തൃശൂർ- തിരുവോണം ബംബർ കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ തൃശൂർ അടാട്ടിലെ വീട്ടമ്മക്ക്. പുറനാട്ടുകര വിളക്കുംകാലിന് സമീപം പള്ളത്ത് വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ വത്സല (58) യെയാണ് ഭാഗ്യം കടാക്ഷിച്ചത്. വാടക വീട്ടിലാണ് വത്സലയും കുടുംബവും താമസിക്കുന്നത്. സ്വന്തം വീട് ഒന്നര വർഷം മുമ്പ് തകർന്നുവീണതിനെ തുടർന്നാണ് വത്സലയും കുടുംബവും അടാട്ടെ വാടക വീട്ടിലേക്ക് മാറിയത്.
സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനും പ്രളയ ദുരിതാശ്വാസത്തിലേക്ക് ഒരു വിഹിതം നൽകാനും ലോട്ടറിയടിച്ച തുക വിനിയോഗിക്കുമെന്ന് വത്സല പറഞ്ഞു. 28 വർഷം മുമ്പ് അച്ഛൻ ശങ്കരന് തമിഴ്‌നാട് സർക്കാരിന്റെ ഭാഗ്യക്കുറി പത്തു ലക്ഷം ലഭിച്ചിരുന്നുവെന്നും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്ന അന്ന് ആ തുക കുടുംബത്തിനു വലിയ ആശ്വാസമായിരുന്നുവെന്നും വത്സല ഓർക്കുന്നു. വത്സല സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ട്. ചിലപ്പോൾ പത്തോ പതിനഞ്ചോ ടിക്കറ്റുകൾ ഒന്നിച്ചു വാങ്ങും. അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഇനിയും ലോട്ടറിയെടുക്കുമെന്ന് കോടിയടിച്ച ടിക്കറ്റ് കയ്യിൽവെച്ച് ചെറുചിരിയോടെ വത്സല പറഞ്ഞു.
ഓണം ബംബർ ടിക്കറ്റ് തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള എസ്.എസ്. മണിയൻ ഏജൻസിയിൽനിന്നാണു വാങ്ങിയത്. ഒറ്റ ടിക്കറ്റേ വാങ്ങിയുള്ളൂ.
വിധു, വിനീഷ്, വിബിൻ എന്നിവരാണ് മക്കൾ. വിധുവിന്റേയും ചിറ്റിലപ്പിള്ളിയിൽ ചെറിയ കട നടത്തുന്ന മകൻ വിനീഷിന്റേയും വിവാഹം കഴിഞ്ഞു. ഇളയ മകൻ വിബിൻ സ്‌പെയർ പാർട്‌സ് കടയിൽ ജോലി ചെയ്യുകയാണ്. ഇളയ മകന്റെ വിവാഹവും വത്സലയുടെ സ്വപ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ്.
വത്സല സമ്മാനാർഹമായ ടിബി 128092 നമ്പർ ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. കമ്മീഷനും നികുതിയും കഴിച്ച് 6.34 കോടി രൂപ വൽസലയ്ക്കു ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിനും കിട്ടും ഒരു കോടി രൂപയുടെ സമ്മാനം.
വത്സലയുടെ ഭാഗ്യവിശേഷമറിഞ്ഞ് വൻതിരക്കാണ് കോടിപതിയായ ഭാഗ്യവതിയെ കാണാൻ വീട്ടിൽ അനുഭവപ്പെടുന്നത്.