്ലാതിരുന്നിട്ടും അതിനെ കേരളത്തിന്റെയാകെ സമരമായി  മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്കും ആളിപ്പടർന്നു. ഇതാണ് സി.പി.എം സെക്രട്ടറി ആരോപിക്കുന്ന പോലീസിനും ഗവണ്മെന്റിനും എതിരായ സമരം.  പോലീസിന്റെ തെളിവെടുപ്പിനെ പോലും അട്ടിമറിക്കുന്ന സമര കോലാഹലം. എന്തൊരു മാർക്‌സിയൻ കാഴ്ചപ്പാട്. 
പുരുഷ മേധാവിത്വത്തെ ഉറപ്പിച്ചുനിർത്തുകയും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ രൂക്ഷമായ ആക്രമണം നടത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളാണ് ഭൂരിപക്ഷ - ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാതരം വർഗീയതകളുടേതും. ഈ നിലപാടാണ് മാർക്‌സിസ്റ്റുകാർ ഇതുവരെ മുന്നോട്ടുവെച്ചു പോന്നിരുന്നത്. മഹിളാ പ്രസ്ഥാനങ്ങളടക്കമുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങളെല്ലാം തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന ഹിന്ദു വർഗീയവാദികളുടെ നേരെ തിരിക്കുമ്പോൾ തന്നെ ഇസ്‌ലാമികവും ക്രിസ്തീയവും മറ്റുമായ ന്യൂനപക്ഷ വർഗീയ രൂപങ്ങളെയും എതിർക്കണമെന്നും അവർ അനുശാസിച്ചു പോന്നു. വിശിഷ്യാ, കന്യാസ്ത്രീകളുടെ ഈ പോരാട്ടത്തിന് ആദ്യം പിന്തുണയുമായി എത്തേണ്ടത് സി.പി.ഐ.എം അടക്കമുള്ള ഇടതുപാർട്ടികളായിരുന്നു.  ക്രൈസ്തവ മതമേധാവിത്വത്തിന്റെ നേതൃത്വത്തിൽനിന്നുണ്ടായ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ പക്ഷേ, മറിച്ചാണ് സി.പി.എം നിലപാടെടുത്തത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന,  ബിഷപ്പായാലും സന്ന്യാസിയായലും മുക്രിയായാലും സ്ത്രീപീഡന കേസുകളിൽ വിട്ടുവീഴ്.യില്ലാതെ നടപടി എടുക്കുന്നതാണ് തങ്ങളുടെ നയമെന്ന്  അവകാശപ്പെടുമ്പോൾ. 
ഗവണ്മെന്റ് ഇരയ്‌ക്കൊപ്പമാണെന്ന് മാധ്യമങ്ങൾക്കു മുമ്പിൽ പറയുകയും അവരുടെ സമര മുഖത്തുനിന്ന് പാർട്ടി നേതാക്കളും വനിതാ മന്ത്രിമാരും വനിതാ കമ്മീഷൻ അധികൃതരുമടക്കം മാറിനിൽക്കുകയും ചെയ്തത് എന്തുകൊണ്ടാണ്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയർപ്പിക്കാൻ എം.എം. ലോറൻസിനെ പോലെ മുതിർന്നൊരു നേതാവ് സമര വേദിയിൽചെന്ന് പിന്തുണ നൽകുകയും  അത് പാർട്ടി നിലപാടല്ലെന്ന് പറയേണ്ടിവരികയും ചെയ്തതെന്തുകൊണ്ടാണ്?   
ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന് പരാതിക്കാരിയോ സമരം നടത്തുന്ന കന്യാസ്ത്രീകളോ അവർക്ക് പിന്തുണ നൽകുന്ന സഭയ്ക്കകത്തും സന്ന്യാസി സഭയ്ക്കുള്ളിലുമുള്ള വിശ്വാസികളോ പൊതു പ്രവർത്തകരോ ചിത്രീകരിക്കുകയോ സഭയെ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 
സമര രംഗത്തുള്ള കന്യാസ്ത്രീകളുടെ ആത്മവിശ്വാസവും മനോവീര്യവും തകർക്കുന്ന അത്തരമൊരാരോപണം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോൾ രംഗത്തു വരുന്നത് ആരെ പിന്തുണയ്ക്കാനാണ്. കന്യാസ്ത്രീ ഉന്നയിച്ച ആരോപണത്തെ തുടർന്ന് ആഭ്യന്തര ശുദ്ധീകരണം നടത്താനുള്ള കരുത്ത് ക്രൈസ്തവ സഭയ്ക്കുണ്ടെന്ന്  സി.പി.എം കരുതുന്നുണ്ടെന്ന് കോടിയേരി വെളിപ്പെടുത്തുന്നത് ഒരു ലോകവാർത്ത തന്നെയാണ്. 
സന്മാർഗ ജീവിതത്തിൽനിന്ന് വ്യതിചലിക്കുന്ന വൈദികർക്ക് താക്കീതും ശിക്ഷയും നൽകുന്നതിനും അവരെ നേർവഴിക്കു നയിക്കാൻ ഉപദേശവും കൽപനയും പുറപ്പെടുവിക്കുന്നതിനും മാർപാപ്പ ധീരമായ നേതൃത്വം നൽകുന്നുണ്ടെന്നും കോടിയേരി എഴുതുന്നു. 
ബിഷപ്പ് ഫ്രാങ്കൊയെ അറസ്റ്റുചെയ്തതു കൊണ്ട് അവസാനിക്കുന്ന ഒന്നല്ല കോടിയേരി പ്രസ്താവനയിലൂടെ കേരളത്തിൽ തുറന്നുവിട്ടിട്ടുള്ള വിശ്വാസത്തിന്റെ ഭൂതം. ബിഷപ്പ് ഫ്രാങ്കൊ കഴിഞ്ഞ മൂന്നു മാസമായി പറഞ്ഞുകൊണ്ടിരിക്കുന്നതും സഭയുടെ വക്താക്കൾ നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനങ്ങൾ അവഗണിച്ചു തള്ളിയ ന്യായീകരണങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയിൽനിന്ന് ഉയരുകയാണ്. 

Latest News