കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പിരിമുറുക്കം നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബിഷപ് നല്‍കിയ മൊഴികളില്‍ വൈരുധ്യവും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. ഇത് ഉന്നത പോലീസ് നേതൃത്വം അവലോകനം ചെയ്താണ് അറസ്റ്റ് തീരുമാനമെടുത്തത്. ആരോപണങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തെളിവുകള്‍ പോലീസ് നിരത്തിയോതോടെ ബിഷപ് പ്രതിരോധത്തിലാവുകയായിരുന്നു. ഒടുവില്‍ ലൈംഗിക ബന്ധം നടന്നതായി സമ്മതിക്കേണ്ടി വന്ന ബിഷപ് ബലപ്രയോഗം നടന്നിട്ടില്ലെന്ന വാദമാണ് ഉന്നയിച്ചത്. ഇതോടെ അറസ്റ്റ് അനിവാര്യമാണെന്ന് പോലീസ് മുന്‍കൂട്ടി ബിഷപിനെ അറിയിക്കുകയും ചെയ്തിരുന്നു.
പീഡനം നടന്ന ദിവസങ്ങളില്‍ ബിഷപ് കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകള്‍ പോലീസ് നിരത്തി ഇവിടെ താമസിച്ചിട്ടില്ലെന്ന ബിഷപിന്റെ വാദം പൊളിച്ചു. കന്യാസ്ത്രീയുടെ പരാതി പ്രതികാരമാണെന്ന ബിഷപിന്റെ വാദവും പോലീസ് പൊളിച്ചു. മഠത്തില കന്യാസ്ത്രീകളുടേയും ബിഷപിനെ മഠത്തില്‍ എത്തിച്ച അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവറുടേയും മൊഴികളാണ് എതിരായത്. തീര്‍ത്തും പ്രതിരോധത്തിലായ ബിഷപ് കന്യാസ്ത്രീയുടെ പ്രതികാരമാണ് പരാതിയെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്ത ബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജി തയാറാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും ഏഴു മണിക്കൂര്‍ വീതമാണ് തൃപ്പുണിത്തുറ ഹൈടെക്് ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ പോലീസ് ബിഷപിനെ ചോദ്യം ചെയ്തത്. മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തിരുന്നു.