ദുബായ്- ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെ രണ്ടു ദുബായ് പോലീസ് ഓഫീസര്‍മാരെ ആക്രമിച്ച ബ്രിട്ടീഷുകാരനായ പ്രവാസിക്ക് കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചു. ഉപകരണങ്ങള്‍ നശിപ്പിച്ചതിന് 1,338 ദിര്‍ഹം പിഴയുമിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് അടിമകളെ പാര്‍പ്പിക്കുന്ന തടങ്കലിലേക്ക് തിരികെ കയറ്റുന്നതിനിടെയാണ് 29കാരനായ ബ്രിട്ടീഷ് യുവാവ് പോലീസ് ഓഫീസര്‍മാരെ മര്‍ദിച്ചത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. പുരുഷന്‍മാരെ പാര്‍പ്പിച്ച തടങ്കലില്‍ നിന്ന് നിലവിളി കേട്ട് എത്തിയ പോലീസ് ശ്വാസം തടസ്സം നേരിട്ട പ്രതിയെ കാണുകയും ഉടന്‍ വൈദ്യം സഹായം നല്‍കുന്നതിന് പുറത്തേക്കു കൊണ്ടുവരികയുമായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പ്രശനങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെ തിരികെ തടങ്കലിലേക്ക് തന്നെ മാറ്റുന്നതിനിടെയാണ് പോലീസ് ഓഫീസര്‍മാരെ പ്രതി ആക്രമിച്ചത്.
തടങ്കലിലേക്ക് തിരികെ പ്രവേശിക്കാന്‍ വിസമ്മതിച്ച പ്രതി ആക്രമാസക്തമാകുകയും കുതറിയോടുകയുമായിരുന്നു. തീപ്പിടുത്ത മുന്നറിയിപ്പു സംവിധാനം തകര്‍ത്തു പുറത്തേക്കുള്ള വഴിലേക്കോടി. ഇവിടെ വച്ച് തടഞ്ഞതോടെ മറ്റൊരു വാതിലിലൂടെ പുറത്തേക്കോടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നതോടെ ഇയാള്‍ ഓടി വനിതാ പോലീസ് ഓഫീസര്‍മാരുടെ മുറിയിലേക്കു കടന്നു. ഒരു പോലീസ് ഉദ്യോഗസ്ഥയുടെ മൊബൈല്‍ എടുത്ത് വിളിക്കാന്‍ ശ്രമിക്കുകയും ശേഷം നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി വീണ്ടും തടവിലിടുകയായിരുന്നു. ഈ സംഭവത്തിനിടെയാണ് പ്രതി പോലീസുകാരെ ആക്രമിച്ചത്. സ്റ്റേഷനിലെ ഒരു ലാന്‍ഡ് ഫോണും പ്രതി നശിപ്പിച്ചിരുന്നു. പോലീസ് നല്‍കിയ തെളിവുകള്‍ പരിശോധിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്കു ആറു മാസം തടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഇപ്പോള്‍ തടവില്‍ കഴിയുന്ന പ്രതിക്ക് ശിക്ഷാവിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാം.