Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ദുരിത ജീവിതം പിന്നിട്ട് 14 ഇന്ത്യക്കാര്‍ നാടണഞ്ഞു

റിയാദിലെത്തി ദുരിതത്തിലായതിനു ശേഷം മടങ്ങിയ തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കൊപ്പം.

റിയാദ്-- പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിന് പോലും വകയില്ലാതെ ദുരിതക്കയത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ തുണയോടെ നാട്ടിലെത്തി. റിയാദിലെ നദീം ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന റെഡിമിക്‌സ് കമ്പനി ജീവനക്കാരാണ് നരകയാതന അനുഭവിച്ചത്. ഇഖാമ പുതുക്കാനും കമ്പനി തയാറാകാതിരുന്നത് ഇവരുടെ പ്രയാസത്തിന്റെ ആഴം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ തൊഴിലാളികള്‍. നിരന്തരമായി ശമ്പളവും ഭക്ഷണത്തിനുള്ള പണവും ചോദിച്ചപ്പോള്‍ കമ്പനി ഉടമകള്‍ ഇവരെ താമസ സ്ഥലത്തു നിന്ന് ഇറക്കി വിടുകയായിരുന്നു.
ഗത്യന്തരമില്ലാതെ അലയുമ്പോഴാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രദ്ധയില്‍ ഇവരുടെ വിഷയം പെടുന്നത്. തൊഴിലാളികളുടെ ദുരവസ്ഥ മനസിലാക്കിയ സാമൂഹ്യ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.
വൈകാതെ, കമ്പനിയിലെത്തി അധികൃതരുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനി ഞങ്ങള്‍ വാങ്ങിയിരിക്കുകയാണെന്നും തങ്ങള്‍ക്ക് തൊഴിലാളികളെ വേണ്ട എന്നും പറഞ്ഞായിരുന്നു ഇവര്‍ സാമൂഹ്യ പ്രവര്‍ത്തകരെ പറഞ്ഞുവിട്ടത്. എന്നാല്‍ പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസ്സിലായതോടെ, പിറ്റേ ദിവസം ലേബര്‍ കോടതിയിലെത്തി കേസ് ഫയല്‍ ചെയ്തു. കേസ് അവസാനിച്ചു തൊഴിലാളികള്‍ നാട്ടില്‍ പോകും വരെയും കമ്പനിയുടെ താമസ സ്ഥലത്തു തന്നെ താമസിക്കാനുള്ള അനുവാദം നല്‍കണമെന്ന് പരാതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. പരാതി ഗൗരവപരമായി എടുത്ത ലേബര്‍ കോടതി രണ്ട് ഉദ്യോഗസ്ഥരെ പോലീസിന്റെ അകമ്പടിയോടെ കമ്പനിയിലേക്കയച്ചു. തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കോടതി അവര്‍ക്കു അവിടെത്തന്നെ താമസിക്കാനുള്ള നിര്‍ദേശം നല്‍കി.  
തൊഴിലാളികള്‍ക്ക് അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹ്യ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. മൂന്നു മാസമായപ്പോഴേക്കും കോടതി സ്പോണ്‍സറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചു. അതോടെ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ കമ്പനി തയാറായി. സാമൂഹ്യ പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു പ്രകാരം തൊഴിലാളികള്‍ക്ക് 11 മാസത്തെ കുടിശ്ശികയില്‍ ആറു മാസത്തെ ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കാമെന്ന് കമ്പനി വാഗ്ദത്തം ചെയ്യുകയും ഇത് തൊഴിലാളികള്‍ അംഗീകരിക്കുകയുമായിരുന്നു. കൊടിയ ദുരിതം അനുഭവിച്ച കാലത്ത് തങ്ങളെ എല്ലാം മറന്നു സഹായിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചത്. 

 

 

Latest News