പെര്‍ത്ത്- പായ് വഞ്ചിയില്‍ കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ടു. സാരമായി പരിക്കേറ്റ് അഭിലാഷ് സുരക്ഷിതാനെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അഭിലാഷിനെ കണ്ടെത്തുന്നതിനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് തീരത്തു നിന്നും 1900 നോട്ടിക്കല്‍ മൈല്‍ അകലെ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് അഭിലാഷ് കുടുങ്ങിക്കിടക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് ഏതാണ്ട് 2700 നോട്ടിക്കല്‍ മൈല്‍ അകലെയാണിത്. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോഓര്‍ഡിനേഷന്‍ സെന്ററാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഒസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ നാവിക സേനയുമടക്കം വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് സത്പുര യുദ്ധക്കപ്പല്‍ പുറപ്പെട്ടു. ചേതക് ഹെലികോപ്റ്ററുകളും ഈ കപ്പലിലുണ്ട്.
കഴിഞ്ഞ ദിവസം ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ടാണ് വഞ്ചി തകര്‍ന്ന് കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഗുരുതര പരിക്കേറ്റത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിലും 10 മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകളിലുപ്പെട്ടാണ് അപകടമുണ്ടായത്. തന്റെ വഞ്ചിയായ തുരിയയില്‍ സുരക്ഷിതനാണെന്ന് അഭിലാഷ് അവസാനമായി അയച്ച സാറ്റലൈറ്റ് സന്ദേശത്തില്‍ അറിയിച്ചിരുന്നു. മുതുകിന് പരിക്കേറ്റ് അനങ്ങാന്‍ വയ്യാത്ത സ്ഥിതിയിലാണെന്നും അറിയിച്ചിരുന്നു. സാറ്റലൈറ്റ് ഫോണ്‍ ഇപ്പോഴും സജീവമാണ്. കടലില്‍ അലയുന്ന അഭിലാഷിനേയും വഞ്ചിയേയും ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാ പ്രവര്‍ത്തകര്‍. നാവിക സേനയില്‍ ഫ്‌ളൈയിങ് ഓഫീസറായ കമാന്‍ഡര്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരനാണ്. കടലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ്. 2013ലായിരുന്നു ഈ നേട്ടം.
Thank you for your support and concern in these trying times. Abhilash has sustained some serious back injuries, however he says he's safe inside the boat. Indian Navy is doing their best as they always have. His tracker is working. He has activated the EPIRB. Help is on its way.
— Abhilash Tommy (@abhilashtomy) September 22, 2018
ഗോള്‍ഡന്‍ ഗ്ലോബ് റേസ്
ഒരിടത്തും നിര്‍ത്താതെ ഒറ്റയ്ക്ക് കടലിലൂടെ പായ് വഞ്ചിയില്‍ ലോകം ചുറ്റി പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ഇതില്‍ പങ്കെടുക്കുന്നവര്‍ സഞ്ചരിക്കുന്നത് അര നൂറ്റാണ്ടു മുമ്പത്തെ കടല്‍ യാത്രാ സംവിധാനങ്ങള്‍ മാത്രമുള്ള വഞ്ചികളിലാണ്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിന്റെ 84ാം ദിവസമാണ് അഭിലാഷ് ടോമിക്ക് അപകടമുണ്ടായത്. 11 രാജ്യാന്തര മത്സരാത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ നിലവില്‍ അഭിലാഷ് ടോമി മൂന്നാം സ്ഥാനത്തായിരുന്നു. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ തുറമുഖത്തു നിന്നാരംഭിച്ച മത്സരത്തില്‍ അഭിലാഷ് ഇതുവരെ 10,500 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടിട്ടുണ്ട്.