ദമാം - ബോക്‌സിംഗ് മേഖലയില്‍ കരുത്ത് തെളിയിക്കുന്നതിനുള്ള കടുത്ത പരിശീലനത്തിലാണ് ഒരു കൂട്ടം സൗദി യുവതികള്‍. അല്‍കോബാറിലെ ലേഡീസ് സ്‌പോര്‍ട്‌സ് ക്ലബ്ബി(ജിംനേഷ്യം)ലാണ് ഇവര്‍ ബോക്‌സിംഗ് പരിശീലിക്കുന്നത്. ബോക്‌സിംഗ് താരം ഫാത്വിമ അല്‍നഈമിക്ക് കീഴിലാണ് ഇവരുടെ പരിശീലനം. ബോക്‌സിംഗ് മാത്രമല്ല, ജിംനേഷ്യവും മറ്റു ആയോധന കലകളും ഇവര്‍ പരിശീലിക്കുന്നു. കായിക വിനോദങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഫാത്വിമ അല്‍നഈമി കടുത്ത പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി പിങ്ക് ഗ്ലോവ്‌സ് ബോക്‌സിംഗ് പ്രോഗ്രാമില്‍ മാസ്റ്റര്‍ പട്ടം നേടിയിട്ടുണ്ട്. ഈ പദവി നേടുന്ന ആദ്യ സൗദി വനിതയാണ് ഇവര്‍.
അല്‍കോബാറില്‍ മാത്രമല്ല ജിദ്ദയിലും യുവതികള്‍ക്ക് ഫാത്വിമ അല്‍നഈമി ബോക്‌സിംഗ് പരിശീലനം നല്‍കുന്നുണ്ട്. ഇതിനകം 25 യുവതികളെ ഇവര്‍ ബോക്‌സിംഗ് പരിശീലിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി മത്സര വേദിയില്‍ കഴിവുകള്‍ തെളിയിക്കുന്നവര്‍ പിന്നീട് പ്രൊഫഷനല്‍ ബോക്‌സിംഗ് പരിശീലകരായി മാറുന്നു. സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് തങ്ങള്‍ ബോക്‌സിംഗ് പരിശീലിക്കുന്നതെന്ന് യുവതികള്‍ പറയുന്നു. ശാരീരിക ഫിറ്റ്‌നെസ് മാത്രമല്ല, മനക്കരുത്തും ബുദ്ധികൂര്‍മതയും ബോക്‌സിംഗ് പരിശീലനത്തിലൂടെ ലഭിക്കുമെന്ന് ബോക്‌സിംഗ് പരിശീലിക്കുന്ന ഇസ്‌റാ ഖാദിരി പറഞ്ഞു. ശാരീരിക, മാനസിക ഫിറ്റ്‌നെസ് നേടുന്നതിനും വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന ബോക്‌സിംഗ് പഠിക്കുന്നതിന് യുവതികള്‍ മുന്നോട്ടുവരണമെന്ന് ഇസ്‌റാ ഖാദിരി ആവശ്യപ്പെട്ടു.
മുമ്പ് ബോക്‌സിംഗ് പുരുഷന്മാരുടെ കുത്തകയായിട്ടാണ് സമൂഹം കണ്ടിരുന്നത്. സ്ത്രീകള്‍ക്ക് ബോക്‌സിംഗ് അഭ്യസിക്കല്‍ ദുഷ്‌കരമാണെന്നായിരുന്നു പൊതുധാരണ. പിന്നീട് ചില ക്ലബ്ബുകള്‍ സ്ത്രീകള്‍ക്കും ബോക്‌സിംഗ് പരിശീലനം നല്‍കാന്‍ തുടങ്ങി. ബോക്‌സിംഗ് അഭ്യസിക്കാത്ത യുവതികളുടെ തലമുറക്ക് ബോക്‌സിംഗ് പരിശീലിക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് ഫാത്വിമ അല്‍നഈമി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. ജീവിതത്തിന്റെ സമ്മര്‍ദങ്ങള്‍ നേരിടുന്നതിന് ബോക്‌സിംഗ് സ്ത്രീകളെ സഹായിക്കും. ബോക്‌സിംഗ് സ്ത്രീകളെ ശാരീരികമായും മാനസികമായും കൂടുതല്‍ കരുത്തരാക്കി മാറ്റും. സൗദിയില്‍ സ്ത്രീകള്‍ക്കിടയില്‍ ബോക്‌സിംഗിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് ഫാത്വിമ അല്‍നഈമി പ്രതീക്ഷിക്കുന്നത്. വൈകാതെ സ്‌കൂളുകളിലും വിദ്യാര്‍ഥിനികള്‍ക്ക് ബോക്‌സിംഗ് പരിശീലന ക്ലാസുകള്‍ നടത്തുന്ന സാഹചര്യമുണ്ടായേക്കുമെന്ന് ഇവര്‍ കരുതുന്നു.