Sorry, you need to enable JavaScript to visit this website.

യോഗേശ്വർ ഇടപെട്ടു ബജ്‌രംഗ് മനസ്സുമാറ്റി

ബജ്‌രംഗ് പുനിയ

ന്യൂദൽഹി- രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് നൽകാതെ തന്നെ തഴഞ്ഞുവെന്നാരോപിച്ച് കോടതിയെ സമീപിക്കാനിരുന്ന ഗുസ്തി താരം ബജ്‌രംഗ് പുനിയ മനസ്സ് മാറ്റുന്നു. തന്റെ മാർഗദർശിയായ യോഗേശ്വർ ദത്തിന്റെ ഇടപെടലിനെ തുടർന്നാണ് 24 കാരൻ പിൻവാങ്ങുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന ഉപദേശമാണ് യോഗേശ്വർ, ബജ്‌രംഗിന് നൽകിയത്. 
ഖേൽ രത്‌ന വിഷയത്തിൽ തന്നെ തഴഞ്ഞതിൽ പ്രതിഷേധമറിയിക്കാൻ ബജ്‌രംഗ് കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സംഗ് റാത്തോഡിനെ കണ്ടിരുന്നു. വിഷയം പരിഗണിക്കാമെന്ന് ബജ്‌രംഗിന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. മന്ത്രിയിൽനിന്ന് അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം താൻ കോടതിയുടെ വാതിലിൽ മുട്ടുമെന്ന് കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയ ബജ്‌രംഗ് പറഞ്ഞിരുന്നു. എന്നാൽ ബജ്‌രംഗിന്റെ സമ്മർദത്തിന് വഴങ്ങേണ്ടെന്നാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ ഗുസ്തി താരം കോടതിയെ സമീപിക്കേണ്ടതാണെങ്കിലും, യോഗേശ്വർ ദത്ത് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. 
ഈ വർഷം ഖേൽ രത്‌ന നൽകാതിരുന്നത് ബജ്‌രംഗിനോട് കാട്ടിയ അനീതിയായിരുന്നുവെന്ന് യോഗേശ്വർ പറഞ്ഞു. ഇക്കാര്യത്തിൽ സ്‌പോർട്‌സ് മന്ത്രിയെ കണ്ടപ്പോൾ, താൻ സെലക്ഷൻ കമ്മിറ്റിയുമായി സംസാരിക്കാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എങ്കിലും ഈ സമയം കോടതിയിൽ പോകാൻ നിൽക്കുന്നത് ലോകകപ്പിനുള്ള തയാറെടുപ്പുകളെ ബാധിക്കുമെന്നാണ് ഞാൻ ബജ്‌രംഗിന് നൽകിയ ഉപദേശമെന്ന് യോഗേശ്വർ പറഞ്ഞു. 
എന്നാൽ അവസാന നിമിഷം ലിസ്റ്റിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് മന്ത്രി നൽകിയ നിർദേശമെന്ന് സ്‌പോർട്‌സ് മന്ത്രാലയവുമായി ബന്ധപ്പെട്ട വക്താക്കൾ പറഞ്ഞു.
ഈ മാസം 25നാണ് ഖേൽ രത്‌ന, അർജുന അവാർഡുകൾ സമ്മാനിക്കുന്നത്. സാധാരണ ഗതിയിൽ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29നാണ് കായിക അവാർഡുകൾ നൽകുന്നതെങ്കിലും, ഇത്തവണ ഏഷ്യൻ ഗെയിംസ് വന്നതിനാൽ അവാർഡ് ദാനം നീട്ടിവെക്കുകയായിരുന്നു.
 

Latest News