റിയാദ് - സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സൗദി യുവാവ് മുഹമ്മദ് റാദി അൽഅനസി 13 രാജ്യങ്ങളിൽ ഹരിത പതാകയേന്തി ബൈക്കിൽ പര്യടനം നടത്തുന്നു. അൽജൗഫ് പ്രവിശ്യയിലെ ഖുറയ്യാത്ത് നിവാസിയായ മുഹമ്മദ് അൽഅനസി തുർക്കി, ബൾഗേറിയ, ഗ്രീസ്, അൽബേനിയ, മാസിഡോണിയ, ബോസ്‌നിയ, ക്രോയേഷ്യ, ഹംഗറി, ഓസ്ട്രിയ, ജർമനി, ഹോളണ്ട്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് പര്യടനം നടത്തുന്നത്. പാരീസിലെ സൗദി എംബസിയിൽ യുവാവ് യാത്ര അവസാനിപ്പിക്കും.
കടന്നുപോകുന്ന ചില രാജ്യങ്ങളിലെ സൗദി എംബസികൾ സംഘടിപ്പിക്കുന്ന ദേശീയദിനാഘോഷ പരിപാടികളിലും യുവാവ് പങ്കെടുക്കും. എൺപത്തിയെട്ടാമത് സൗദി ദേശീയദിനാഘോഷത്തെ കുറിച്ച് മറ്റു രാജ്യക്കാരെ അറിയിക്കുന്നതിനും മറ്റു രാജ്യങ്ങളിലെ പ്രധാന അടയാളങ്ങളും സംസ്‌കാരങ്ങളും അറിയുന്നതിനുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് അൽഅനസി പറഞ്ഞു.