ഭുവനേശ്വർ- ഒഡീഷയിൽ ഈ വർഷം നടക്കുന്ന ലോകകപ്പ് ഹോക്കിയുടെ ഔദ്യോഗിക ഗാനമൊരുക്കുന്നത് സംഗീത പ്രതിഭ എ.ആർ റഹ് മാൻ. പ്രശസ്ത കവിയും ഗാനയരചയിതാവുമായ ഗുൽസാറിന്റെ വരികളാവും എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തുക. ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന നവംബർ 27ന് ഭുവനേശ്വറിൽ എ.ആർ. റഹ്മാൻ ലൈവായി ഔദ്യോഗിക ഗാനം അവതരിപ്പിക്കും.
സംഗീതത്തിലെ രണ്ട് മഹാ പ്രതിഭകളെ തന്നെ ലോകകപ്പ് ഹോക്കിയുടെ ഗാനം ചിട്ടപ്പെടുത്താൻ കിട്ടിയത് മഹത്തായ കാര്യമാണെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു.
പതിനാലാമത് ലോകകപ്പ് ഹോക്കിയിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ ഇത് മൂന്നാം തവണയാണ് ഹോക്കി ലോകകപ്പിന് ആതിഥ്യമരുളുന്നത്. 1982ൽ മുംബൈയും 2010ൽ ന്യൂദൽഹിയും ലോകകപ്പിന് വേദിയായിട്ടുണ്ട്.