Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് സൂപ്പർ ജയം

രവീന്ദ്ര ജദേജയുടെ വിക്കറ്റ് ആഘോഷം. 
രോഹിത് ശർമ അർധ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ.
  • ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

ദുബായ്- ക്യാപ്റ്റന്റെ കളി കളിച്ച രോഹിത് ശർമ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയുടെ വിജയം അനായാസമാക്കി. 104 പന്തിൽ 83 റൺസെടുത്ത് രോഹിത് പുറത്താകാതെ നിന്നപ്പോൾ 13.4 ഓവർ അവശേഷിക്കെ ഇന്ത്യ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്തു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ശിഖർ ധവാനും (47 പന്തിൽ, 40), പിന്നീട് മഹേന്ദ്ര ധോണിയും (37 പന്തിൽ 33) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയും, മൂന്ന് വിക്കറ്റ് വീതമെടുത്ത ഭുവനേശ്വർ കുമാറും, ജസ്പ്രീത് ബുംറയും ചേർന്ന് ബംഗ്ലാദേശിനെ 173 റൺസിന് ഓളൗട്ടാക്കിയിരുന്നു. ഒരു ഘട്ടത്തിലും സമ്മർദമില്ലാതെ ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ വിജയ ലക്ഷ്യം മറികടന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. സൂപ്പർ ഫോറിൽ നാളെ പാക്കിസ്ഥാനുമായി ഇന്ത്യ വീണ്ടും ഏറ്റുമുട്ടും.
മത്സരത്തിന്റെ തുടക്കം മുതൽ ബംഗ്ലാദേശിനെ സമ്മർദത്തിലാക്കിയ ഇന്ത്യ ഒരു ഘട്ടത്തിലും അവരെ ശ്വാസം വിടാൻ അനുവദിച്ചില്ല. ഓപ്പണർമാരായ ലിന്റൺ ദാസിനെ (7) ഭുവിയും, നസ്മുൽ ഹുസൈൻ ഷാന്റോയെ (7) ബുംറയും പുറത്താക്കിയതിനു പിന്നാലെയാണ് ജദേജയുടെ വരവ്. അപകടകാരികളായ ഷാക്കിബൽ ഹസൻ (17), മുശ്ഫിഖുർ റഹിം (21), മുഹമ്മദ് മിഥുൻ (9) എന്നിവർക്കു പുറമെ മുസ്സാദിക് ഹുസൈനും (12) ജദേജയുടെ സ്പിന്നിനുമുന്നിൽ വീണു. ഈ ഘട്ടത്തിൽ ഏഴിന് 101 എന്ന നിലയിലേക്ക് തകർന്ന ബംഗ്ലാദേശിനെ പിന്നീട് അൽപമെങ്കിലും ഭേദപ്പെട്ട നിലയിലെത്തിച്ചത് ക്യാപ്റ്റൻ മശ്‌റഫ് മുർതസയും (26), മെഹിദി ഹസൻ മിറാസുമാണ് (42). മശ്‌റഫിനെ ബുംറയുടെ കൈകളിലെത്തിച്ചുകൊണ്ട് ഭുവി ഈ കൂട്ടുകെട്ട് പിരിച്ചതോടെ ബംഗ്ലാദേശിന് പിന്നീട് അധികം പിടിച്ചുനിൽക്കാനായില്ല.


അതിവേഗം വിജയം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. രോഹിതും ധവാനും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെ യാതൊരു സമ്മർദവുമില്ലാതെ മുന്നേറി. ഷാക്കിബൽ ഹസന്റെ പന്തിൽ ധവാൻ പുറത്താകുമ്പോൾ ഇന്ത്യ 61. നാല് ബൗണ്ടറികളും ഒരു സിക്‌സറും ധവാൻ പായിച്ചു. കുറേക്കൂടി ശ്രദ്ധയോടെ കളിച്ച രോഹിതിന് കൂട്ടായി ആമ്പാട്ടി രായിഡു (13) എത്തിയെങ്കിലും അധികം പിടിച്ചുനിൽക്കാനായില്ല. റൂബൽ ഹുസൈന്റെ പന്തിൽ മുശ്ഫിഖ് സ്റ്റംപ് ചെയ്തു. പിന്നീട് രോഹിതും ധോണിയും ചേർന്ന് സ്‌കോർ 170ലെത്തിച്ചു. ധോണിയെ മശ്‌റഫെ മുർത്തസ പുറത്താക്കിയെങ്കിലും അടുത്ത ഓവറിൽതന്നെ രോഹിതും ദിനേശ് കാർത്തിക്കും (1) ചേർന്ന് വിജയം യാഥാർഥ്യമാക്കി. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുമാണ് ഇന്ത്യൻ ക്യാപ്റ്റൻ പായിച്ചത്.


 

Latest News