റിയാദ്- വനിതകളുടെ കാറുകളിലെ തകരാറുകൾ നന്നാക്കുന്നതിനും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ലേഡീസ് വർക്ക് ഷോപ്പുകളും ലേഡീസ് ട്രാഫിക് പോലീസ് വിഭാഗങ്ങളും ആരംഭിക്കണമെന്ന് സൗദി യുവതികൾ ആവശ്യപ്പെട്ടു. നിലവിൽ കാറുകൾ കേടാകുമ്പോൾ പുരുഷന്മാർ ജോലി ചെയ്യുന്ന വർക്ക് ഷോപ്പുകളെ സമീപിക്കുന്നതിന് വനിതകൾ നിർബന്ധിതരാവുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ പുരുഷ ഉപയോക്താക്കളുമുണ്ടാകും. ഇത് തങ്ങൾക്ക് പ്രയാസമുണ്ടാക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ തകരാറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അജ്ഞത വർക്ക് ഷോപ്പ് ജീവനക്കാർ മുതലെടുക്കുകയുമാണെന്ന് സൗദി യുവതികൾ പറഞ്ഞു.
പുരുഷന്മാർ നിറയെയുള്ള വർക്ക് ഷോപ്പുകളിലേക്ക് കാറുമായി പോകുന്നതിന് തനിക്ക് നാണമാണെന്ന് സുമയ്യ ഇബ്രാഹിം പറഞ്ഞു. കാർ നന്നാക്കി കഴിയുന്നതു വരെ വർക്ക് ഷോപ്പിൽ കാത്തിരിക്കുന്നതിനും ബുദ്ധിമുട്ടാണ്. തങ്ങളുടെ സ്വകാര്യതയും സൗകര്യവും മാനിച്ച് ലേഡീസ് വർക് ഷോപ്പുകൾ രാജ്യത്തുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സുമയ്യ പറഞ്ഞു. കാർ കേടാകുമ്പോൾ വർക്ക് ഷോപ്പുകളിൽ കൊണ്ടുപോയി നന്നാക്കുന്നതിന് ബന്ധുക്കളുടെയോ അയൽവാസികളുടെയോ സഹായം തേടുകയാണ് ചെയ്യുന്നതെന്ന് ജുമാന അസീരി പറഞ്ഞു. ഇങ്ങനെ സഹായിക്കുന്നതിന് അവർക്ക് പണം നൽകേണ്ടി വരുന്നുണ്ട്. ഇത് തനിക്ക് പ്രയാസമുണ്ടാക്കുകയാണ്. ലേഡീസ് വർക്ക് ഷോപ്പുകളുണ്ടാകുന്നത് സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാകുമെന്നും ജുമാന പറഞ്ഞു.
തകരാറുകളെ കുറിച്ച അജ്ഞത മുതലെടുത്ത് കൂടുതൽ പണം ഈടാക്കുന്നതിന് കേടുകളുടെ നീണ്ട പട്ടികയാണ് വർക്‌ഷോപ്പ് ജീവനക്കാർ നൽകുന്നതെന്ന് നോഫ് അൽജാബിർ പറഞ്ഞു. മോശം സേവനത്തിന് ഉയർന്ന നിരക്കാണ് വർക്‌ഷോപ്പ് ജീവനക്കാർ വനിതകളിൽ നിന്ന് ഈടാക്കുന്നത്. ലേഡീസ് വർക്ക് ഷോപ്പുകളുണ്ടാകുന്ന പക്ഷം സ്വകാര്യത ഉറപ്പുവരുത്തി കാറുകളിലെ തകരാറുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും റിപ്പയറിംഗ് ജോലികളെ കുറിച്ച് മനസ്സിലാക്കുന്നതിനും സാധിക്കുമെന്ന് നോഫ് പറഞ്ഞു.
ലേഡീസ് വർക്‌ഷോപ്പുകൾ ആരംഭിക്കുന്നതിന് താൻ ഒരുക്കമാണെന്ന് വനിതാ വ്യവസായി അസീസ അസീരി പറഞ്ഞു. എന്നാൽ ഇതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ആവശ്യമാണ്. ലേഡീസ് വർക്‌ഷോപ്പുകൾ ആരംഭിക്കുന്നത് വനിതാ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും വലിയ ലാഭം നേടുന്നതിനും നിലവിൽ വനിതാ ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. നിലവിൽ ഇത്തരം ജോലികൾ നിർവഹിക്കുന്നതിന് യോഗ്യരായ സൗദി വനിതകൾ രാജ്യത്തില്ല. ലേഡീസ് വർക്ക് ഷോപ്പുകൾ ആരംഭിക്കുന്നതിനു മുമ്പായി വാഹന റിപ്പയറിംഗ് ജോലികളിൽ വനിതകൾക്ക് പരിശീലനം നൽകുന്ന കോഴ്‌സുകൾ തുടങ്ങുകയാണ് വേണ്ടതെന്ന് അസീസ അസീരി പറഞ്ഞു.