കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യും. അറസ്റ്റ് അനിവാര്യമാണെന്ന കാര്യം പോലീസ് ഫ്രാങ്കോയെ അറിയിച്ചു. റിമാന്റ് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന വിവരം കേരള പോലീസ് പഞ്ചാബ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ബിഷപ്പിന്റെ ജാമ്യാപേക്ഷയുമായി അദ്ദേഹത്തിന്റെ അഭിഭാഷകരും തയ്യാറായിട്ടുണ്ട്.
കോട്ടയം എസ്.പി ഹരിശങ്കർ ഏതാനും നിമിഷങ്ങൾക്കകം മാധ്യമങ്ങളെ കാണും. ബിഷപ്പിന്റെ അറസ്റ്റിനുള്ള തയ്യാറെടുപ്പുകളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് എസ്.പി ഹരിശങ്കർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അറസ്റ്റ് സംബന്ധിച്ച് സർക്കാർ അഭിഭാഷകരോട് വാക്കാൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിൽ ഇന്ന് രാവിലെ അന്തിമ മറുപടി ലഭിച്ചു. അറസ്റ്റിന് സങ്കേതിക തടസമില്ലെന്നാണ് വിശദീകരണം ലഭിച്ചത്. മൂന്നു ദിവസമായി തുടരുന്ന ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാക്കി. അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പറഞ്ഞു.