വടകര- ലോട്ടറി ടിക്കറ്റ് ചുരണ്ടി സമ്മാനം തട്ടിയെടുത്ത് മുങ്ങിയ ആളെ തേടുകയാണ് ലോട്ടറി വിൽപനക്കാരൻ. വടകരയിൽ തങ്ങി ലോട്ടറി വിൽക്കുന്ന കോട്ടയം സ്വദേശി ബെന്നിയാണ് കബളിപ്പിക്കപ്പെട്ടത്.
പതിനാറിനു നറുക്കെടുത്ത പൗർണമി ഭാഗ്യക്കുറിയുടെ അഞ്ഞൂറ് രൂപയുടെ സമ്മാനമാണ് തട്ടിയെടുത്തത്. ക്യൂൻസ് റോഡിനു സമീപം ലോട്ടറി വിൽക്കുന്നതിനിടയിലാണ് അറുപത് വയസ് തോന്നിക്കുന്ന ആൾ ഭാഗ്യക്കുറിയുമായി ബെന്നിയെ സമീപിച്ചത്. ഫലം നോക്കിയപ്പോൾ 6332 നമ്പറിന് അഞ്ഞൂറ് രൂപയുണ്ട്. ഇതിനു പകരമായി 250 രൂപയുടെ ബമ്പർ ടിക്കറ്റും 30 രൂപയുടെ മറ്റൊരു ടിക്കറ്റും ബാക്കി 220 രൂപയും നൽകി. ഇയാളുടെ കൈവശം 6332 ൽ അവസാനിക്കുന്ന വേറെയും ടിക്കറ്റ് ഉണ്ടായിരുന്നു. അതിന്റെ പണം വേണ്ടേ എന്ന് ചോദിച്ചപ്പോൾ അത് താൻ വേറെ വിൽപനക്കാരന് കൊടുക്കാൻ വെച്ചതാണെന്ന് പറഞ്ഞ് സ്ഥലംവിട്ടു. പിന്നീട് സംശയം തോന്നിയ ബെന്നി വടകരയിലെ ഏജന്റിന്റെ കടയിൽ കൊടുത്തപ്പോഴാണ് കബളിപ്പിക്കപ്പെട്ടതറിയുന്നത്. ആർ.ജി 256882 ലെ 88 സമർഥമായി ചുരണ്ടി 33 ആക്കിയാണ് സമ്മാനം തട്ടിയെടുത്തത്.
മാന്യമായി വസ്ത്രധാരണം ചെയ്ത ആളിന്റെ മുഖം നന്നായി മനസിൽ പതിഞ്ഞ ബെന്നി ഇയാൾക്കായി നഗരം മുഴുവൻ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇക്കാരണത്താൽ കൈയിലുള്ള ടിക്കറ്റുകൾ വിൽക്കാനും സാധിച്ചില്ല. തട്ടിപ്പുകാരന്റെ കൈയിൽ വേറെയും ടിക്കറ്റ് കണ്ട സ്ഥിതിക്ക് ബെന്നി ഇതു സംബന്ധിച്ച് വടകര പൊലിസിൽ പരാതി നൽകി.