കൊച്ചി - അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളിൽ ഒരാൾ കീഴടങ്ങി. രണ്ടാം പ്രതി ആലുവ ചുണങ്ങംവേലി സ്വദേശി ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25) ആണ് ഇന്നലെ പോലീസിനു മുന്നിൽ കീഴടങ്ങിയത്.
കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റാണ് ആരിഫ് ബിൻ. ആരിഫ് ഉൾപ്പെടെ കേസിൽ നേരിട്ട് പങ്കുള്ള എട്ട് പ്രതികൾക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്നായിരുന്നു കീഴടങ്ങൽ. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉൾപ്പെടെ കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ 20 ആയി. കേസിൽ ആകെ 28 പ്രതികളാണുള്ളത്.
അഭിമന്യുവിനെ ആക്രമിച്ചതിലും ആരിഫിന് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. മഹാരാജാസ് കോളേജിൽ പോസ്റ്ററെഴുതാൻ ആളുകളെ സംഘടിപ്പിച്ചതും തുടർന്ന് ആക്രമണത്തിന് ആളുകളെ എത്തിച്ചതും ആരിഫാണെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ആരിഫ് ബിൻ സലീമിന്റെ സഹോദരൻ ആദിൽ ബിൻ സലീം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ പിതാവ് മുഹമ്മദ് സലീം, ഹാദിയ കേസിലെ വിധിയിൽ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിലെ അക്രമത്തിന് പിടിയിലായിരുന്നു.
കേസിൽ നേരിട്ട് പങ്കുള്ള 16 പ്രതികളാണുള്ളത്. ഇതിൽ ഇനി ഏഴ് പ്രതികൾ കൂടിയാണ് പിടിയിലാകാനുള്ളത്. ഒമ്പതാം പ്രതി വി.എൻ. ഷിഫാസ് (23), 10 ാം പ്രതി സഹൽ (21), 11 ാം പ്രതി ജിസാൽ റസാഖ് (21), 12 ാം പ്രതി മുഹമ്മദ് ഷഹീം (31), 14ാം പ്രതി പി.എം. ഫായിസ് (20), 15 ാം പ്രതി തൻസീൽ (25), 16 ാം പ്രതി സനിദ് (26) എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് ആരിഫ് അടക്കം എട്ട് പേരെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പിടിയിലായവരുടെ പങ്കാളിത്തം തെളിയിക്കുന്ന കുറ്റപത്രം വൈകാതെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. അഭിമന്യുവിനെയും മറ്റ് എസ്.എഫ്.എ പ്രവർത്തകരെയും കുത്തിയ ആയുധം, കുത്തിയ ആളുകൾ എന്നിവയെക്കുറിച്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 125 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണ്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 16 പ്രതികളിൽ ഒമ്പതു പേരാണ് ഇതോടെ അറസ്റ്റിലായത്. ബാക്കി ഏഴ് പേർക്കെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രി 12.30 ഓടെയാണ് കൊല ചെയ്യപ്പെട്ടത്.