വലൻസിയ - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ വലൻസിയക്കെതിരായ കളിയിൽ ചുവപ്പ് കാർഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അതിന് കനത്ത വില നൽകേണ്ടി വരും.
യുവന്റസ് ജഴ്‌സിയിൽ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറിയ ക്രിസ്റ്റ്യാനോ ഇരുപത്തൊമ്പതാം മിനിറ്റിലാണ് കനത്ത വിവാദമിളക്കി വിട്ട് ചുവപ്പ് കാർഡ് കണ്ടത്. രണ്ടു കളികളിലെങ്കിലും വിലക്ക് കിട്ടുകയാണെങ്കിൽ തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോക്ക് കളിക്കാനാവില്ല. ശിക്ഷ എത്ര വേണമെന്ന് 27 നാണ് യുവേഫ തീരുമാനിക്കുക. റെഡ് കാർഡ് കിട്ടിയ ശേഷം പ്രതിഷേധം പ്രകടിപ്പിക്കുകയും നിലത്തു വീഴുകയുമൊക്കെ ചെയ്തത് ഫിഫയുടെ ദ ബെസ്റ്റ് അവാർഡ് പരിഗണനയിൽ ക്രിസ്റ്റ്യാനോക്ക് എതിരാവാനും സാധ്യതയുണ്ട്. കളിക്കാരന്റെ പെരുമാറ്റ രീതികളും പരിഗണിച്ചാണ് ഫിഫ അവാർഡ് നൽകുന്നത്.
ഒരു മണിക്കൂറോളം ക്രിസ്റ്റ്യാനോ ഇല്ലാതെ കളിച്ചെങ്കിലും യുവന്റസ് 2-0 ന് വലൻസിയയെ തോൽപിച്ചു. രണ്ട് മികച്ച അവസരങ്ങളൊരുക്കി ക്രിസ്റ്റ്യാനോ നന്നായി തുടങ്ങിയതായിരുന്നു. എന്നാൽ ഡിഫന്റർ ജെയ്‌സൻ മൂറിയോയുമായി കാൽ കുടുങ്ങി വീണതോടെ നാടകീയമായി സംഭവങ്ങൾ മാറിമറിഞ്ഞു.
ചവിട്ടാനോങ്ങിയ ശേഷം ഡിഫന്ററുടെ തലയിൽ തൊട്ടതാണ് വിവാദമായത്. മഞ്ഞക്കാർഡ് അർഹിക്കുന്ന തെറ്റിന് റഫറി ഫെലിക്‌സ് ബ്രീഷ് അസിസ്റ്റന്റുമായി ആലോചിച്ച് ചുവപ്പ് കാർഡ് നൽകി. റയൽ മഡ്രീഡിൽ നിന്ന് ഈ സീസൺ തുടക്കത്തിൽ കൂടുമാറിയ ശേഷം സ്‌പെയിനിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ വരവായിരുന്നു ഇത്. രണ്ട് പെനാൽട്ടികൾ ലക്ഷ്യത്തിലെത്തിച്ച മിരാലെം പ്യാനിച്ചാണ് യുവന്റസിനെ രക്ഷിച്ചത്. വലൻസിയക്കും പെനാൽട്ടി കിട്ടിയെങ്കിലും യവന്റസ് ഗോളി വോയ്‌സിയേച് സെസസ്‌നി രക്ഷിച്ചു.
ക്രിസ്റ്റ്യാനോയുടെ പതിനൊന്നാമത്തെ ചുവപ്പ് കാർഡാണ് ഇത്. 154 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ആദ്യത്തേതും. റഫറിയുടെ നടപടി മുപ്പത്തിരണ്ടുകാരനെ ഞെട്ടിച്ചു. തേങ്ങിക്കരഞ്ഞും നിലത്തു വീണു കിടന്നുമൊക്കെയാണ് നിരാശ പ്രകടിപ്പിച്ചത്. ഒക്‌ടോബർ രണ്ടിന് യംഗ് ബോയ്‌സിനെതിരായ കളി ക്രിസ്റ്റ്യാനോക്ക് നഷ്ടപ്പെടും. യുനൈറ്റഡിനെതിരെയാണ് പിന്നീട് രണ്ടു മത്സരങ്ങളിൽ യുവന്റസിന് കളിക്കേണ്ടത്.