Sorry, you need to enable JavaScript to visit this website.

പിതാവിന്റെ ജീവൻ രക്ഷിക്കുന്നതിന് സൗദി യുവതിയുടെ രഹസ്യ വൃക്കദാനം 

ഇസ്മായിൽ അൽസ്വായിഗ്

തബൂക്ക്- വൃക്കരോഗിയായ പിതാവിന്റെ ജീവൻ രക്ഷിക്കുന്നതിന് സൗദി യുവതിയുടെ രഹസ്യ വൃക്ക ദാനം. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായ ശേഷം മാത്രമാണ് തനിക്ക് വൃക്ക ദാനം ചെയ്തത് സ്വന്തം മകൾ തന്നെയാണെന്ന് സൗദി പൗരൻ ഇസ്മായിൽ ആശൂർ അൽസ്വായിഗ് തിരിച്ചറിഞ്ഞത്. ഓപ്പറേഷൻ പൂർത്തിയാകുന്നതുവരെ വൃക്ക ദാനം ചെയ്യുന്ന വ്യക്തി ആരാണെന്ന് സൗദി പൗരനെ ആരും അറിയിച്ചിരുന്നില്ല. പേരു വെളിപ്പെടുത്തുന്നതിന് ആഗ്രഹിക്കാത്ത ഒരാളാണ് വൃക്ക ദാനം ചെയ്യുന്നതിന് മുന്നോട്ടുവന്നത് എന്നാണ് ഇദ്ദേഹത്തോട് ഡോക്ടർമാരടക്കം എല്ലാവരും പറഞ്ഞത്. 
വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്നു വർഷമായി ഇസ്മായിൽ അൽസ്വായിഗ് കടുത്ത ദുരിതത്തിലായിരുന്നു. പിതാവിന്റെ ദുരിതത്തിന് അറുതിയുണ്ടാക്കുന്നതിന് സാധിച്ചതിൽ താൻ അങ്ങേയറ്റം സന്തോഷവതിയാണെന്ന് 24കാരിയായ വലാ ഇസ്മായിൽ അൽസ്വായിഗ് പറഞ്ഞു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസം വീതം പിതാവിന് ഡയാലിസിസ് നടത്തിയിരുന്നു. പിതാവിന് വൃക്ക താൻ നൽകാമെന്ന് പലതവണ പറഞ്ഞെങ്കിലും തന്റെ ഭാവി ജീവിതത്തെ ബാധിച്ചേക്കുമെന്ന് ഭയന്ന് പിതാവ് ഇത് ശക്തിയുക്തം എതിർക്കുകയായിരുന്നു. നേരത്തെ നടത്തിയ രഹസ്യ പരിശോധനയിൽ തന്റെ വൃക്ക പിതാവിൽ മാറ്റിവെക്കുന്നതിന് യോജിച്ചതാണെന്ന് വ്യക്തമായിരുന്നു. 
പിതാവ് കടുംപിടുത്തം തുടരുന്നതിനിടെ അദ്ദേഹം അറിയാതെ രഹസ്യമായി വൃക്ക ദാനം ചെയ്യുന്നതിനെ കുറിച്ച് താൻ മാതാവിനോട് സൂചിപ്പിച്ചു. ഇതിന് മാതാവ് സമ്മതം മൂളുകയായിരുന്നു. മാതാവ് മാത്രമല്ല, സഹോദരനും പിതാവിന് വൃക്ക ദാനം ചെയ്യുന്നതിനെ പിന്തുണച്ചു. ഇതിനു ശേഷമാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ വൃക്ക ദാനം ചെയ്യുന്നതിന് മുന്നോട്ടുവന്നതായി പിതാവിനെ തങ്ങൾ അറിയിച്ചത്. ദിവസങ്ങൾക്കുള്ളിൽ തബൂക്ക് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി. പിതാവിനെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് പിതാവ് അറിയാതെ തന്നെയും തിയേറ്ററിൽ പ്രവേശിപ്പിച്ചത്.
 ഏഴു മണിക്കൂർ നീണ്ട ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി ബോധം തെളിഞ്ഞപ്പോഴാണ് തന്റെ വലതുവശത്തെ ബെഡിൽ തന്റെ അതേ വേഷത്തിൽ ഞാൻ കിടക്കുന്നത് പിതാവ് കണ്ടത്. അപ്പോൾ മാത്രമാണ് വൃക്ക ദാനം ചെയ്തത് ഞാനാണെന്ന സത്യം പിതാവ് തിരിച്ചറിഞ്ഞത്. ഇത്രയുംകാലം തങ്ങളെ ഭംഗിയായി നോക്കിവളർത്തിയ പിതാവിന് തിരിച്ചുനൽകുന്നതിന് സാധിക്കുന്ന ഏറ്റവും ചെറിയ കടമയാണ് ഇതെന്ന് സൂചിപ്പിച്ച് പിതാവിനെ താൻ സമാധാനിപ്പിക്കുകയായിരുന്നെന്ന് വലാ ഇസ്മായിൽ അൽസ്വായിഗ് പറഞ്ഞു. പുത്രിസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സ്വന്തം വൃക്ക രഹസ്യമായി തനിക്ക് ദാനം ചെയ്ത് മകൾ കാണിച്ചതെന്ന് ഇസ്മായിൽ അൽസ്വായിഗ് പറഞ്ഞു. സ്വന്തം ജീവിതം തൃണവൽഗണിച്ചാണ് എന്റെ ജീവൻ രക്ഷിക്കുന്നതിന് മകൾ വൃക്ക ദാനം ചെയ്തത്. ചൈനയിൽ വെച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് റോയൽ കോർട്ടിൽ നിന്ന് തനിക്ക് അനുമതി ലഭിച്ചിരുന്നു. 
ഇതിനുള്ള കടലാസ് ജോലികൾ പൂർത്തിയാക്കുന്നതിന് ഒരു വർഷമോളമെടുത്തു. ചൈനയിൽ വെച്ചുള്ള വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കാലതാമസം നേരിട്ടതോടെയാണ് മകൾ വൃക്ക ദാനം ചെയ്തത്. മകളാണ് വൃക്ക ദാനം ചെയ്യുന്നത് എന്ന കാര്യം തബൂക്ക് മിലിട്ടറി ആശുപത്രി ഡോക്ടർമാരും ജീവനക്കാരും കുടുംബാംഗങ്ങളും തന്നെ അറിയിച്ചിരുന്നില്ലെന്നും ഓപ്പറേഷൻ പൂർത്തിയായശേഷം മാത്രമാണ് അക്കാര്യം താൻ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.  
 

Latest News