ജിദ്ദ- ഹറമൈൻ ട്രെയിനിൽ ഒക്‌ടോബർ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഹറമൈൻ ട്രെയിൻ പദ്ധതി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് ഫിദാ പറഞ്ഞു. ഇതോടൊപ്പം സ്മാർട്ട് ഫോണുകൾ വഴി ടിക്കറ്റുകൾ വാങ്ങുന്നതിന് യാത്രക്കാരെ സഹായിക്കുന്ന ആപ്പും പുറത്തിറക്കും. റെയിൽവേ സ്റ്റേഷനുകളിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലങ്ങൾ വാടകക്ക് നൽകുന്നതിന് തുടങ്ങിയിട്ടുണ്ട്.
യാത്രക്കാരുടെ സേവനത്തിന് വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട നിരവധി വ്യാപാര സ്ഥാപനങ്ങൾ റെയിൽവേ സ്റ്റേഷനുകളിലുണ്ടാകും. മുഴുവൻ സ്റ്റേഷനുകളിലും ഹെലിപാഡുകളും കാർ പാർക്കിംഗുകളും സിവിൽ ഡിഫൻസ് കേന്ദ്രങ്ങളും മസ്ജിദുകളും ബിസിനസ് ക്ലാസ് യാത്രക്കാർക്കുള്ള ലോഞ്ചുകളും ബസ്, ടാക്‌സി സ്റ്റേഷനുകളുമുണ്ടാകുമെന്ന് മുഹമ്മദ് ഫിദാ പറഞ്ഞു.
മേഖലയിലെ ഏറ്റവും വലിയ ഗതാഗത പദ്ധതിയായ ഹറമൈൻ ട്രെയിൻ പദ്ധതി മദീനയിൽ വെച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യും.
ബില്യൺ കണക്കിന് റിയാൽ ചെലവഴിച്ച് നടപ്പാക്കിയ മറ്റേതാനും പദ്ധതികളും രാജാവ് പ്രവാചക നഗരിയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. രാവിലെ എട്ടിനും പത്തിനും ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് അഞ്ചു മണിക്കും ആയി ഒരു ദിശയിൽ ദിവസത്തിൽ നാലു സർവീസുകൾ വീതമാണ് തുടക്കത്തിലുണ്ടാവുക. അടുത്ത വർഷാദ്യം മുതൽ സർവീസുകളുടെ എണ്ണം ആറായി ഉയർത്തും. യാത്രക്കാരിൽ നിന്നുള്ള ആവശ്യം വർധിക്കുന്നതിന് അനുസൃതമായി പിന്നീട് സർവീസുകളുടെ എണ്ണം ഉയർത്തും.
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ട്രെയിൻ പദ്ധതി യാഥാർഥ്യമാക്കുന്നത്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്തുന്നതിന് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം (1439) 70 ലക്ഷത്തോളം ഉംറ തീർഥാടകരും 18 ലക്ഷം ഹജ് തീർഥാടകരുമാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെ തിരക്കും വാഹനങ്ങളുടെ പുക മൂലമുള്ള പരിസ്ഥിതി മലിനീകരണവും വലിയ ഒരു അളവോളം കുറയ്ക്കുന്നതിന് ഹറമൈൻ ട്രെയിൻ പദ്ധതി സഹായിക്കും.
പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിന് സാധിക്കുന്ന ശേഷിയിലാണ് ഹറമൈൻ ട്രെയിൻ പദ്ധതി രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക. ഓരോ ട്രെയിനിലും 417 സീറ്റുകൾ വീതമുണ്ടാകും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ട് ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ.