കതുനായകെ - ശ്രീലങ്കക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 13 റൺസ് ജയം. എട്ടിന് 168 റൺസെടുത്ത ഇന്ത്യ എതിരാളികളെ 155 ന് പുറത്താക്കി. നാലു വിക്കറ്റെടുത്ത ലെഗ്‌സ്പിന്നർ പൂനം യാദവാണ് ഇന്ത്യയുടെ ഹീറോ. ബാറ്റിംഗിൽ താനിയ ഭാടിയ 35 പന്തിൽ 46 റൺസടിച്ച് ടോപ്‌സ്‌കോററായി. ഓപണർ ജെമീമ റോഡ്രിഗസും അനുജ പാട്ടീലും 36 റൺസ് വീതം സ്‌കോർ ചെയ്തു.
മൂന്നോവറിൽ 39 റൺസ് ചേർത്ത് ചമാര അട്ടപ്പട്ടുവും യശോദ മെൻഡിസും ശ്രീലങ്കക്ക് നല്ല തുടക്കം നൽകിയിരുന്നു. ഏഴോവറിൽ രണ്ടിന് 70 റൺസിലെത്തി അവർ. എന്നാൽ റബേക്ക വാൻഡോർടിനെയും ചമാരി അട്ടപ്പട്ടുവിനെയും തുടർച്ചയായ ഓവറുകളിൽ പൂനം പുറത്താക്കിയതോടെ ശ്രീലങ്കയുടെ കുതിപ്പ് നിലച്ചു. ഇഷാനി ലോകസൂര്യഗെ (31) ഒരറ്റത്ത് പൊരുതിയെങ്കിലും മറുതലക്കൽ ആരും പിന്തുണക്കാനുണ്ടായില്ല.
സ്മൃതി മന്ദാനയെ (0) ആദ്യ പന്തിൽ നഷ്ടപ്പെട്ട ശേഷമാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. മിഥാലി രാജും ജെമീമയും രണ്ടാം വിക്കറ്റിൽ 24 പന്തിൽ 57 റൺസടിച്ചു. നിലാക്ഷി ഡിസിൽവയുടെ തുടർച്ചയായ പന്തുകളിൽ ജെമീമ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു. മിഥാലി പുറത്തായ ശേഷം വന്ന താനിയ നേരിട്ട ആദ്യ നാലു പന്തിൽ മൂന്നും ബൗണ്ടറി കടത്തി. താനിയയും അനുജയും അഞ്ചാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടുണ്ടാക്കി.