Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന്  60 പവൻ തട്ടി; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് 60 പവൻ സ്വർണം തട്ടിയെടുത്ത യുവാവിനെയും കൂട്ടാളിയെയും കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി തെയ്യനാട് വള്ളിക്കാട്ട് വീട്ടിൽ സിബിൻ (30), പൊന്നാനി നായരങ്ങാടി തൈവളപ്പിൽ നിഷ എന്ന ഹയറുന്നീസ (38) എന്നിവരാണ് അറസ്റ്റിലായത്.
കുന്നംകുളം ഭാഗത്തേക്ക് വിവാഹം കഴിച്ചു വന്ന എരമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. യുവതിയും നിഷയും മുൻപരിചയക്കാരാണ്. നിഷ വഴിയാണ് യുവതി പൊന്നാനി സ്വദേശിയായ സിബിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് ചാറ്റിംഗും പതിവായിരുന്നു. ഇതിനിടെ സിബിൻ തന്റെ പ്രാരബ്ധങ്ങളും വിഷമങ്ങളും യുവതിയുമായി പങ്കുവയ്ക്കുകയും താല്ക്കാലിക സഹായമെന്ന നിലയിൽ സ്വർണം ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ നിഷയെന്ന ഹയറുന്നീസയും യുവതിയെ പാട്ടിലാക്കി 20 പവനോളം സ്വർണം കൈക്കലാക്കി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പല തവണകളായാണ് സിബിൻ യുവതിയിൽ നിന്നും സ്വർണം കൈക്കലാക്കിയത്. യുവതിക്ക് എട്ടു വയസുള്ള കുട്ടിയുണ്ട്. ഭർത്താവ് വിദേശത്താണ്. ഒടുവിൽ താലി ഒഴികെ എല്ലാ സ്വർണവും സിബിനും നിഷയും ചേർന്ന് കൈക്കലാക്കി.
താലിമാലയുടെ വ്യത്യാസം കണ്ട് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് ഇത് റോൾഡ് ഗോൾഡ് ആണെന്നും, ഉണ്ടായ കാര്യങ്ങളും പുറത്തായത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ചേർന്ന് തട്ടിയെടുത്ത സ്വർണം പല സ്ഥലങ്ങളിലായി പണയം വെച്ചിരിക്കുകയാണ്. സിബിൻ മറ്റു പല സ്ത്രീകളുമായും പരിചയപ്പെട്ട് ഇതുപോലെ പണവും സ്വർണവും തട്ടിയെടുത്ത വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പലരും മാനഹാനി ഭയന്ന് സിബിനെതിരെ കേസിനു പോയിട്ടില്ല. നിഷക്കെതിരെ പൊന്നാനി സ്‌റ്റേഷനിൽ രണ്ട് വഞ്ചനാ കേസുകൾ നിലവിലുണ്ട്.
 

Latest News