Sorry, you need to enable JavaScript to visit this website.

റഫാൽ അഴിമതി: പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ

റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണം നരേന്ദ്ര മോഡി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഫ്രഞ്ച് വിമാന കമ്പനിയായ ദസോ ഏവിയേഷനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ട് ഉണ്ടാക്കിയ കരാറിൽ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം ഇന്ത്യക്കുണ്ടായി. അത് സംബന്ധിച്ച വസ്തുതകൾ പ്രതിരോധ ഇടപാടിന്റെ രഹസ്യ സ്വഭാവത്തിന്റെയും രാജ്യത്തിന്റെ പ്രതിരോധ സുരക്ഷിതത്വത്തിന്റെയും പേരിൽ വെളിപ്പെടുത്താൻ ഗവൺമെന്റ് വിസമ്മതിക്കുകയാണ്. രഹസ്യ സ്വഭാവത്തെപ്പറ്റി സാക്ഷ്യപ്പെടുത്താൻ ഗവൺമെന്റ് ആശ്രയിച്ചിരുന്നത് ഫ്രഞ്ച് പ്രസിഡന്റിനെ തന്നെയാണ്. ഇടപാടിൽ എന്തൊക്കെയാണ് രഹസ്യ സ്വഭാവമുള്ളതെന്നു നിർണയിക്കേണ്ടത് ഇന്ത്യയാണെന്ന നയതന്ത്രപരമായ പ്രതികരണമാണ് ഫ്രഞ്ച് പ്രസിഡന്റിൽ നിന്നും ഉണ്ടായത്. ഫ്രഞ്ച് ഗവൺമെന്റിന് ഇക്കാര്യത്തിൽ പ്രത്യേക രഹസ്യമൊന്നും ഇല്ലെന്ന സൂചനയാണ് ആ പ്രതികരണം നൽകുന്നത്. 
ഒരു രാഷ്ട്രത്തിൽ പ്രതിരോധ സംബന്ധിയായ ചില രഹസ്യങ്ങൾ അനിവാര്യമായേക്കാമെങ്കിലും ജനാധിപത്യ ക്രമത്തിൽ ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഉരുക്കുമതിലുകൾ ഉയർത്തുന്നത് അപലപനീയമാണ്. റഫാൽ ഇടപാട് സംബന്ധിച്ച് ഉയർന്നിരിക്കുന്ന വിവാദം രാജ്യത്തിന്റെ പ്രതിരോധ ശേഷിയെയും സൈന്യത്തിന് അടിയന്തരവും അനിവാര്യവുമായ പ്രതിരോധ ഇടപാടുകളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. തങ്ങളുടെ പക്ഷം ന്യായീകരിക്കാൻ വ്യോമസേനാ മേധാവിയെ തന്നെ രംഗത്തിറക്കി മോഡി സർക്കാർ തികച്ചും തെറ്റായ കീഴ്‌വഴക്കത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. രാഷ്ട്രീയ വിവാദങ്ങളിൽ നിന്നും പ്രതിരോധ സേനാ വിഭാഗങ്ങൾ ഒഴിഞ്ഞു നിൽക്കുക എന്ന കീഴ്‌വഴക്കമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷവുമായി യാതൊരു ആശയവിനിമയത്തിനും തയാറല്ലെന്ന പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനം ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധതക്കും സ്വേഛാപ്രവണതക്കുമൊപ്പം പ്രതിപക്ഷത്തെ മുഖാമുഖം നേരിടാനുള്ള ഭരണകൂടത്തിന്റെ തന്റേടമില്ലായ്മ കൂടിയാണ് തുറന്നുകാട്ടുന്നത്.
യു.പി.എ ഭരണ കാലയളവിൽ 526 കോടി രൂപ നിരക്കിൽ 126 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ദസോ ഏവിയേഷനുമായി ധാരണയിലെത്തിയിരുന്നത്. അതു സംബന്ധിച്ച ചർച്ചകൾ പ്രതിരോധ ക്രയവിക്രയങ്ങൾക്കായുള്ള ഔദ്യോഗികവും നിയമപരവുമായ മാർഗങ്ങളിലൂടെയാണ് മുന്നേറിയിരുന്നത്. കരാർ അതിന്റെ അന്തിമ ഘട്ടത്തിലെത്തിയ അവസരത്തിലാണ് അന്നത്തെ സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ പുറത്തു പോകേണ്ടി വന്നത്. എല്ലാ കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ഫ്രഞ്ച് സന്ദർശന വേളയിൽ നേരിട്ട് ഇടപെട്ടാണ് റഫാൽ കരാറിൽ ഒപ്പുവെക്കാൻ അവസരമുണ്ടാക്കിയത്. നാളിതുവരെ ദസോ ഏവിയേഷനുമായി ഉണ്ടാക്കിയിരുന്ന ധാരണകൾക്ക് വിരുദ്ധമായി 526 കോടി രൂപയുടെ സ്ഥാനത്ത് അതിന്റെ മൂന്നിരട്ടിയിലധികം, 1670 കോടി രൂപ വീതം വില നൽകി 36 വിമാനങ്ങൾ വാങ്ങാനാണ് കരാർ. യുദ്ധവിമാനത്തിന്റെ രൂപരേഖയിൽ യാതൊരു മാറ്റവും വരുത്താതെ വിലയിൽ വന്ന മാറ്റത്തെ ന്യായീകരിക്കാവുന്ന യാതൊന്നും നിരത്താൻ നാളിതുവരെ പ്രതിരോധ മന്ത്രാലയത്തിനായിട്ടില്ല. വിമാനത്തോടൊപ്പം ലഭിക്കുന്ന ആയുധങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. എന്നാൽ അവ എന്തൊക്കെയാണെന്നോ അവയുടെ വില എന്തെന്നോ അതിന്റെ നിർമാതാക്കൾ ആരെന്നോ വെളിപ്പെടുത്താൻ 'പ്രതിരോധ രഹസ്യ'ത്തിന്റെ പേരിൽ സർക്കാർ വിസമ്മതിക്കുന്നു. യു.പി.എ കാലത്തുണ്ടാക്കിയ ധാരണയിലേതിനേക്കാൾ 'മികവുറ്റതാ'ണ് അവയെന്ന വാദം മാത്രമാണ് മോഡി സർക്കാർ നിരത്തുന്നത്. പ്രതിരോധ ഇടപാടിലെ ഈ സുതാര്യതാ രാഹിത്യമാണ് റഫാൽ ഇടപാടിനെ കൂടുതൽ ദുരൂഹമാക്കുന്നത്.

റഫാൽ യുദ്ധവിമാനങ്ങൾ 126 എണ്ണം വാങ്ങുമ്പോൾ 18 എണ്ണം ഫ്രാൻസിൽ നിർമിച്ചു നൽകാനും ബാക്കിയുള്ളവ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ (എച്ച്.എ.എൽ) സംയോജിപ്പിക്കാനുമുള്ള ധാരണ പുതിയ കരാറിലൂടെ അട്ടിമറിക്കപ്പെട്ടു. 'മേക്ക് ഇൻ ഇന്ത്യ'യെപ്പറ്റി വീമ്പിളക്കുന്ന സർക്കാർ പുതിയ കരാറിനു നൽകുന്ന ന്യായീകരണം അപഹാസ്യമാണ്. എച്ച്.എ.എല്ലിന് അത്തരം ഒരു ദൗത്യം ഏറ്റെടുക്കാനുള്ള സാങ്കേതിക മികവോ ധനശേഷിയോ ഇല്ലെന്നാണ് ന്യായവാദം. എന്നാൽ പ്രതിരോധ വ്യവസായത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് കരാറിൽ പങ്കാളിത്തം ഉറപ്പു വരുത്തിയിരിക്കുന്നു. കരാർ ഒപ്പിടുന്നതിന് ദിവസങ്ങൾ മുമ്പു മാത്രം ശിലാസ്ഥാപനം നടത്തിയ കമ്പനിക്ക് അതിൽ ഇടം ലഭിച്ചതിന് ചങ്ങാത്തത്തിനപ്പുറം മറ്റൊരു ന്യായീകരണവും നിരത്താനാവില്ല.
പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന സംഘത്തിൽ അനിൽ അംബാനിയും ഉൾപ്പെട്ടിരുന്നുവെന്നത് യാദൃഛികമല്ലെന്ന് കരാർ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളിൽ ചർച്ചക്ക് പോലും വിസമ്മതിക്കുന്ന സർക്കാർ ഫലത്തിൽ സ്വന്തം വിശ്വാസ്യതയുടെയും നിലനിൽപിന്റെയും ശവക്കുഴിയാണ് തോണ്ടുന്നത്. 

 

Latest News