റിയാദ്- ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർ രോഗത്തിന് ഒരു തവണ ഡോക്ടറെ കണ്ട് പതിനാലു ദിവസത്തിനകം അതേ രോഗത്തിന് വീണ്ടും ഡോക്ടറെ കാണുകയാണെങ്കിൽ പരിശോധനാ ഫീസ് ഈടാക്കാൻ പാടില്ലെന്ന വ്യവസ്ഥ നടപ്പാക്കുന്നത് നീട്ടിവെച്ചതായി കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർ ഒരു രോഗത്തിന് ഒരു തവണ ഡോക്ടറെ കണ്ട് ഏഴു ദിവസത്തിനകം അതേ രോഗത്തിന് വീണ്ടും ഡോക്ടറെ കാണുകയാണെങ്കിൽ നിലവിൽ പരിശോധനാ ഫീസ് നൽകേണ്ടതില്ല. ഇത് പതിനാലു ദിവസമായി ദീർഘിപ്പിക്കുന്നതിന് കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം സേവന ദാതാക്കളായ ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും കൗൺസിൽ കഴിഞ്ഞ മാസം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ പതിനാലു ദിവസത്തിനകമുള്ള രണ്ടാമത്തെ പരിശോധന സൗജന്യമാക്കുന്നതിന് ആശുപത്രി വിസമ്മതിക്കുന്നതായി രോഗികളിൽ ഒരാൾ കഴിഞ്ഞ ദിവസം കൗൺസിലിന് പരാതി നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പുതിയ തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കൗൺസിൽ അറിയിച്ചത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ക്രമീകരിക്കുന്ന പുതിയ നിയമാവലി നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഇതാകാം രണ്ടാഴ്ചക്കകമുള്ള പരിശോധന സൗജന്യമാക്കുന്നതിനുള്ള തീരുമാനവും നീട്ടിവെക്കുന്നതിന് കൗൺസിലിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽ നിന്ന് സേവന ദാതാക്കൾ പിടിക്കുന്ന തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഡിസ്‌കൗണ്ടുകൾ കഴിച്ചുള്ള പരിശോധനാ, ചികിത്സാ ചെലവിന്റെ നെറ്റ് തുകയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കേണ്ടത്. അല്ലാതെ ആകെ തുകയുടെ അടിസ്ഥാനത്തിലല്ല. ഇക്കാര്യം അറിയിച്ച് ഇൻഷുറൻസ് കമ്പനികൾക്കും സേവന ദാതാക്കളായ അംഗീകൃത ആരോഗ്യ സേവന കേന്ദ്രങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ടെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് യാസിർ അൽ മആരിക് പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് നിയമവും ഏകീകൃത പോളിസി വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്കും സേവന ദാതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഏകീകൃത പോളിസിയുടെ ഭാഗമായി ഒപ്പുവെക്കുന്ന കരാറിൽ അനുശാസിക്കുന്നതിൽ കൂടുതൽ അനുപാതം തുക പരിരക്ഷയുള്ളവരുടെ മേൽ ചുമത്തുന്നതിന് തൊഴിലുടമക്കോ ഇൻഷുറൻസ് കമ്പനിക്കോ അവകാശമില്ല. തൊഴിലുടമയുമായി ധാരണയിലെത്തിയതു പ്രകാരം ചികിത്സാ ചെലവിന്റെ എത്ര ശതമാനമാണോ ഗുണഭോക്താക്കൾ വഹിക്കേണ്ടതെങ്കിൽ അത് ഇൻഷുറൻസ് കാർഡിൽ കമ്പനികൾ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.
ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടറെ കാണുമ്പോൾ ഗുണഭോക്താക്കൾ നൽകുന്ന നിശ്ചിത അനുപാതം അനുസരിച്ച തുക ഡോക്ടറുടെ കൺസൾട്ടിംഗ്, ആവശ്യമായ ലാബ് ടെസ്റ്റുകൾ, എക്‌സ്‌റേ, മരുന്നുകൾ, മറ്റു ചികിത്സാ വസ്തുക്കൾ, ഫോളോ അപ് വിസിറ്റ്, ഇതേ രോഗത്തിന് മറ്റു ആശുപത്രികളിലേക്കോ ഡോക്ടറുടെ അടുത്തേക്കോ റഫർ ചെയ്യൽ എന്നിവക്കെല്ലാമുള്ള ചെലവുകൾ ഉൾപ്പെടുന്നു. ഇവക്കെല്ലാം ഓരോന്നിനും പ്രത്യേകം പ്രത്യേകം നിശ്ചിത അനുപാതം തുക പിടിക്കാൻ പാടില്ല. ഇൻഷുറൻസ് കമ്പനി നിശ്ചയിച്ച നെറ്റ്‌വർക്കിൽ പെടുന്ന ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിന് ഇരുപതു ശതമാനം പരമാവധി 75 റിയാൽ വരെയും നെറ്റ്‌വർക്കിന് പുറത്തെ ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിന് ഇരുപതു ശതമാനം പരമാവധി 300 റിയാൽ വരെയും നെറ്റ്‌വർക്കിനു പുറത്തെ മറ്റു സേവന ദാതാക്കളിൽ ഡോക്ടറെ കാണുന്നതിന് ഇരുപതു ശതമാനം പരമാവധി 100 റിയാൽ വരെയും മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽ നിന്ന് പിടിക്കാൻ പാടുള്ളൂ.
തൊഴിലുടമക്ക് ഇൻഷുറൻസ് പോളിസി ഇഷ്യു ചെയ്ത ശേഷം നിശ്ചിത മെഡിക്കൽ നെറ്റ്‌വർക്കിൽ പെട്ട ഏതെങ്കിലും സേവന ദാതാവിനെ ഒഴിവാക്കുന്നതിനോ മാറ്റുന്നതിനോ ഇൻഷുറൻസ് കമ്പനിക്ക് അവകാശമില്ല. തട്ടിപ്പുകൾ നടത്തിയും മറ്റും കരാർ വ്യവസ്ഥകൾ സേവന ദാതാക്കൾ ലംഘിക്കുന്ന പക്ഷവും സേവന ദാതാക്കൾ കരാർ അവസാനിപ്പിക്കുന്ന സന്ദർഭങ്ങളിലും അത്തരം സ്ഥാപനങ്ങളെ നെറ്റ്‌വർക്കിൽ നിന്ന് ഒഴിവാക്കുന്നതിന് തടസ്സമില്ല. ഇത്തരം സന്ദർഭങ്ങളിൽ എത്രയും വേഗം അതേ നിലവാരത്തിലുള്ള ബദൽ ആശുപത്രികളെ ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കണം. അത്യാഹിത ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ഗുണഭോക്താക്കളിൽ നിന്ന് നിശ്ചിത അനുപാതം തുക ഇൻഷുറൻസ് കമ്പനികളും സേവന ദാതാക്കളും ഈടാക്കാവതല്ല. തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ച് സ്വകാര്യ മേഖലാ ജീവനക്കാർ 920001177 എന്ന നമ്പറിൽ കോൾ സെന്റിൽ ബന്ധപ്പെട്ടോ ഇ-മെയിൽ വഴിയോ ആപ്പ് വഴിയോ സാമൂഹിക മാധ്യമങ്ങളിലെ പ്ലാറ്റ്‌ഫോമുകളിലൂടെയോ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിനെ അറിയിക്കണമെന്ന് കൗൺസിൽ വക്താവ് യാസിർ അൽ മആരിക് ആവശ്യപ്പെട്ടു.