ലണ്ടൻ - ഫ്രഞ്ച് ലോകകപ്പ് ഹീറോ കീലിയൻ എംബാപ്പെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പി.എസ്.ജിയുടെ വില്ലനും വീരനുമായി. ഇഞ്ചുറി ടൈമിൽ എംബാപ്പെ കൈവിട്ട പന്തുമായി കുതിച്ച പകരക്കാരൻ റോബർടൊ ഫിർമിനൊ പി.എസ്.ജിക്കെതിരെ ലിവർപൂളിന് 3-2 വിജയം സമ്മാനിച്ചു.
മുപ്പത്താറാം മിനിറ്റാവുമ്പോഴേക്കും ലിവർപൂൾ 2-0 ന് മുന്നിലെത്തിയിരുന്നുവെങ്കിലും പി.എസ്.ജി രണ്ടു ഗോളും തിരിച്ചടിച്ചിരുന്നു. രണ്ടാമത്തേത് എംബാപ്പെയാണ് സ്‌കോർ ചെയ്തത്. എംബാപ്പെയുടെ പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു അത്.
എൺപത്തിമൂന്നാം മിനിറ്റിലാണ് എംബാപ്പെ പി.എസ്.ജിക്ക് സമനില സമ്മാനിച്ചത്. എന്നാൽ ഇഞ്ചുറി ടൈമിൽ എംബാപ്പെയിൽ നിന്ന് ജെയിംസ് മിൽനർ പന്ത് റാഞ്ചി. വിർജിൽ വാൻഡിക് വഴി പന്ത് പിടിച്ച ഫിർമിനൊ വിജയ ഗോൾ കണ്ടെത്തി.
ഡാനിയേൽ സ്റ്ററിജും മിൽനറുമാണ് ലിവർപൂളിന്റെ ആദ്യ ഗോളുകൾ നേടിയത്. തോമസ് മൂനീർ പി.എസ്.ജിയുടെ ഒന്നാമത്തെ ഗോൾ സ്‌കോർ ചെയ്തു. നിലവിലെ റണ്ണേഴ്‌സ്അപ്പായ ലിവർപൂൾ നെയ്മാറിനെയും എംബാപ്പെയെയും സമർഥമായി മെരുക്കി.
ഇരുപതാം ജന്മദിനത്തിൽ സ്‌കോർ ചെയ്ത ക്രിസ്റ്റ്യൻ പുലിസിച് ക്ലബ് ബ്രൂഷെക്കെതിരെ ബൊറൂഷ്യ ഡോർട്മുണ്ടിന് വിജയം നൽകി. മോണകോയെ അത്‌ലറ്റിക്കൊ മഡ്രീഡ് 2-1 ന് തോൽപിച്ചു. ഷാൾക്കെയും പോർടോയും രണ്ടു ഗോൾ പങ്കിട്ടു (1-1). ഷാൾക്കെ ഗോളി റാൾഫ് ഫേർമാൻ ഒരു പെനാൽട്ടി രക്ഷിച്ചു. മറ്റൊന്നിൽ പരാജയപ്പെട്ടു. പോർടൊ ഗോളി ഇകർ കസിയാസിന് ചാമ്പ്യൻസ് ലീഗിൽ ഇത് ഇരുപതാം സീസണാണ്.