Sorry, you need to enable JavaScript to visit this website.

പുനഃസംഘടന കോൺഗ്രസ് ഗതികേട്  വ്യക്തമാക്കി -പി.എസ്. ശ്രീധരൻ പിള്ള

തൃശൂർ- കെ.പി.സി.സി പുനഃസംഘടനയിലൂടെ കോൺഗ്രസിന്റെ ഗതികേടാണ് വ്യക്തമായിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലൂടെ അധികാരം നൽകിയില്ലെങ്കിൽ അസംതൃപ്തരായ നേതാക്കളെ പിടിച്ചു നിർത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നതെന്നും അതുകൊണ്ടാണ് കേട്ടുകേൾവി പോലുമില്ലാത്ത ഈ നടപടിയുണ്ടായതെന്നും ശ്രീധരൻ പിള്ള തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
കെ.പി.സി.സി പ്രസിഡന്റ് ഒരു വഴിക്കു പോകുമ്പോൾ വർക്കിംഗ് പ്രസിഡന്റുമാർ മൂന്നു വഴിക്ക് വലിക്കുന്ന സ്ഥിതിയാണ് ഇനി വരാൻ പോകുന്നതെന്നും പാർട്ടിയുടെ ദൗർബല്യവും ആന്തരിക സംഘർഷവുമാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. നാലുപേർ നിയന്ത്രിക്കുന്ന ഈ വണ്ടി അധികം മുന്നോട്ട് പോകില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
തകരുന്ന കപ്പലായ കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന തോന്നൽ നേതാക്കൾക്കു വരെയുണ്ട്. ബി.ജെ.പിയിലേക്ക് കെ. സുധാകരൻ അടക്കം ആർക്കും കടന്നുവരാമെന്നും ശ്രീധരൻ പിളള പറഞ്ഞു.  തങ്ങളുടെ പാർട്ടിയിൽ ജനകീയ നേതാക്കൾ ഇല്ലാഞ്ഞിട്ടല്ലെന്നും തങ്ങളുടെ മനസ്സ് വിശാലമായതിനാലാണ് ഈ ക്ഷണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. ബി.ജെ.പി ക്ഷണിച്ചാൽ പാർട്ടി വിട്ടുവരാൻ തയാറുള്ളവർ സി.പി.എം പ്രാദേശിക നേതാക്കളിൽ വരെയുണ്ട്. ഇനി ജയസാധ്യത ബി.ജെ.പിക്കാണെന്ന് അവർക്കറിയാമെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. 
സംസ്ഥാനത്ത് കോൺഗ്രസിന്റെ അടിത്തറ തകർന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ എവിടെയുമുണ്ടായില്ല. പ്രളയ സമയത്ത് സേവാഭാരതിയും യുവമോർച്ചയുമടക്കമുള്ള വിവിധ സംഘടനകൾ അഹോരാത്രം ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തിയപ്പോൾ  മഷിയിട്ടു നോക്കിയിട്ടും ഒരു യൂത്ത് കോൺഗ്രസുകാരനെ എങ്ങും കണ്ടില്ല. 
തൃശൂർ അടക്കമുള്ള ചില ലോക്‌സഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയിട്ടുണ്ട്. അത്തരം മണ്ഡലങ്ങളിൽ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. എൻ.ഡി.എ. വികസിപ്പിക്കും. ബി.ഡി.ജെ.എസുമായുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്രം കയ്യയച്ചു സഹായിച്ചിട്ടും പ്രളയ ദുരിതാശ്വാസ ഫണ്ടിന് ഉദ്യോഗസ്ഥരും സി.പി.എം പ്രവർത്തകരും ഇടതു ജനപ്രതിനിധികളും ചേർന്ന് നിർബന്ധ പിരിവ് നടത്തുകയാണ്. ഈ പിരിവ് മാഫിയക്കെതിരെ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചതായും ഇത് 25 വരെ നീളുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.
ഡാമുകൾ ഒരേസമയം തുറന്നുവിട്ട് കേരള ഭരണകൂടം ഇരന്നു വാങ്ങിയതാണ് പ്രളയ ദുരന്തം. അതിനാൽ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി.എസ്. ശ്രീധരൻ പിള്ള ആവർത്തിച്ചു. 
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി വളരെ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീകളുടെ സമരത്തോടുള്ള സർക്കാർ നിലപാട് ശരിയല്ല. സ്ത്രീക്കെതിരെയുള്ള അതിക്രമത്തിലും ബലാത്സംഗത്തിലും മതവും രാഷ്ട്രീയവും നോക്കുന്നത് അത്യന്തം ഗുരുതരമായ അവസ്ഥയാണെന്നും പി.എസ്.ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. 

 

Latest News