ജിദ്ദ - ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ നിറം മാറ്റുന്നതിനും അവയില്‍ എഴുത്തുകള്‍ രേഖപ്പെടുത്തുന്നതിനും ഫോട്ടോകളും പോസ്റ്ററുകളും പതിക്കുന്നതിനും നമ്പര്‍ പ്ലേറ്റുകള്‍ മറക്കുന്നതിനും എതിരെ ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ സുലൈമാന്‍ അല്‍സകരി മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം നിയമാനുസൃതം ശിക്ഷ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്. റോഡുകളില്‍ സംഘം ചേരുന്നതും നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ ട്രാഫിക് പോലീസുകാര്‍ ശക്തമായി കൈകാര്യം ചെയ്യും. വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കും.
ഡ്രൈവര്‍മാര്‍ ട്രാഫിക് പോലീസുകാരുമായി സഹകരിക്കണം. മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കുകയും വേണം. ഇത് റോഡുകളില്‍ ഗതാഗതം സുഗമമാക്കും. ദേശീയദിനാഘോഷത്തിനിടെ ജിദ്ദയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം സുഗമമാക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ സുലൈമാന്‍ അല്‍സകരി പറഞ്ഞു.