കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ കോടതിയിൽ ഹാജരാക്കും. പാല മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും ബിഷപ്പിനെ ഹാജരാക്കുക. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഫ്രാങ്കോയുടെ മെഡിക്കൽ രേഖകൾ പോലീസ് ശേഖരിക്കും. ഇതിന് ശേഷമായിരിക്കും കോടതിയിലേക്ക് കൊണ്ടുപോകുക. ബിഷപിന് വേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ രാമൻ പിള്ള ഹാജരാകും. നടിയെ അക്രമിച്ച കേസിൽ നടൻ ദീലീപിന് വേണ്ടി ഹാജരായതും രാമൻ പിള്ളയായിരുന്നു.
ബിഷപിനെ ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃപ്പൂണിത്തുറയിൽ നിന്നും കോട്ടയത്തേക്കുളള യാത്രാമധ്യേയാണ് ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് അറിയിച്ചതിനെ തുടർന്ന്്് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. രാത്രി 11 മണിയോടെയാണ് ബിഷപ്പ് സഞ്ചരിച്ച ജീപ്പ്്് മെഡിക്കൽ കോളജിലെത്തിയത്്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ഉടൻ തൃപ്പൂണിത്തുറ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നുവെന്ന് പറയുന്നു. ആറുമണിക്കൂർ നീരീക്ഷണത്തിന്്് ഡോക്ടർമാർ നിർദേശിച്ചു. കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ കുഴപ്പമൊന്നും കണ്ടെത്താനായില്ല. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മെഡിക്കൽ കോളജിൽ എത്തിയ സമയത്ത്് ഡ്യൂട്ടി ഡോക്ടർമാത്രമാണ് ഉണ്ടായിരുന്നത്്. അറസ്റ്റിലായ ബിഷപ്പിനെ ഇന്ന് പാലാ കോടതിയിൽ ഹാജരാക്കുന്നതിനാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്്. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് പാലാ കോടതിയുടെ പരിധിയിലാണ്.