തെസ്സലോനിക്കി (ഗ്രീസ്)- ബ്രസീൽ താരം വില്യന്റെ ഗോളിൽ ചെൽസിക്ക് യൂറോപ്പ കപ്പിൽ നിർണായക ഏവേ വിജയം. ഗ്രീസിലെ പി.ഒ.എ.കെ തെസ്സലോനിക്കിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. ഏഴാം മിനിറ്റിലായിരുന്നു വില്യന്റെ നിർണായക ഗോൾ. മറ്റൊരു സുവർണാവസരം യുവാൻ മൊറാട്ട പാഴാക്കിയില്ലായിരുന്നെങ്കിൽ ചെൽസിയുടെ ഗോൾ മാർജിൻ മെച്ചപ്പെട്ടേനെ.
എങ്കിലും പുതിയ കോച്ച് മോറീഷ്യ സാറിയുടെ കീഴിൽ ചെൽസിയുടെ തുടർച്ചയായ ആറാം വിജയമാണിത്. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ചെൽസി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
മറ്റൊരു ഇംഗ്ലീഷ് ടീമായ ആഴ്‌സനൽ 4-2ന് ഉക്രെയിന്റെ വോർസ്‌ക്ലയെ തോൽപ്പിച്ചു. രണ്ട് ഗോളടിച്ച പിയറി എമറിക് ഒബാമിയാങ്ങാണ് ഗണ്ണേഴ്‌സ് നിരയിൽ തിളങ്ങിയത്. ഡാനി വെൽബെക്കും മെസുത് ഓസിലും ഓരോ ഗോളടിച്ചു.
ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാൻ ലക്‌സംബർഗിലെ ഡുഡെലാംഗിനെ കഷ്ടിച്ച് 1-0ന് തോൽപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോൺസാലോ ഹിഗ്വെയ്‌നാണ് ഗോളടിച്ചത്.
യൂറോപ ലീഗിൽ ഏറ്റവുമധികം വിജയം നേടിയിട്ടുള്ള സെവിയ 5-1ന് സ്റ്റാൻഡേർഡ് ലീജിനെ തകർത്തു. എന്നാൽ ഫ്രാൻസിന്റെ ഒളിംപിക് മാഴ്‌സെയെ ജർമനിയുടെ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ട് 1-2ന് തോൽപ്പിച്ചു.