മലപ്പുറം- ദേശീയപാത 66ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്ര വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മറിഞ്ഞ കൂറ്റന്‍ പാചകവാതക ടാങ്കറില്‍ നിന്ന് ചോര്‍ന്ന വാതകം സുരക്ഷിതമായി മറ്റു ടാങ്കറുകളിലേക്ക് മാറ്റി വന്‍ ദുരന്തം തടഞ്ഞു. മറിഞ്ഞ ടാങ്കറില്‍ നിന്നുള്ള വാതക ചോര്‍ച്ച പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അര കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റുകയും പ്രദേശത്ത് വൈദ്യുതി വിതരണം നിര്‍ത്തുകയും ചെയ്തിരുന്നു. ദേശീയ പാതയില്‍ ഗതാഗതം തടയുകയും ചെയ്തു. മീഞ്ചന്ത, തിരൂര്‍, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞ ടാങ്കറിലെ വാതകം ഏഴു കാലി ടാങ്കറുകളിലേക്കാണ് സുരക്ഷിതമായി മാറ്റിയത്. ഇവ തൊട്ടടുത്ത ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലേക്കു കൊണ്ടു പോയി. ശേഷം അന്തരീക്ഷത്തില്‍ തങ്ങിനിന്ന വാതകം നിര്‍വീര്യമാക്കിയതായും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.
മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടര്‍ന്ന് പ്രദേശത്ത് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.