ന്യൂദൽഹി - രാജീവ് ഗാന്ധി ഖേൽരത്‌നക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ ഗുസ്തി താരം ബജ്‌റംഗ് പൂനിയ കോടതിയിലേക്ക്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ ബജ്‌റംഗിന്റെ പേര് ഖേൽരത്‌നക്ക് ഗുസ്തി ഫെഡറേഷൻ നിർദേശിച്ചതായിരുന്നു. 2013 ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു ബജ്‌റംഗ്. എന്നാൽ ക്രിക്കറ്റർ വിരാട് കോഹ്‌ലിക്കും വെയ്റ്റ്‌ലിഫ്റ്റിംഗ് ലോക ചാമ്പ്യൻ മീരാഭായി ചാനുവിനും ഖേൽരത്‌ന നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇന്ന് കേന്ദ്ര സ്‌പോർട്‌സ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെ കണ്ട് നിലപാട് അറിയിക്കാനാണ് ബജ്‌റംഗിന്റെ തീരുമാനം.
അവാർഡ് താൻ അർഹിക്കുന്നുവെന്നാണ് കരുതുന്നതെന്നും എന്തുകൊണ്ടാണ് തഴഞ്ഞതെന്ന് സ്‌പോർട്‌സ് മന്ത്രിയോട് ചോദിക്കുമെന്നും ബജ്‌റംഗ് പറഞ്ഞു. നിയമ നടപടി അവസാനത്തെ വഴിയാണ്. അവാർഡിനായി കരഞ്ഞുവിളിക്കുക നല്ല കാര്യമല്ല. എന്നാൽ ഖേൽരത്‌ന ഏറ്റവും വലിയ ബഹുമതിയാണ്. ഏതു സമയത്തും ഒരു പരിക്ക് കായിക താരത്തിന്റെ കരിയർ അവസാനിപ്പിച്ചേക്കാം. മുമ്പ് പോയന്റ് സംവിധാനമുണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിരമായ പ്രകടനത്തിന് പോയന്റ് നൽകിയാണ് അവാർഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തെ പ്രകടനത്തിലൂടെ ആവശ്യത്തിന് പോയന്റുണ്ട് എനിക്ക് -ബജ്‌റംഗ് പറഞ്ഞു.