തിരുവനന്തപുരം- കന്യാസ്ത്രീകളുടെ സമരത്തെ വർഗീയമായി ചിത്രീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി വി.എസും മന്ത്രിമാരും.
ഹിന്ദു രാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയ ശക്തികളാണ് സമരത്തിന് പിന്നിലെന്നും ഇമ്മാതിരി വകതിരിവില്ലായ്മയെ തുറന്നുകാട്ടണമെന്നുമാണ് പാർട്ടി പത്രത്തിലെ ലേഖനത്തിൽ കന്യാസ്ത്രീകളുടെ സമരത്തെ സംബന്ധിച്ച് കോടിയേരി വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നാണ് മന്ത്രിമാരുടെയും വി.എസിന്റെയും പ്രതികരണത്തിൽനിന്നു വ്യക്തമാകുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ കന്യാസ്ത്രീകൾ നടത്തിയ സമരം വിജയിച്ചിരിക്കുന്നു എന്നാണ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞത്. പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ സമരത്തിന്റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എസ് പറഞ്ഞു. കന്യാസ്ത്രീകൾ നടത്തുന്ന സമരം വെറും സമരകോലാഹലമാണെന്നും ഈ സമരത്തെ പിന്തുണക്കുന്നവർക്കു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ വി.എസ് തള്ളുകയാണ്.
അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവർ വേണ്ട രീതിയിൽ നിർവഹിക്കും എന്ന് പ്രതീക്ഷിക്കാമെന്നും വി.എസ് പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരം വർഗീയ ലക്ഷ്യത്തോടെയല്ലെന്നാണ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ കോടിയേരിയുടെ ലേഖനത്തിനെതിരെ പ്രതികരിച്ചത്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് അവർ സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇരയോടൊപ്പമാണ് സർക്കാരെന്നാണ് മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം. കുറ്റവാളികളെ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കോടിയേരിയുടെ ലേഖനത്തെ സംബന്ധിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പാർട്ടി സെക്രട്ടറി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് അടുത്ത കാലത്തായി വർധിക്കുകയാണ്. ഇത് തുറന്ന അഭിപ്രായ പ്രകടനങ്ങളിൽ വരെ എത്തിയിട്ടുണ്ട്. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അഭിപ്രായം അല്ല പാർട്ടിക്ക്. കേന്ദ്രം നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ വ്യക്തമാക്കിയപ്പോൾ കേന്ദ്രസർക്കാർ ആർ.എസ്.എസ് കളിക്കുകയാണെന്നാണ് കോടിയേരിയുടെ നിലപാട്. ഏറ്റവും ഒടുവിൽ യു.എ.ഇ സഹായവുമായി ബന്ധപ്പെട്ടും സർക്കാരും പാർട്ടിയും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായി.
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം മുസ്‌ലിം രാഷ്ട്രമായതിനാൽ ആർ.എസ്.എസ് ഇടപെട്ട് തടഞ്ഞെന്നായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം. പാർട്ടി സെക്രട്ടറിയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയും ഇത്തരം അഭിപ്രായങ്ങൾ വർഗീയത ഉടലെടുക്കാൻ സഹായിക്കുമെന്നും പറഞ്ഞു.
പാർട്ടിയും സർക്കാരും രണ്ട് വഴിക്ക് എന്ന് തോന്നുന്ന രീതിയിലാണ് ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറിയും മന്ത്രിമാരും പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് വിരുദ്ധമായി പാർട്ടി സെക്രട്ടറി സംസാരിച്ചതും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.